Kerala
ചേരാനല്ലൂര്‍ വാഹനാപകടം: പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പോലീസ്, ജഡ്ജിയെ ചോദ്യം ചെയ്തു
തന്റെ അറിവോടെയല്ല മകന് വാഹനം ഓടിച്ചതെന്നാണ് പ്രതിയുടെ പിതാവായ ജഡ്ജിയുടെ മൊഴി
കൊച്ചി| ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പോലീസ്. എറണാകുളം സെഷന്‍സ് കോടതിയില്‍ പോലീസ് അപേക്ഷ നല്കി. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിയുടെ പിതാവായ ജഡ്ജിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്ളാറ്റില്‍ എത്തിയാണ് ജഡ്ജിയെ ചോദ്യം ചെയ്തത്.
തന്റെ അറിവോടെയല്ല മകന് വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. പതിനേഴുകാരന് ലൈസന്‍സ് എടുക്കുന്നത് വിലക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 25 വയസ് വരെ ലൈസന്‍സ് എടുക്കുന്നത് വിലക്കാനാണ് നീക്കം. അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്റെ ആര്‍സിയും സസ്പെന്‍ഡ് ചെയ്യും.
കേസില്‍ തുടര്‍ നടപടികളില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എഡിജിപി പി വിജയന് ഇന്ന് കൊച്ചിയിലെത്തും. ആദ്യഘട്ടത്തില്‍ എഫ്ഐആര്‍ ഇടുന്നതില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്ത കാര്യം ഹൈക്കോടതിയെ അറിയിക്കും.
Content Highlights: Police have moved the Ernakulam Sessions Court to cancel the bail of the 17-year-old involved in the Cheranalloor Benz car accident. District Crime Branch took over the probe and interrogated the accused’s father, a judge. MVD plans to suspend the car’s RC and bar the minor from driving till age 25.
