National
ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത വേണമെന്നും നിര്‍ദ്ദേശം
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം പൂര്‍ണ്ണമായും തെറ്റാണ്. ഇത്തരമൊരു നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലില്ല
ന്യൂഡല്‍ഹി | രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി . വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തി സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ആഗോള സാഹചര്യം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ഊര്‍ജ്ജം, വിതരണ ശൃംഖലകള്‍, അവശ്യ സാധനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ഞങ്ങള്‍ തത്സമയം നിരീക്ഷിച്ചുവരികയാണ്.ഇന്ധനം, ഊര്‍ജ്ജം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നു. ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണ്.
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം പൂര്‍ണ്ണമായും തെറ്റാണ്. ഇത്തരമൊരു നിര്‍ദ്ദേശം ഭാരത സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് വ്യക്തമാക്കുന്നു.ഇത്തരം സാഹചര്യങ്ങളില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കാനും പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നത് അങ്ങേയറ്റം ഉത്തരവാദിത്തരഹിതവും ദോഷകരവുമാണ്’- കേന്ദ്രമന്ത്രി എക്‌സില്‍ കുറിച്ചു
കഴിഞ്ഞ ഒരു മാസത്തിനിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 70 രൂപയില്‍ നിന്ന് ഏകദേശം 122 രൂപയായി കുതിച്ചുയര്‍ന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയതായി കേന്ദ്രമന്ത്രി പറഞ്ഞു. യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ ഇന്ധനവിലയില്‍ 20 മുതല്‍ 50ശതമാനം വരെ വര്‍ധനവുണ്ടാകാന്‍ ഇത് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും കൃത്യസമയത്തുള്ള ഏകോപിത നടപടികള്‍ തുടരുമെന്നും മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.





