Connect with us

From the print

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

കേരളം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് വലിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടെ, മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. രാവിലെ 11നാണ് ബജറ്റ് അവതരണം. കേരളം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് വലിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ പ്രഖ്യാപനങ്ങൾക്കൊപ്പം സാമ്പത്തിക അച്ചടക്കം പാലിച്ചുള്ളതായിരിക്കും ബജറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. നിർമലാ സീതാരാമന്റെ തുടർച്ചയായ ഒമ്പതാം ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്.

ഇന്ത്യ- യൂറോപ്യൻ യൂനിയൻ വ്യാപാര കരാർ യാഥാർഥ്യമായതിന്റെയും യു എസ് തീരുവയുടെയും പശ്ചാത്തലത്തിൽ ബജറ്റിൽ കയറ്റുമതി മേഖലക്ക് കൂടുതൽ പ്രത്യാശ പകരുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കും. കഴിഞ്ഞ ബജറ്റുകളിൽ ഉൾപ്പെടെ അടിസ്ഥാനസൗകര്യ വികസനത്തിന് വലിയ നിക്ഷേപം വകയിരുത്തിയിരുന്നു. ഈ പ്രവണത ഇത്തവണയും തുടർന്നേക്കും. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ സാമൂഹിക, സുരക്ഷാ ആനുകൂല്യങ്ങൾ വർധിപ്പിച്ചേക്കും. പുതിയ റെയിൽ പദ്ധതികളും ഹൈവേകളും പ്രഖ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.
അതേസമയം, ആദായനികുതിയിൽ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. നേരിട്ടുള്ള നികുതികളുടെ കാര്യത്തിൽ, വലിയ തോതിലുള്ള നിരക്ക് കുറക്കുന്നതിന് പകരം നികുതി വ്യവസ്ഥ ലളിതമാക്കുന്നതിനായിരിക്കും മുൻഗണന നൽകുക. ഇതിന്റെ ഭാഗമായി സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ വർധിപ്പിച്ചേക്കും. പുതിയ സ്‌കീമിൽ സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ ഒരു ലക്ഷം രൂപയായി ഉയർത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നികുതി വ്യവസ്ഥയിലെ സ്ലാബുകൾ കൂടുതൽ കാര്യക്ഷമമാക്കുക, ഒന്നിലധികം ടി ഡി എസ് വ്യവസ്ഥകളെ ഏകീകരിക്കുക എന്നിവയും ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടായേക്കും.

കൂടാതെ, ഇരട്ട നികുതി ഒഴിവാക്കുന്നതിനായി സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ടാക്‌സ് അല്ലെങ്കിൽ മൂലധന നേട്ട നികുതി എന്നിവയിൽ മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എയിംസ്, അതിവേഗ റെയിൽപ്പാത ഉൾപ്പെടെ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്.

Latest