Articles
വഖ്ഫില്‍ കണ്ണുവെച്ച് കേന്ദ്ര ഭരണം
രാജ്യസഭയില്‍ 11 അംഗങ്ങളുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ്സ് ലോക്സഭയില്‍ ബില്ലിനെ എതിര്‍ത്തത് ബി ജെ പിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. രാജ്യസഭയില്‍ ഒമ്പത് പേരുള്ള ബി ജെ ഡിയും നിലവില്‍ ശത്രുപക്ഷത്താണ്. നീട്ടിക്കിട്ടുന്ന സമയം കൊണ്ട് കുതിരക്കച്ചവടം നടത്താം എന്ന കുത്സിത ചിന്തക്കപ്പുറം മറ്റൊന്നും ബി ജെ പിയുടെ സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി വഴങ്ങലിന് പിന്നിലില്ലെന്ന് ഊഹിക്കാന്‍ പ്രയാസമില്ല. നിതീഷിന്റെയും നായിഡുവിന്റെയും നിലപാടുകളും നിര്‍ണായകമാണ്.
‘ഡിക്രി ഫോര്‍ റിപോര്‍ട്ടിംഗ് ജ്യൂവിഷ് ഓണ്‍ഡ് പ്രോപര്‍ട്ടി’ എന്ന കരിനിയമം ഹിറ്റ്ലര്‍ ഭരണകൂടം പ്രാബല്യത്തില്‍ വരുത്തിയത് 1938 ഏപ്രില്‍ 26നായിരുന്നു. ജൂതരുടെ മുഴുവന്‍ സ്ഥാവര ജംഗമ വസ്തുക്കളും പ്രത്യേക രജിസ്റ്ററിന് കീഴില്‍ കൊണ്ടുവരാനുള്ള നീക്കത്തെ നാസി സര്‍ക്കാറും അന്ന് വിശേഷിപ്പിച്ചത് പരിഷ്‌കൃത നയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പുരോഗമനപരമായ നിയമം എന്നായിരുന്നു. മൂന്ന് മാസത്തിനകം ജൂലൈ 31ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്നത്തെ 49 ബില്യണ്‍ ഡോളറിന് തുല്യമായ ജൂത വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്ത് ക്ലിപ്തപ്പെടുത്തി. പിന്നീട് ഇവ കൊള്ളചെയ്ത് മുതല്‍ കൂട്ടിയതിനെ ആര്യനൈസേഷന്‍ എന്ന ഓമനപ്പേരിട്ട് വിളിക്കുകയും ചെയ്തു. ചരിത്രത്തിന്റെ വലിയ വിരോധാഭാസമെന്തെന്നാല്‍ പില്‍ക്കാലത്ത് സംഘടിത ജൂതരാഷ്ട്രീയം നൂറുകണക്കിന് ഗ്രാമങ്ങളും ആയിരക്കണക്കിന് വീടുകളും ഫലസ്തീനില്‍ പിഴുതെറിഞ്ഞ് ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ്. എന്നാല്‍, പുതിയ വഖ്ഫ് ഭേദഗതി നിയമത്തിലൂടെ ഇന്ത്യയില്‍ സംഘ്പരിവാര്‍ ഭരണകൂടം ലക്ഷ്യംവെക്കുന്നത് ദൈവമാര്‍ഗത്തില്‍ അര്‍പ്പിച്ച, ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട ലക്ഷം കോടി സ്വത്തുവകകളിലാണ്.
മുസല്‍മാന്‍ വഖ്ഫ് ആക്ടിന് രൂപം കൊടുത്തത് 1923ലായിരുന്നു. കൊളോണിയല്‍ ഭരണകൂടമായിരുന്നിട്ട് പോലും നിയമം രൂപപ്പെടുത്തുന്നതിന് മുന്നോടിയായി അക്കാലത്തെ മുസ്ലിം സമുദായ നേതാക്കളുമായി ചര്‍ച്ച ചെയ്യാനുള്ള സന്മനസ്സ് ബ്രിട്ടീഷുകാര്‍ കാണിച്ചു. പിന്നീട് 1954ല്‍ നെഹ്റു സര്‍ക്കാര്‍ വഖ്ഫ് ബില്ല് പാസ്സാക്കി. 1995ലും പിന്നീട് 2013ലും കാതലായ ഭേദഗതികളോടെ വഖ്ഫ് നിയമം തുടര്‍ന്നുപോന്നു. രാജ്യത്തെമ്പാടുമായി 9.4 ലക്ഷം ഏക്കര്‍ വഖ്ഫ് ഭൂമിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 1.25 ലക്ഷം കോടിയാണ് ഇതിന്റെ വിപണിമൂല്യം. ഇന്ത്യന്‍ റെയില്‍വേയും പ്രതിരോധ വകുപ്പും കഴിഞ്ഞാല്‍ ഒരു സര്‍ക്കാര്‍ ഏജന്‍സി രാജ്യത്ത് കൈവശംവെക്കുന്ന ഏറ്റവും കൂടുതല്‍ ഭൂമി ഇതാണ്.
വഖ്ഫ് ഭൂമി നിരവധി കൈയേറ്റത്തിനു വിധേയമായിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലവും വിഭജനവുമായൊക്കെ അത് ബന്ധപ്പെട്ടുകിടക്കുന്നു. ഉദ്യോഗസ്ഥ വീഴ്ചകളും അഴിമതിയും സംഭവിച്ചിട്ടുണ്ട്. 2013ലെ ഭേദഗതി ഇവയെ മികച്ച രീതിയില്‍ അഭിസംബോധന ചെയ്യുന്നുണ്ട്. സൂറത്തിലെ മുനിസിപല്‍ കെട്ടിടം, ബെംഗളൂരുവിലെ ഐ ടി സി വിന്‍ഡ്സര്‍ പഞ്ചനക്ഷത്ര ഹോട്ടല്‍, ഈദ്ഗാഹ് മൈതാനം, കൊല്‍ക്കത്തയിലെ ടോളിഗഞ്ച്, റോയല്‍ കല്‍ക്കട്ട എന്നീ ഗോള്‍ഫ് ക്ലബുകള്‍ തുടങ്ങി നിരവധി പ്രശസ്ത നിര്‍മാണങ്ങള്‍ വഖ്ഫ് കൈയേറ്റമാണെന്ന് ആരോപിക്കപ്പെടുന്നു. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ, സംഘ്പരിവാര്‍ ഭാഷ്യ പ്രകാരം ഭൂമി കൈയേറിയിരിക്കുന്നത് വഖ്ഫ് ബോര്‍ഡാണ്. ഇത്രയധികം ഭൂമി വഖ്ഫ് ബോര്‍ഡ് കൈയേറി അനധികൃതമായി കൈവശം വെക്കുന്നുവെന്നാണ് അവരുടെ ലൈന്‍. ഡല്‍ഹിയിലെ അനധികൃത വഖ്ഫ് സ്വത്തിനെ കുറിച്ച് അന്വേഷിക്കാന്‍ എന്ന പേരില്‍ മോദി സര്‍ക്കാര്‍ 2018ല്‍ എസ് ഡി ഗാര്‍ഗ് കമ്മിറ്റിയെ നിയമിച്ചിരുന്നു. 123 വസ്തുവകകളാണ് അനധികൃതമെന്ന് കമ്മിറ്റി മുദ്രകുത്തിയത്. ഇവയില്‍ ചിലത് പൊളിച്ചുമാറ്റുകയും മറ്റു ചിലതിന് നിലവില്‍ നോട്ടീസയച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ വഖ്ഫ് ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗപ്രവേശം ചെയ്യുന്നതിന്റെ കാരണം അന്വേഷിച്ച് പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല.
വഖ്ഫ് നിയമത്തിലെ സെക്്ഷന്‍ 40 റദ്ദ് ചെയ്യാനുള്ള തീരുമാനം വഖ്ഫ് സ്വത്തുക്കളുടെ മേല്‍ വഖ്ഫ് ട്രൈബ്യൂണലിനുള്ള എല്ലാ അധികാരവും എടുത്തുകളയുന്നു. വഖ്ഫ് സ്വത്തിന്റെ സാധുതയും തര്‍ക്ക പരിഹാരങ്ങളും പൂര്‍ണമായും ഇനി മുതല്‍ കലക്ടര്‍ നിര്‍വഹിക്കും. വഖ്ഫ് സ്വത്തിനു മേല്‍ ഒരാള്‍ പരാതി നല്‍കിയാല്‍ ജില്ലാ കലക്ടര്‍ അത് പരിശോധിച്ച് തീര്‍പ്പു കല്‍പ്പിക്കും. റവന്യൂ ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കാനും കഴിയും. രാജ്യത്തെ ഏതൊരു മുസ്ലിം ദേവാലയ വസ്തുവകകളെയും തെരുവു തര്‍ക്കത്തിലേക്കും പിടിച്ചെടുക്കലുകളിലേക്കും നയിക്കുന്ന ഒരു നിയമത്തിനാണ് കേന്ദ്രഭരണം തിരശ്ശീല ഉയര്‍ത്തുന്നത്. വിശ്വാസത്തെയും പൈതൃകത്തെയും ആരാധനാ ഇടങ്ങളെയും മായ്ച്ചുകളയുന്ന ഫാസിസ്റ്റ് പ്രവണത ഈ പരിഷ്‌കൃത കാലത്തും അരങ്ങേറ്റാനാണ് മോദി സര്‍ക്കാറിന്റെ ശ്രമം. ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്റെ പരസ്യ ലംഘനവുമാണിത്. ആര്‍ട്ടിക്കിള്‍ 14, 15, 25 തുടങ്ങിയവയെല്ലാം പുതിയ ഭേദഗതിയിലൂടെ ദുര്‍ബലപ്പെടുന്നു. വഖ്ഫ് ബോര്‍ഡിന് പണം ചെലവഴിക്കാനും സര്‍ക്കാറിന്റെ അനുമതി വേണം. നിലവിലെ നിയമപ്രകാരം ഒരാള്‍ തന്റെ സ്വത്ത് വഖ്ഫ് ചെയ്തതായി വാക്കാല്‍ പറയുന്നതോടെ തന്നെ അത് വഖ്ഫ് സ്വത്തിലേക്ക് മുതല്‍ക്കൂട്ടപ്പെടുന്നു. ഇനി മുതല്‍ കേന്ദ്ര പോര്‍ട്ടല്‍ വഴി മാത്രമാണ് സാധുതയുണ്ടാകുക. പോര്‍ട്ടല്‍ വഴിയുള്ള രജിസ്റ്ററിന് എല്ലാ റവന്യൂ നിയമങ്ങളും ബാധകമാക്കും. അവകാശികള്‍ക്ക് നോട്ടീസയച്ച് ആക്ഷേപങ്ങളില്ല എന്നുറപ്പ് വരുത്തുകയും ചെയ്യും. ആര്‍ക്കും വഖ്ഫിലേക്ക് ദാനം ചെയ്യാനുള്ള അവസരം എടുത്തുകളയുന്നതാണ് പുതിയ ഭേദഗതി. അഞ്ച് വര്‍ഷം മുസ്ലിം ആചാരപ്രകാരം ജീവിച്ചവര്‍ക്ക് മാത്രമാണ് ദാനത്തിനുള്ള അവസരം. സ്വത്തുക്കള്‍ ദൈവമാര്‍ഗത്തില്‍ വഖ്ഫ് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ പരമാവധി സങ്കീര്‍ണമാക്കാന്‍ ബില്ല് എല്ലാ ശ്രമവും നടത്തുന്നു.
ബില്ലിനെ പരിഹാസ്യമാക്കുന്നത് വഖ്ഫ് ബോര്‍ഡിന്റെ മുസ്ലിംഛായ മാറ്റാനുള്ള കേന്ദ്ര ശ്രമങ്ങളാണ്. സംസ്ഥാന, കേന്ദ്ര ബോര്‍ഡുകളില്‍ അമുസ്ലിം അംഗങ്ങളുടെ സാന്നിധ്യം ബില്ല് ഉറപ്പുവരുത്തുന്നു. വഖ്ഫ് കൗണ്‍സിലില്‍ രണ്ട് ലോക്സഭാ അംഗങ്ങളും ഒരു രാജ്യസഭാ അംഗവുമുണ്ടാകും. അതില്‍ മുസ്ലിം വേണമെന്ന നിര്‍ബന്ധമില്ല. വനിതകള്‍ക്കും മുസ്ലിംകളിലെ പിന്നാക്കക്കാരായി സര്‍ക്കാര്‍ കണക്കാക്കുന്നവര്‍ക്കും നിര്‍ബന്ധ അംഗത്വം നല്‍കും. ഇത് മുന്‍നിര്‍ത്തിയാണ് ബില്ല് പുരോഗമനപരമാണെന്ന് കേന്ദ്രം അവകാശവാദം മുഴക്കുന്നത്. ബോറ, ആഗാഖാന്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേക വഖ്ഫ് ബോര്‍ഡുകള്‍ രൂപവത്കരിക്കും. യൂനിയന്‍ ലിസ്റ്റില്‍പ്പെടാത്ത വിഷയത്തില്‍ കരിനിയമങ്ങളുണ്ടാക്കി കൈകടത്തുന്നത് ഫെഡറല്‍ തത്ത്വങ്ങളുടെ നഗ്നമായ ലംഘനം കൂടിയായി മാറുന്നു. ആരാധനാലയങ്ങളിലേക്കും അനുബന്ധ സ്വത്തുക്കളിലേക്കും നീരാളിക്കൈകള്‍ നീട്ടി രാജ്യത്തിന്റെ തെരുവുകള്‍ തോറും മുസ്ലിം വിശ്വാസികളെ അരക്ഷിതരാക്കുക, അതുവഴി അരാജകത്വത്തിലേക്ക് അവരെ തള്ളിവിട്ട് തീവ്ര വര്‍ഗീയതക്ക് ആക്കം കൂട്ടുക എന്ന കുടില തന്ത്രമാണ് ബില്ലിന്റെ രൂപത്തില്‍ പുതിയ വേഷമണിഞ്ഞിട്ടുള്ളത്. രാജ്യസഭയില്‍ 11 അംഗങ്ങളുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ്സ് ലോക്സഭയില്‍ ബില്ലിനെ എതിര്‍ത്തത് ബി ജെ പിക്ക് ആശങ്കയുണ്ടാക്കു
ന്നുണ്ട്.
രാജ്യസഭയില്‍ ഒമ്പത് പേരുള്ള ബി ജെ ഡിയും നിലവില്‍ ശത്രുപക്ഷത്താണ്. നീട്ടിക്കിട്ടുന്ന സമയം കൊണ്ട് കുതിരക്കച്ചവടം നടത്താം എന്ന കുത്സിത ചിന്തക്കപ്പുറം മറ്റൊന്നും ബി ജെ പിയുടെ സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി വഴങ്ങലിന് പിന്നിലില്ലെന്ന് ഊഹിക്കാന്‍ പ്രയാസമില്ല. ന്യൂനപക്ഷങ്ങളുമായി നല്ല ബന്ധത്തിന് ആഗ്രഹമുള്ള നിതീഷിന്റെയും നായിഡുവിന്റെയും നിലപാടുകളും നിര്‍ണായകമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മോദി ഭരണകൂടം അവതരിപ്പിക്കുന്ന അങ്ങേയറ്റം മുസ്ലിംവിരുദ്ധമായ ബില്ലിന്റെ അപകടം സീമാതീതമാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളും മതേതര ബോധ്യമുള്ളവരും ഒരുമിച്ചു നിന്നില്ലെങ്കില്‍ പിന്നെ അതിനൊരു അവസരം ഉണ്ടായിക്കൊള്ളണമെന്നില്ല.