Connect with us

From the print

സുപ്രീം കോടതിയില്‍ കേന്ദ്രം; റോഹിംഗ്യന്‍ മുസ്ലിംകള്‍ക്ക് അഭയാര്‍ഥി പദവി നല്‍കാനാകില്ല

അഭയാര്‍ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണെന്നും പാര്‍ലിമെന്റിന്റെയും സര്‍ക്കാറിന്റെയും അധികാരത്തിലേക്ക് കടന്നുകയറരുതെന്നും കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി | റോഹിംഗ്യന്‍ മുസ്ലിംകള്‍ക്ക് അഭയം നല്‍കുന്നതില്‍ കടുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ അനധികൃതമായാണ് റോഹിംഗ്യന്‍ മുസ്ലിംകള്‍ എത്തുന്നതെന്നും അവര്‍ക്ക് അഭയാര്‍ഥി പദവി നല്‍കാന്‍ നിഷ്‌കര്‍ഷിക്കരുതെന്നും സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഭയാര്‍ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണെന്നും പാര്‍ലിമെന്റിന്റെയും സര്‍ക്കാറിന്റെയും അധികാരത്തിലേക്ക് കടന്നുകയറരുതെന്നും കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിയമവിരുദ്ധ കുടിയേറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത റോഹിംഗ്യന്‍ മുസ്ലിംകളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് അഭയാര്‍ഥി വിഷയത്തിലെ ഇരട്ടത്താപ്പ് വെളിവായത്. രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനം ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ഈ നിലപാടെന്നത് ശ്രദ്ധേയമാണ്.

വിദേശത്തു നിന്ന് എത്തുന്നവര്‍ക്കും ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം അന്തസ്സോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമുണ്ട്. എന്നാല്‍, രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അവകാശം അവര്‍ക്കില്ല. അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷനില്‍ (യു എന്‍ എച്ച് സി ആര്‍) നിന്ന് ചില റോഹിംഗ്യന്‍ മുസ്ലിംകള്‍ കരസ്ഥമാക്കിയ അഭയാര്‍ഥി കാര്‍ഡ് ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഈ കാര്‍ഡ് ചൂണ്ടിക്കാട്ടിയാണ് അവര്‍ അഭയാര്‍ഥി പദവിക്കായി ശ്രമിക്കുന്നത്. ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്ത കാര്‍ഡ് ഉപയോഗിച്ചുള്ള അവകാശവാദം സ്വീകരിക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

റോഹിംഗ്യകളുടെ ഇന്ത്യയിലേക്കുള്ള വരവ് തുടരുന്നത് നിയമവിരുദ്ധം മാത്രമല്ല ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ അടങ്ങിയതാണ്. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടന തന്നെ അട്ടിമറിച്ചിട്ടുണ്ട്. റോഹിംഗ്യകള്‍ വന്‍തോതില്‍ കള്ള രേഖകള്‍ ചമയ്ക്കുന്നുവെന്നും മനുഷ്യക്കടത്ത്, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുകയാണെന്നും സത്യവാങ്മൂലം അധിക്ഷേപം ചൊരിയുന്നു. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ ഫോറിനേഴ്സ് ആക്ടിലെ വ്യവസ്ഥകള്‍ക്കനുസൃതമായി നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഏതെങ്കിലും വിഭാഗത്തെ അഭയാര്‍ഥികളായി അംഗീകരിക്കണമോ വേണ്ടയോ എന്നത് നയപരമായ തീരുമാനമാണ്. ജുഡീഷ്യല്‍ ഉത്തരവിലൂടെ അത്തരമൊരു അഭയാര്‍ഥി പദവി നല്‍കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

1951ലെ യു എന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനിലും തുടര്‍ന്നുള്ള പ്രോട്ടോകോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെന്ന ന്യായവും കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചു. അനധികൃതമായി എത്തിയതെന്നാരോപിച്ച് കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യന്‍ മുസ്ലിംകളെ വിട്ടയക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് അഭയാര്‍ഥി പദവി നല്‍കുന്നതുപോലെ റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കും പദവി നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

Latest