Connect with us

National

രാഹുലോ, പ്രിയങ്കയോ; അമേത്തി, റായ്ബറേലി സീറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നു

തത്ക്കാലം മറ്റ് പേരുകള്‍ പരിഗണനയിലില്ലെന്ന്‌ എ ഐ സി സി.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേത്തി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് എ ഐ സി സി വൃത്തങ്ങള്‍. രാഹുലോ പ്രിയങ്കയോ ഇതുവരെ മത്സര സന്നദ്ധത അറിയിച്ചിട്ടില്ല. രണ്ടില്‍ ഒരാളെ മത്സരിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തത്ക്കാലം മറ്റ് പേരുകള്‍ പരിഗണനയിലില്ലെന്നും എ ഐ സി സി വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പുതിയ സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ്സ് ഇന്നലെ പുറത്തുവിട്ടിരുന്നു. എന്നാല്‍, ഉത്തര്‍ പ്രദേശില്‍ ഗാന്ധി കുടുംബം പതിറ്റാണ്ടുകളായി മത്സരിക്കുന്ന അമേത്തി, റായ്ബറേലി സീറ്റുകള്‍ പട്ടികയിലില്ല. ഇവിടെ പത്രിക സമര്‍പ്പിക്കാന്‍ മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്.

പുതിയ പട്ടികയില്‍ നാല് സ്ഥാനാര്‍ഥികളാണുള്ളത്. നടന്‍ രാജ് ബബ്ബാറിനെ ഗുഡ്ഗാവിലും മുന്‍ കേന്ദ്ര മന്ത്രി ആനന്ദ് ശര്‍മയെ കാംഗ്രയിലും സ്ഥാനാര്‍ഥിയാക്കി. ഹിമാചലിലെ ഹാമിര്‍പൂരില്‍ മുന്‍ എം എല്‍ എ. സത്പാല്‍ റായ്സാദയാണ് സ്ഥാനാര്‍ഥി. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെതിരെ മുംബൈ നോര്‍ത്തില്‍ മുംബൈ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് ഭൂഷണ്‍ പാട്ടീലിനെയാണ് നിര്‍ത്തിയിട്ടുള്ളത്.

കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി വിജയിച്ചിരുന്ന അമേത്തിയില്‍ കഴിഞ്ഞ തവണ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് വിജയിച്ചത്. സോണിയാ ഗാന്ധി ജയിച്ചുപോരുന്ന മണ്ഡലമാണ് റായ്ബറേലി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അവസാനിപ്പിച്ചതായി അറിയിച്ച സോണിയ നിലവില്‍ രാജ്യസഭാംഗമാണ്.