Connect with us

Editorial

സര്‍വകലാശാലകളില്‍ ഉറഞ്ഞുതുള്ളുന്ന ജാതീയത

ജാതിവിവേചനം നിരോധിക്കുകയും സാമൂഹിക നീതി രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നായി പ്രഖ്യാപിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ജാതീയത നിലനില്‍ക്കുക മാത്രമല്ല, അടിക്കടി വര്‍ധിച്ചു വരികയും ചെയ്യുന്നുവെന്നത് ഞെട്ടലുളവാക്കുന്നതാണ്.

Published

|

Last Updated

സര്‍വകലാശാലകളിലെ ജാതിവിവേചനം അവസാനിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ വിവേചനം വന്‍തോതില്‍ വര്‍ധിച്ചു വരികയാണെന്നാണ് റിപോര്‍ട്ട്. പട്ടികജാതി- വര്‍ഗ, യുവജനക്ഷേമ കാര്യങ്ങള്‍ക്കായുള്ള പാര്‍ലിമെന്ററി സമിതിക്കും സുപ്രീംകോടതിക്കും യു ജി സി അടുത്തിടെ സമര്‍പ്പിച്ച റിപോര്‍ട്ട് പ്രകാരം സര്‍വകലാശാലകളിലെ ജാതിവിവേചനം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുത്തനെ വര്‍ധിച്ചു. 2019-20 വിദ്യാഭ്യാസ വര്‍ഷത്തില്‍ 173 ആയിരുന്നു ജാതിവിവേചനം സംബന്ധിച്ച പരാതികള്‍. 2013-24ല്‍ 378 ആയി ഉയര്‍ന്നു. രോഹിത് വെമുലയുടെ മരണത്തെ തുടര്‍ന്നുണ്ടായ നിയമ പോരാട്ടങ്ങളുടെ ഭാഗമായി സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് യു ജി സി കണക്കുകള്‍ ശേഖരിച്ചത്.

ജാതിവിവേചനം നിരോധിക്കുകയും സാമൂഹിക നീതി രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നായി പ്രഖ്യാപിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ജാതീയത നിലനില്‍ക്കുക മാത്രമല്ല, അടിക്കടി വര്‍ധിച്ചു വരികയും ചെയ്യുന്നുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. ദളിത്- പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് സമാധാനത്തോടെയും സുരക്ഷാബോധത്തോടെയും പഠിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ളത്. വിവേചനം സഹിക്കവയ്യാതെ മിടുക്കരായ പല ദളിത്- പിന്നാക്ക വിദ്യാര്‍ഥികളും ഇടക്കാലത്ത് പഠനവും ജീവിതം തന്നെയും അവസാനിപ്പിച്ച സംഭവങ്ങള്‍ പലപ്പോഴായി റിപോര്‍ട്ട് ചെയ്യപ്പെട്ടതാണ്. നാഷനല്‍ കമ്മീഷന്‍ ഫോര്‍ എസ് സി- എസ് ടി നടത്തിയ അന്വേഷണത്തില്‍ സര്‍വകലാശാലകളിലെ ദളിത് വിദ്യാര്‍ഥികളുടെ ആത്മഹത്യ വ്യക്തിപരമായ കാരണങ്ങളാലല്ല, ജാതിവിവേചനം മൂലമാണെന്ന് കണ്ടെത്തിയതാണ്.

വിദ്യാര്‍ഥികളില്‍ ജാതിവിവേചനത്തിനെതിരായ അവബോധവും പരാതിപ്പെടാനുള്ള ആര്‍ജവവും വര്‍ധിച്ചതാണ് പരാതികളുടെ എണ്ണം കൂടാന്‍ കാരണമെന്നും വിവേചനവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ വര്‍ധനവില്ലെന്നുമാണ് യു ജി സിയുടെ വിശദീകരണം. വിവേചനവുമായി ബന്ധപ്പെട്ട പരാതികളില്‍ തൊണ്ണൂറ് ശതമാനവും പരിഹരിച്ചിട്ടുണ്ടെന്നും യു ജി സി അവകാശപ്പെടുന്നു. ഇത് വസ്തുതാവിരുദ്ധമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. സര്‍വകലാശാലകളിലെ ഉന്നത ജാതിക്കാരായ അധികൃതര്‍ നേരിട്ടു നിയന്ത്രിക്കുന്ന എസ് സി- എസ് ടി സെല്ലുകള്‍ പലപ്പോഴും പരാതികള്‍ പരിഹരിക്കാനല്ല, ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉന്നത സര്‍വകലാശാല പദവികളായ വൈസ് ചാന്‍സലര്‍, ഡീന്‍, ഡിപാര്‍ട്ട്മെന്റ് തലവന്മാര്‍, സീനിയര്‍ അധ്യാപകര്‍ തുടങ്ങിയവയിലെല്ലാം ബഹുഭൂരിഭാഗവും സവര്‍ണ വിഭാഗക്കാരാണ്. ദളിത്, ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പി എച്ച് ഡി പ്രവേശനത്തില്‍ വന്‍തോതിലുള്ള വിവേചനം നേരിടുന്നതായും അവരുടെ അപേക്ഷകള്‍ ബോധപൂര്‍വം തള്ളിക്കളയുന്നതായും പാര്‍ലിമെന്ററി സമിതി അടുത്ത കാലത്ത് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഐ ഐ ടികളിലും കേന്ദ്ര സര്‍വകലാശാലകളിലും പ്രൊഫസര്‍ തസ്തികകളില്‍ ദളിത്- പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം നാമമാത്രമാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ ഹോസ്റ്റലുകളിലും മെസ്സുകളിലും മാറ്റിനിര്‍ത്തുന്നതായും പരീക്ഷാ പേപ്പറുകളുടെ മൂല്യനിര്‍ണയ വേളയില്‍ മാര്‍ക്ക് കുറക്കുന്നതായും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം സംബന്ധിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ട തോറാത് കമ്മിറ്റി സമിതി റിപോര്‍ട്ടില്‍ പറയുന്നു.

അധ്യാപക തസ്തികകളില്‍ പിന്നാക്ക ജാതിക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്താന്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് അട്ടിമറിക്കപ്പെടുകയാണ്. സംവരണ തസ്തികകളില്‍ യോഗ്യരായ അധ്യാപകരില്ലെന്നു പറഞ്ഞ് അവ ഒഴിച്ചിടുകയും പിന്നീട് ജനറല്‍ വിഭാഗത്തിലേക്ക് മാറ്റുകയുമാണ് പല പ്രമുഖ സര്‍വകലാശാലകളും. സംവരണത്തിലൂടെ വരുന്ന അധ്യാപകരെയും വിദ്യാര്‍ഥികളെയും രണ്ടാംതരക്കാരായി കാണുന്ന മനോഭാവവും ക്യാമ്പസുകളിലുണ്ട്.

അധികാരം ഒരു വിഭാഗത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ അവര്‍ക്കിടയിലെ മൂല്യബോധവും ചിന്താഗതികളും പ്രവര്‍ത്തന മണ്ഡലത്തിലും പ്രകടമാകുകയെന്നത് സ്വാഭാവികം. സംസാരത്തില്‍, ശാസനകളില്‍, അച്ചടക്ക നടപടികളില്‍, മൂല്യനിര്‍ണയത്തില്‍ പോലും അത് പ്രകടമാകും. ഒരു ജനതയെ എന്നും അടിമകളും വിധേയത്വം പുലര്‍ത്തുന്നവരുമായി നിലനിര്‍ത്താന്‍ അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചാല്‍ മതിയെന്ന തത്ത്വമാണ് ഇത്തരക്കാരെ നിയന്ത്രിക്കുന്നത്. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്നും വേദം ചൊല്ലുന്ന ശൂദ്രന്റെ നാവ് അരിയണമെന്നുമാണല്ലോ വേദവാക്യം.

സര്‍വകലാശാലകളിലെ വിവേചനം അവസാനിപ്പിക്കുന്നതിന് അടുത്തിടെ യു ജി സി ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാമ്പസുകളില്‍ തുല്യതാ സമിതികള്‍ രൂപവത്കരിക്കുകയാണ് പ്രധാന നിര്‍ദേശം. ഇതുകൊണ്ടായില്ല, സര്‍വകലാശാലകളിലെ അധികാര ഘടനയിലുള്ള മാറ്റമാണ് ശരിയായ പരിഹാരം. ഭരണ സമിതികളിലും സെലക്്ഷന്‍ കമ്മിറ്റികളിലും ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൃത്യമായ പ്രാതിനിധ്യം വേണം. ജാതിവിവേചനം കാണിക്കുന്ന അധ്യാപകരെയും വിദ്യാര്‍ഥികളെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഉള്‍പ്പെടെ കര്‍ശന ശിക്ഷാ നടപടിയും സ്വീകരിക്കണം. സാമൂഹിക നീതി എത്രത്തോളം നടപ്പാക്കുന്നുണ്ടെന്ന് വിലയിരുത്താന്‍ ഓരോ സര്‍വകലാശാലയിലും സ്വതന്ത്ര സമിതികളെ നിയോഗിക്കുകയും വേണം. ക്ലാസ്സ് മുറികളിലെ ജാതിയുടെ വേലിക്കെട്ടുകള്‍ പൊളിച്ചു മാറ്റിയെങ്കിലേ വിദ്യാഭ്യാസം ഫലപ്രദവും സമ്പൂര്‍ണവുമാകുകയുള്ളൂ. ജാതീയ ചിന്താഗതികള്‍ ബാധിക്കാത്ത പ്രബുദ്ധ തലമുറയെ വാര്‍ത്തെടുക്കന്‍ പര്യാപ്തമാകണം ഉന്നത വിദ്യാഭ്യാസ മേഖല.