Connect with us

Kasargod

കാറപകടം; മുന്‍ എം എല്‍ എ. കെ പി കുഞ്ഞിക്കണ്ണന് പരുക്ക്

കാസര്‍കോട് മുന്‍ എം പിയും മുതിര്‍ന്ന സി പി എം നേതാവുമായ പി കരുണാകരന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഇ വി സുരേന്ദ്രനാണ് കുഞ്ഞിക്കണ്ണനെ ആശുപത്രിയിലെത്തിച്ചത്.

Published

|

Last Updated

നീലേശ്വരം | മുന്‍ എം എല്‍ എയും കെ പി സി സി അംഗവുമായ കെ പി കുഞ്ഞിക്കണ്ണന് കാറപകടത്തില്‍ പരുക്കേറ്റു. ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപം ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. ഡി സി സിയുടെ പരിപാടി കഴിഞ്ഞ് കുഞ്ഞിക്കണ്ണന്‍ പയ്യന്നൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ എതിര്‍വശത്ത് നിന്നെത്തിയ ലോറിയില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോള്‍ ദേശീയപാതാ നിര്‍മാണ സൈറ്റിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ഒരുഭാഗം തകര്‍ന്നു.

ഈ സമയത്ത് കാറില്‍ ഇതുവഴി വന്ന കാസര്‍കോട് മുന്‍ എം പിയും മുതിര്‍ന്ന സി പി എം നേതാവുമായ പി കരുണാകരന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ പുല്ലൂര്‍ പൊള്ളക്കടയിലെ ഇ വി സുരേന്ദ്രനാണ് കുഞ്ഞിക്കണ്ണനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചത്. ഡി സി സി ഓഫീസിലും, കെ പി സി സി അംഗം ഹക്കീം കുന്നില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും വിവരമറിയിച്ചതും സുരേന്ദ്രനാണ്.

വിവരമറിഞ്ഞ് കെ പി സി സി സെക്രട്ടറി എം അസിനാര്‍, നീലേശ്വരം നഗരസഭ യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ഇ ഷെജീര്‍ എന്നിവര്‍ ആശുപത്രിയിലെത്തി. കുഞ്ഞിക്കണ്ണനെ പിന്നീട് കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റിയിലേക്കു മാറ്റി. വാരിയെല്ലിന് പൊട്ടലുള്ളതായി സ്‌കാനിങില്‍ കണ്ടെത്തിയിട്ടുണ്ട്.

Latest