Connect with us

Articles

നെഹ്റുവിന്റെ ഓര്‍മകളെ ചുരണ്ടിക്കളയാനാകുമോ?

ചരിത്രത്തെ അടിമുടി മാറ്റിയെഴുതാനും ഐതിഹ്യങ്ങളെയും കെട്ടുകഥകളെയും ചരിത്രമാക്കാനുമുള്ള അങ്ങേയറ്റം പ്രതിലോമപരമായ നീക്കങ്ങളുടെ ഭാഗമാണ് ശാസ്ത്രാവബോധത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട നെഹ്‌റുവിന്റെ നാമം സ്മാരകങ്ങളില്‍ നിന്ന് ചുരണ്ടിക്കളയുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

Published

|

Last Updated

എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിലാണ് മഹാനായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെ സ്മരണയിലുള്ള ‘നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി’യുടെ പേര് മാറ്റി പ്രൈമിനിസ്റ്റേഴ്‌സ് മ്യൂസിയമാക്കിയിരിക്കുന്നത്. സ്ഥാപനത്തിന്റെ ചെയര്‍പേഴ്‌സനായ നൃപേന്ദ്ര മിശ്ര തന്നെയാണ് ഈ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംഘ്പരിവാര്‍ നെഹ്‌റുവിനെയും ഗാന്ധിയെയും മുഗള ചരിത്രത്തെയുമെല്ലാം ഭയപ്പെടുന്നതുകൊണ്ടാണ് അവരുടെ ഓര്‍മകള്‍ മായ്ച്ചുകളയാന്‍ സ്ഥാപനങ്ങളുടെയും റോഡുകളുടെയും നഗരങ്ങളുടെയും പേരുമാറ്റല്‍ ഒരു പതിവ് പരിപാടിയാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസം പകുതിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ (ഇദ്ദേഹമാണ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ്) അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പോലും ഈ തീരുമാനമെടുത്തത്. കേന്ദ്ര മന്ത്രിമാരായ അമിത് ഷായും നിര്‍മലാ സീതാരാമനും അനുരാഗ് ഠാക്കൂറുമെല്ലാം അടങ്ങുന്ന 29 പേര്‍ അംഗങ്ങളായിട്ടുള്ളതാണ് സൊസൈറ്റി.

ചരിത്ര പ്രസിദ്ധമായ തീന്‍മൂര്‍ത്തി ക്യാമ്പസിനുള്ളിലാണ് ഈ സ്വയംഭരണ ക്യാമ്പസ് പ്രവര്‍ത്തിക്കുന്നത്. 1948 ആഗസ്റ്റ് മുതല്‍ 1964 മെയ് 27 വരെ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു ഈ തീന്‍മൂര്‍ത്തി ഭവന്‍. 1922ലെ തീന്‍മൂര്‍ത്തി ഭവന്‍ പുനര്‍നിര്‍മിക്കുകയും മോദി പ്രധാനമന്ത്രിമാരുടെ മ്യൂസിയമായി മാറ്റുകയുമാണ് ചെയ്തത്. ഈ നടപടി നെഹ്‌റുവിയന്‍ കാലത്തോടും ചരിത്രത്തോടുമുള്ള ഹിന്ദുത്വവാദികളുടെ ഹീനവും അന്ധവുമായ വിദ്വേഷത്തെയാണ് കാണിക്കുന്നത്. ചരിത്ര സ്മാരകങ്ങളെയും നേതാക്കളെയും ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍. ചരിത്രത്തെയും സംസ്‌കാരത്തെയും കാവിവത്കരിച്ച് ഹിന്ദുരാഷ്ട്ര നിര്‍മിതിക്കാവശ്യമായ പ്രത്യയശാസ്ത്ര പരിസരം നിര്‍മിച്ചെടുക്കാനുള്ള അങ്ങേയറ്റം വിജ്ഞാനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളിലൂടെയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി ഇന്ത്യ കടന്നുപോകുന്നത്.

മോദി അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യയുടെ അഭിമാനങ്ങളായ അക്കാദമിക് സ്ഥാപനങ്ങളെ സംഘ്പരിവാര്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കങ്ങളാണ് നടന്നത്. സ്വതന്ത്രമായ അക്കാദമിക് സമൂഹത്തെ നിയന്ത്രിക്കാനും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുമുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രനിര്‍മിതിയുടെ ചരിത്രത്തെ ആധുനികവും ജനാധിപത്യപരവുമാക്കുന്നതില്‍ നെഹ്‌റുവിന്റെ പങ്ക് അനിഷേധ്യമാണ്. യാഥാസ്ഥിതികതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയില്‍ നിന്ന് ഇന്ത്യന്‍ സമൂഹത്തെ ഒരാധുനിക സമൂഹമാക്കി മാറ്റാനാണ് നെഹ്‌റു ശ്രമിച്ചത്. അതിന് വിജ്ഞാനോത്സുകവും സ്വതന്ത്രവുമായ അക്കാദമിക് സമൂഹം ആവശ്യമാണെന്ന് നെഹ്‌റു കണ്ടിരുന്നു. ആ ഒരു ഉള്‍ക്കാഴ്ചയിലാണ് നെഹ്‌റു സര്‍വകലാശാലകളും നെഹ്‌റു മ്യൂസിയം പോലുള്ള ക്യാമ്പസുകളും സ്ഥാപിച്ചത്. വിജ്ഞാനവിരുദ്ധരായ ഫാസിസ്റ്റുകള്‍ക്ക് അതൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ല. സ്വതന്ത്രമായ അക്കാദമിക് സമൂഹമെന്നത് ഏതൊരു രാജ്യത്തിന്റെയും ജനാധിപത്യം നിലനിര്‍ത്തുന്നതിലും വിപുലമാക്കുന്നതിലുമുള്ള മുന്നുപാധിയാണ്. അക്കാദമിക് സമൂഹങ്ങളെ നിയന്ത്രിച്ചും പ്രവര്‍ത്തിക്കാനനുവദിക്കാതെയുമാണ് ലോകത്തെല്ലായിടത്തും എല്ലാ സമൂഹങ്ങളും സമഗ്രാധിപത്യത്തിലേക്കോ ഫാസിസത്തിലേക്കോ പതിച്ചതെന്നതാണ് ചരിത്രം. എല്ലാ വിജ്ഞാനോത്പാദന കേന്ദ്രങ്ങളെയും ഹിന്ദുത്വവത്കരിക്കുകയെന്നതാണ് ആര്‍ എസ് എസിന്റെ അജന്‍ഡ. ആ അജന്‍ഡയില്‍ നിന്നാണ് സംസ്ഥാന പട്ടികയിലുള്ള ലൈബ്രറികളെ ഇപ്പോള്‍ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ലൈബ്രറീസ് വേദിയിലാണ് ഇങ്ങനെയൊരു പ്രഖ്യാപനമുണ്ടായത്. അതിനെ അതിശക്തമായി കേരളം എതിര്‍ക്കുകയും ചെയ്തു.

വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണമായി കേന്ദ്രീകരിക്കാനും വാണിജ്യവത്കരിക്കാനും വര്‍ഗീയവത്കരിക്കാനുമുള്ള പരിപാടിയുടെ ഭാഗമായിട്ടാണ് ദേശീയ വിദ്യാഭ്യാസനയം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. യാതൊരുവിദ അക്കാദമിക് യോഗ്യതയുമില്ലാത്ത ആളുകളെ ആര്‍ എസ് എസുകാരും മോദി ഭക്തരുമാണെന്ന കാരണത്താല്‍ മാത്രമാണ് ചരിത്ര, സാമൂഹിക, ശാസ്ത്ര കൗണ്‍സിലുകളുടെ അധ്യക്ഷന്മാരാക്കിയത്. ഇപ്പോള്‍ യു ജി സിയുടെ അധ്യക്ഷനായിരിക്കുന്ന ജഗദീഷ് കുമാര്‍ ആര്‍ എസ് എസിന്റെ വിജ്ഞാന ഭാരതി പ്രവര്‍ത്തകന്‍ മാത്രമായിരുന്നു. വിജ്ഞാന ഭാരതിയെന്നത് ചാണകത്തില്‍ പ്ലൂട്ടോണിയമുണ്ടെന്ന്, പൗരാണിക ഇന്ത്യയില്‍ കാണ്ഡകോശ സിദ്ധാന്തവും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഉണ്ടായിരുന്നുവെന്ന് പ്രചരിപ്പിക്കുന്ന വര്‍ഗീയ വിഭാഗങ്ങളുടെ സംഘടനയാണ്.

ചരിത്രത്തെയും സംസ്‌കാരത്തെയും വര്‍ഗീയവത്കരിക്കാനുള്ള വിധ്വംസകമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസത്തെ തങ്ങളുടെ ഹിന്ദുരാഷ്ട്രനിര്‍മിതിക്കുള്ള, പ്രത്യയശാസ്ത്ര ബോധനത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ്. ചരിത്രത്തെ അടിമുടി മാറ്റിയെഴുതാനും ഐതിഹ്യങ്ങളെയും കെട്ടുകഥകളെയും ചരിത്രമാക്കാനുമുള്ള അങ്ങേയറ്റം പ്രതിലോമപരമായ നീക്കങ്ങളുടെ ഭാഗമാണ് ശാസ്ത്രാവബോധത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട നെഹ്‌റുവിന്റെ നാമം സ്മാരകങ്ങളില്‍ നിന്ന് ചുരണ്ടിക്കളയുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ചരിത്രത്തിലെ മറ്റെല്ലാ സേച്ഛാധിപതികളെയുമെന്ന പോലെ താനാണ് രാഷ്ട്രമെന്ന് വിശ്വസിക്കുന്ന മോദി ചരിത്രം സൃഷ്ടിച്ച മഹാനുഭാവന്മാരുടെ പേരുകളെ പോലും ഭയപ്പെടുകയാണ്. ചാതുര്‍വര്‍ണ്യ പ്രോക്തമായ വരേണ്യബോധവും അസഹിഷ്ണുതയുമാണ് ആര്‍ എസ് എസുകാരുടെ പ്രത്യയശാസ്ത്രം. അതുകൊണ്ടുതന്നെ ആധുനിക ജനാധിപത്യ മൂല്യങ്ങളുടെയും രാഷ്ട്രീയ സംസ്‌കാരത്തിന്റെയും ഉജ്വല പ്രകാശം പരത്തിയ നെഹ്‌റുവിനെയും നെഹ്‌റുവിന്റെ ആശയങ്ങളിലൂടെ രൂപം കൊണ്ട ഭരണഘടനയെയും നെഹ്‌റുവിന്റെ തലമുറകള്‍ രൂപപ്പെടുത്തിയ ചരിത്രത്തെയുമെല്ലാം അവര്‍ക്ക് ഭയമാണ്.