bjp leader arrested
ഫാംഹൗസിന്റെ മറവില്‍ വേശ്യാലയം: മേഘാലയയിലെ ബി ജെ പി നേതാവ് യു പിയില്‍ അറസ്റ്റില്‍
മേഘാലയ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്.
ലക്‌നോ/ ഷില്ലോംഗ് | ഫാംഹൗസിന്റെ മറവില്‍ വേശ്യാലയം നടത്തിയ കേസില്‍ ഒളിവില്‍ പോയ മേഘാലയ ബി ജെ പി വൈസ് പ്രസിഡന്റ് ഉത്തര്‍ പ്രദേശില്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ വെച്ചാണ് ബെര്‍ണാര്‍ഡ് എന്‍ മരാക് എന്ന ബി ജെ പി നേതാവ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മേഘാലയ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ റെയ്ഡ് നടത്തിയ പോലീസ്, 73 പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.
തുടർന്ന് ബെര്‍ണാഡ് ഒളിവിൽ പോയി. വെസ്റ്റ് ഗാരോ ഹില്‍ ജില്ലയിലെ ടുരയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലുമാണ് റെയ്ഡ് നടന്നത്. റിസോര്‍ട്ടിലെ കേബിന്‍ പോലുള്ള വൃത്തിഹീനമായ മുറികളില്‍ പൂട്ടിയിട്ട നിലയിലായിരുന്നു പെൺകുട്ടികൾ. റിസോര്‍ട്ടില്‍ വേശ്യാലയം നടത്തിയതിനാലാണ് ബി ജെ പി നേതാവ് ഒളിവില്‍ പോയതെന്ന് മേഘാലയ പോലീസ് അറിയിച്ചിരുന്നു. ഗാരോ ഹില്‍ സ്വയംഭരണ ജില്ലാ കൗണ്‍സിലിലെ ജനപ്രതിനിധിയാണ് ബെര്‍ണാര്‍ഡ്. കീഴടങ്ങിയ സായുധ സംഘം നേതാവ് കൂടിയാണ്.
ഒളിവില്‍ പോയിട്ടില്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും ബെര്‍ണാര്‍ഡ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി കൊണ്‍റാഡ് സാംഗ്മ തന്നെ ലക്ഷ്യംവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പോക്‌സോ കേസിലടക്കം പ്രതിയായ ബെര്‍ണാര്‍ഡ് നേരത്തേയും നിരവധി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.




