National
ലോക നേതാക്കള്‍ രാജ്യ തലസ്ഥാനത്ത്; ചേരികള്‍ തുണികൊണ്ടു മറച്ചു
എത്ര ശ്രമിച്ചാലും സത്യം മറച്ചുവെക്കാനാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി | ബ്രിക്‌സ് ഉച്ചകോടിക്കായി ലോക നേതാക്കള്‍ ഇന്ത്യയുടെ തലസ്ഥാനത്ത് എത്തുമ്പോള്‍ നാണക്കേടായി നില്‍ക്കുന്ന ചേരികള്‍ തുണികൊണ്ടു മറച്ചു. വസന്ത് കുഞ്ചിലെ ചേരി പ്രദേശങ്ങളാണ് തുണികൊണ്ട് മറച്ചത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. എത്ര ശ്രമിച്ചാലും സത്യം മറച്ചുവെക്കാനാകില്ലെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം. സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ടു പിന്നിടുമ്പോഴും ദാരിദ്ര്യത്തിന്റെ പ്രതീകമായി ചേരികള്‍ തുടരുന്നത് വികസ്വര രാജ്യമായ ഇന്ത്യയുടെ വികസന ലക്ഷ്യങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.
ഡല്‍ഹിയില്‍ രണ്ടു ദിവസങ്ങളിലായാണ് ഉച്ചകോടി നടക്കുന്നത്. സമ്മേളനം നടക്കുന്ന ഭാരത് മണ്ഡപത്തിലും ഇന്റര്‍നാഷണല്‍ മീഡിയ സെന്ററിലും അംഗരാജ്യങ്ങളുടെ പതാകകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും റഷ്യ-യുക്രൈന്‍ യുദ്ധവും ആഗോള വിപണിയിലുണ്ടാക്കിയ പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
വാണിജ്യ-സാമ്പത്തിക മേഖലകളില്‍ പരസ്പര ധാരണയോടെ മുന്നേറുന്നതിനും ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനും സഹായകരമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള നിര്‍ണായക ഉഭയകക്ഷി കൂടിക്കാഴ്ച വൈകിട്ട് 5.45ന് നടക്കും. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയാകും.
അംഗരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും വ്യാപാര-സാങ്കേതിക മേഖലകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കുകയുമാണ് ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
Content Highlights:
Slums in Delhi’s Vasant Kunj were covered with curtains ahead of the BRICS summit, prompting strong criticism from the Aam Aadmi Party. The two-day summit at Bharat Mandapam will focus on economic cooperation, West Asia tensions, and global trade challenges. PM Narendra Modi and Chinese President Xi Jinping are scheduled for bilateral talks.




