Kerala
സി പി എമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതി നാളെ കോഴിക്കോട്ട് തുടങ്ങും
ബ്രാഞ്ച്തലം മുതല്‍ നടന്ന ചര്‍ച്ചയുടെയും ജനങ്ങളില്‍നിന്ന് നേരിട്ട് ലഭിച്ച 20,200 അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാകും യോഗത്തില്‍ ചര്‍ച്ച നടക്കുക
കോഴിക്കോട് | രാഷ്ട്രീയവും സംഘടനാപരവുമായ തിരുത്തല്‍ നടപടികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള സി പി എമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതി നാളെ കോഴിക്കോട്ട് തുടങ്ങും. 15 വരെ മൂന്ന് ദിവസങ്ങളിലായാണ് യോഗം. 15 നു കോഴിക്കോട് ബീച്ചില്‍ ബഹുജന റാലിയോടെയാണ് സമാപനം.
തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ക്ക് രാഷ്ട്രീയവും സംഘടനാ പരവുമായ വീഴ്ചകളും കാരണമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ ശക്തമായ തിരുത്തല്‍ പ്രക്രിയ ആരംഭിക്കുന്നത്. ഇതിനുള്ള ചര്‍ച്ചകളും തീരുമാനങ്ങളും ആയിരിക്കും വിപുലീകൃത സംസ്ഥാന സമിതി യോഗത്തില്‍ ഉണ്ടാകുക. സംസ്ഥാന സമിതി അംഗങ്ങള്‍ക്കു പുറമെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികള്‍ എന്നിവരാണ് വിപുലീകൃത യോഗത്തില്‍ പങ്കെടുക്കുന്നത്. ബ്രാഞ്ച്തലം മുതല്‍ നടന്ന ചര്‍ച്ചയുടെയും ജനങ്ങളില്‍നിന്ന് നേരിട്ട് ലഭിച്ച 20,200 അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാകും യോഗത്തില്‍ ചര്‍ച്ച നടക്കുക.
തോല്‍വി സംബന്ധിച്ച് കേന്ദ്ര -സംസ്ഥാന കമ്മിറ്റികള്‍ തയാറാക്കിയ വിലയിരുത്തലുകളാണ് റിപോര്‍ട്ടിന്റെകാതല്‍. പാര്‍ട്ടിയില്‍ അടിമുടി ബാധിച്ചിട്ടുള്ള രാഷ്ട്രീയ, സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ചാല്‍ പ്രതിസന്ധികളെ മറികടക്കാമെന്നതാണ് റിപോര്‍ട്ടിന്റെ കാതല്‍. നേതൃമാറ്റം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നെങ്കിലും വിപുലീകൃത യോഗത്തില്‍ ഈ വിഷയം ഉയരുമോ എന്നുറപ്പില്ല.
സുപ്രധാന ഘട്ടത്തില്‍ പാര്‍ട്ടി പ്ലീനം ചേര്‍ന്നിട്ടുണ്ടെങ്കിലും വിപുലീകൃത സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കുന്നത് കേരളത്തിലെ സി പി എമ്മില്‍ ആദ്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടപ്പോള്‍ വിജയവാഡയില്‍ 2010ല്‍ വിപുലീകൃത കേന്ദ്ര കമ്മിറ്റി ചേര്‍ന്നിരുന്നു. 307 പ്രതിനിധികള്‍ പങ്കെടുക്കുന്ന വിപുലീകൃത സംസ്ഥാന സമിതിയില്‍ മേല്‍നോട്ടം വഹിക്കാന്‍ ജനറല്‍ സെക്രട്ടറി എം എ ബേബി ഉള്‍പ്പെടെ അഞ്ചു പോളിറ്റ് ബ്യൂറോ അംഗങ്ങളും എത്തുന്നുണ്ട്.
Content Highlights: The three-day extended state committee meeting of the CPM begins in Kozhikode to formulate political and organizational corrective measures. Over 300 delegates, including top Politburo leaders, are attending the conference. The event will culminate with a massive public rally at Kozhikode beach


