Connect with us

hajj

ഓസ്ട്രിയയിൽ നിന്ന് കാൽനടയായി ഹജ്ജിന് യാത്രതിരിച്ച് ബോസ്നിയക്കാരൻ

6,600 കിലോമീറ്റർ സഞ്ചരിച്ച് ജൂൺ പകുതിയോടെ മക്കയിലെത്താനാണ് ലക്ഷ്യമിടുന്നത്

Published

|

Last Updated

വെൽസ് | ഓസ്ട്രിയൻ നഗരമായ വെൽസിൽ നിന്ന് ഹജ്ജിനായി പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ച്  ബോസ്നിയക്കാരൻ. നവംബർ 18 ന് ആരംഭിച്ച യാത്ര 6,600 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച്‌ ജൂൺ പകുതിയോടെ മക്കയിലെത്തിച്ചേരാണ് അൻവർ ബെഗനോവിച്ച് ലക്ഷ്യമിടുന്നത്.

വിശ്വസിക്കുന്ന മതത്തിൽ നിന്ന് അകന്നുപോയതായി തോന്നി, ഏകാന്തത ആവശ്യമായിരുന്നു, ജീവിതം പുനർവിചിന്തനത്തിന് വിധേയമാക്കിയതോടെയാണ് നീണ്ട യാത്രക്ക്  പ്രേരിപ്പിച്ചതെന്നും 52 കാരനായ അൻവർ പറഞ്ഞു. ഓസ്ട്രിയയിൽ നിന്ന് സ്ലോവേനിയ, ക്രൊയേഷ്യ, ബോസ്നിയ, ഹെർസഗോവിന എന്നീ രാജ്യങ്ങൾ കടന്ന് മക്കയിലേക്കുള്ള യാത്രയ്ക്കിടെ സെർബിയൻ നഗരമായ സിനിക്കയിൽ എത്തിയതോടെയാണ് ഇദ്ദേഹത്തിന്റെ യാത്രയെ കുറിച്ചുള്ള വാർത്തകൾ പുറംലോകം അറിയുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി ഹജ്ജ് യാത്രക്കുള്ള തീവ്രമായ തയ്യാറെടുപ്പിലായിരുന്നു. പ്രഥമശുശ്രൂഷക്ക് ആവശ്യമായ മരുന്നുകൾ, വസ്ത്രങ്ങൾ, സ്പെയർ ഷൂസ്, മൊബൈൽ ഫോൺ ചാർജർ എന്നിവയുമായി രണ്ട് ബാക്ക്പാക്കുകൾ മാത്രമാണ് യാത്രയിൽ കൊണ്ടുപോകുന്നത്. ഇതുവരെയുള്ള യാത്രയിൽ മനോഹരമായ അനുഭവങ്ങൾ  മാത്രമേ ഉണ്ടായിട്ടുള്ളൂ. യാത്രക്ക് ശാരീരിക ക്ഷമത ആവശ്യമാണ്. പക്ഷേ ബോധ്യവും വിശ്വാസവും ശരിയായ പാതയിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമാണ് തന്നെ നയിക്കുന്നതെന്നും ബെഗനോവിച്ച് പറഞ്ഞു.

ബോസ്നിയയിലും ഹെർസഗോവിനയിലും ഉള്ള തന്റെ ജന്മനാടായ കാസിൻ നഗരത്തിലെത്തി മാതാവിനെയും ബന്ധുക്കളെയും സന്ദർശിച്ചാണ് യാത്ര. മക്കയിലെത്താൻ കുറുക്കുവഴി ആഗ്രഹിച്ചിട്ടില്ല. മുൻ യുഗോസ്ലാവിയയിലെ രാജ്യങ്ങളിലൂടെ കടന്നുപോകാനാണ് തീരുമാനം. സരജേവോയിൽ നിന്ന് സാൻഡ്‌സാക്ക്, കൊസോവോ, നോർത്ത് മാസിഡോണിയ, സൗത്ത് ബൾഗേറിയ, ബൾഗേറിയ, തുർക്കി, സിറിയ, ഇറാഖ് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് മക്കയിലെത്തുന്നത് വരെ താൻ നടത്തം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥയെ ആശ്രയിച്ചാണ് ദിവസവും യാത്ര ചെയ്യുന്നത്. പ്രതിദിനം 35 മുതൽ 60 കിലോമീറ്റർ വരെയാണ് ശരാശരി നടക്കുന്നത്. ഓസ്ട്രിയയിലാണ് സ്ഥിര  താമസം. വിവാഹിതനാണ്. നാല് കുട്ടികളുണ്ട്. യാത്രക്ക് മികച്ച പിന്തുണയാണ് കുടുംബം നൽകിയതെന്നും ബെഗനോവിച്ച് പറഞ്ഞു.

യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളിലെ മുസ്ലിം- ക്രിസ്ത്യൻ കുടുംബങ്ങൾ തനിക്ക് വലിയ സ്വീകരണമാണ് നൽകുന്നത്. പലരും താമസ സൗകര്യം ഒരുക്കുന്നു. എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അവർ ആരായുന്നു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളും വനപാതകളും മഹാനഗരങ്ങളും തന്നെ കാത്തിരിക്കുന്നുവെങ്കിലും എല്ലാം ദൈവത്തിൽ അർപ്പിച്ച് യാത്ര തുടരുകയായെന്നും ബെഗനോവിച്ച് പറഞ്ഞു.

സിറാജ് പ്രതിനിധി, ദമാം