National
ബിജെപി ദേശീയ നിര്‍വ്വാഹകസമിതി: വി.മുരളീധരനും കുമ്മനം രാജശേഖരനും ഇടംനേടി
പ്രത്യേക ക്ഷണിതാക്കളായി ഇ.ശ്രീധരനേയും പി.കെ.കൃഷ്ണദാസിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി കേരള അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ നിര്‍വ്വാഹകസമിതിയില്‍ അംഗത്വം നേടി.

ന്യൂഡല്‍ഹി| ബിജെപി ദേശീയ നിര്‍വ്വാഹകസമിതി പുനസംഘടിപ്പിച്ചു. പുനസംഘടിപ്പിച്ച എണ്‍പത് അംഗ ദേശീയ നിര്‍വാഹക സമിതിയില്‍ കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രി വി.മുരളീധരനും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും. പ്രത്യേക ക്ഷണിതാക്കളായി ഇ.ശ്രീധരനേയും പി.കെ.കൃഷ്ണദാസിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി കേരള അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ നിര്‍വ്വാഹകസമിതിയില്‍ അംഗത്വം നേടി. ദേശീയ ഉപാധ്യക്ഷനെന്ന നിലയില്‍ എ.പി.അബ്ദുള്ളക്കുട്ടിയും ദേശീയ വക്താവായി ടോം വടക്കനും സമിതിയിലുണ്ട്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് നിര്‍വ്വാഹക സമിതി അംഗങ്ങളെ നിര്‍ദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അധ്വാനി, മുരളീ മനോഹര്‍ ജോഷി, രാജ്‌നാഥ് സിംഗ്, അമിത് ഷാ,നിതിന്‍ ഗഡ്കരി എന്നിവര്‍ സമിതിയിലുണ്ട്. രാജ്യസഭാ കക്ഷിനേതാവ് പീയൂഷ് ഗോയലും സമിതിയില്‍ അംഗമാണ്. അന്‍പത് പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും അടങ്ങിയതാണ് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി.