National
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് തടിയൂരി ബി ജെ പി മന്ത്രി
പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താന്‍ തയ്യാറെന്ന്

ഭോപ്പാല്‍ | ഓപറേഷന്‍ സിന്ദൂറിന് നേതൃത്വം നല്‍കിയ ആര്‍മി കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബി ജെ പി നേതാവും മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രിയുമായ കുന്‍വര്‍ വിജയ് ഷാ. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും സഹോദരിയേക്കാള്‍ കേണല്‍ ഖുറേഷിയെ താന്‍ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന് അഭിമാനമായി മാറിയ സോഫിയ ഖുറേഷിക്കെതിരെ പരാമര്‍ശം നടത്തിയ കുന്‍വര്‍ വിജയ് ഷായെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഷായുടെ അപക്വമായ പരാമര്‍ശത്തെ ബി ജെ പിയും വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ഷമാപണവുമായി ഷാ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന പരിപാടിയിലാണ് കേണല്‍ സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്ന വിധത്തില്‍ വിജയ് ഷാ പ്രസംഗിച്ചത്. ‘ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അവരില്‍പ്പെട്ട സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു. നമ്മുടെ പെണ്‍മക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തത്. അവര്‍ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെണ്‍മക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാണ്’ എന്നായിരുന്നു പ്രസംഗം.