Connect with us

National

മഹാരാഷ്ട്രയില്‍ വീണ്ടും വന്‍ ട്വിസ്റ്റ്; സൂപ്പര്‍ ക്ലൈമാക്‌സില്‍ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി പദത്തിലേക്ക്

മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് പദവിയിലേക്ക് ശിവസേനാ വിമത നേതാവിന്റെ പേര് പ്രഖ്യാപിച്ചത്.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബി ജെ പിയുടെ വന്‍ നാടകീയ നീക്കം. ഷിന്‍ഡെയുടെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.30ന് നടക്കും. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് മുഖ്യമന്ത്രി പദവിയിലേക്ക് ശിവസേനാ വിമത നേതാവിന്റെ പേര് പ്രഖ്യാപിച്ചത്. ഫഡ്‌നാവിസും ഷിന്‍ഡെയും ഗവര്‍ണറെ കണ്ട് എം എല്‍ എമാരുടെ പിന്തുണ അറിയിക്കുന്ന കത്ത് കൈമാറി. ശിവസേനാ വിമതര്‍ക്ക് 13 മന്ത്രി സ്ഥാനങ്ങള്‍ നല്‍കിയേക്കും.

ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. എന്നാല്‍, വന്‍ നാടകീയതക്കൊടുവില്‍ ശിവസേനയുടെ വിമത നേതാവിന്റെ പേര് ഫഡ്‌നാവിസ് തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ഏറെ അപ്രതീക്ഷിതമായ നീക്കമാണ് ബി ജെ പി നടത്തിയത്. 2004 മുതല്‍ നാല് തവണ തുടര്‍ച്ചയായി എം എല്‍ എയാണ് ഷിന്‍ഡെ. പുതിയ സര്‍ക്കാറില്‍ താനുണ്ടാകില്ലെന്ന് ഫഡ്‌നാവിസും ബാല്‍ താക്കറെക്ക് വേണ്ടിയാണ് തീരുമാനമെന്ന് ഷിന്‍ഡെയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനതാത്പര്യം ആയിരുന്നില്ല അഘാഡി സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ഷിന്‍ഡെ പ്രതികരിച്ചു. തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്ധവ് താക്കറെ തയാറായിരുന്നില്ല. തന്നെ മുഖ്യമന്ത്രിയാക്കിയതില്‍ ബി ജെ പിയോട് ഷിന്‍ഡെ നന്ദി പറഞ്ഞു. ഫഡ്‌നാവിസിന്റെ ത്യാഗം മറക്കില്ല. ബി ജെ പിയുമായുള്ള സഹകരണം അഘാഡി സഖ്യം പോലെയാകില്ല. മഹാരാഷ്ട്രയുടെ വികസനത്തിനാകും മുന്‍ഗണനയെന്നും ഷിന്‍ഡെ വ്യക്തമാക്കി.

 

 

 

 

Latest