Connect with us

Prathivaram

പെരുമാറ്റം

Published

|

Last Updated

പെരുമാറ്റം ഒരു മഹത്തായ കലയാണ്. ഏതൊരാളുടെയും ബന്ധങ്ങളെയും ഉയർച്ചയേയും തീരുമാനിക്കുന്നതിലും മാറ്റ് കൂട്ടുന്നതിലും പ്രധാനപ്പെട്ടതാണ് അയാളുടെ പെരുമാറ്റം. സാമൂഹിക ജീവിയായ മനുഷ്യൻ നിത്യജീവിതത്തിൽ നിരവധി വ്യക്തികളും സംഘങ്ങളുമായി ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബന്ധപ്പെടുന്നു.

അതിലെ ഏറ്റവ്യത്യാസങ്ങൾക്കനുസൃതമായി ജീവിതത്തിലെ സുഖ ദുഃഖങ്ങളും ജയപരാജയങ്ങളും സന്തോഷ സന്താപങ്ങളും നിർണയിക്കപ്പെടുന്നു. മികച്ച വ്യക്തിത്വമുള്ളവർക്കാണ് മറ്റുള്ളവരോട് പക്വവും മാന്യവുമായ രീതിയിൽ പെരുമാറാനും പ്രതിസന്ധികളെ നേരിടാനും വെല്ലുവിളികളെ അതിജയിക്കാനും സാധിക്കുന്നത്.

വ്യക്തിത്വ വികസനം, കുടുംബ ജീവിതത്തിലെ സംതൃപ്തി, സാമൂഹിക ഇടപെടലുകളിലെ പ്രതിഫലനം, പഠന മികവ്, സാമ്പത്തിക ഉന്നമനം, ബിസിനസ് രംഗങ്ങളിലെ പുരോഗതി ഇവയെല്ലാം മികച്ച പെരുമാറ്റ രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. മനുഷ്യരെ നല്ലവരെന്നോ ചീത്തവരെന്നോ തരംതിരിക്കുന്നതും ബന്ധങ്ങളെ സുദൃഢമാക്കുന്നതും അതില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതും സ്വഭാവത്തിലെ നന്മതിന്മകളാണ്. നല്ല സ്വഭാവം പരലോക വിജയത്തിന് നിദാനമാകുന്ന ആരാധനയാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്. പരലോകത്ത് സത്യവിശ്വാസിയുടെ ത്രാസില്‍ സല്‍സ്വഭാവത്തോളം ഭാരം തൂങ്ങുന്നതൊന്നുമുണ്ടാകില്ലെന്ന് തിരുവചനത്തിലുണ്ട്.
വ്യക്തിജീവിതത്തിലെ പെരുമാറ്റ രീതികള്‍ നല്ലതായിത്തീരുമ്പോള്‍ മറ്റുള്ളവര്‍ ഏറെ ഇഷ്ടപ്പെടുന്നതോടൊപ്പം പ്രപഞ്ചനാഥന്റെ പൊരുത്തം കൂടി ലഭിക്കുന്നു. ഒരു മനുഷ്യന് ലഭിക്കുന്നതിലേറ്റവും ഉത്തമമായതെന്താണെന്ന ചോദ്യത്തിന് തിരുനബി(സ) നൽകിയ മറുപടി അവന്റെ നല്ല പെരുമാറ്റവും സല്‍സ്വഭാവവുമെന്നാണ്. സല്‍സ്വഭാവമുള്ളവർക്ക് മറ്റെന്ത് കുറവുണ്ടെങ്കിലും അതൊരു ന്യൂനതയായി ഗണിക്കില്ല. സല്‍സ്വഭാവമില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടും കാര്യവുമില്ല. തെറ്റു പറ്റിയാൽ അതിനെ ന്യായീകരിക്കാതെയും മറ്റുള്ളവരുടെ തലയിലിടാതെയും അത് സമ്മതിക്കാനും സ്വയം തിരുത്താനുമുള്ള ആർജവമാണ് വേണ്ടത്.

മറ്റുള്ളവരെ അംഗീകരിക്കുക എന്നത് വലിയ പ്രയാസമായി കാണുന്നവരാണ് പലരും. എന്നാൽ ശരിയായ വ്യക്തിത്വമെന്നത് മറ്റുള്ളവരെ കൂടി അംഗീകരിക്കുക എന്നതാണ്.
ഉത്തമ സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു തിരുനബി(സ). അജ്ഞതയും അന്ധകാരവും ഇരുൾ പരത്തിയ ആറാം നൂറ്റാണ്ടിലെ കാട്ടാളന്മാരെ സംസ്കൃത സമൂഹമാക്കിയെടുത്തത് അവിടുത്തെ ഉൽകൃഷ്ട പെരുമാറ്റത്തിലൂടെയായിരുന്നു. വിശുദ്ധ ഖുർആൻ പോലെ ആകർഷണീയമായിരുന്നു അവിടുത്തെ സ്വഭാവം. കൊടിയ ശത്രുവിനെ പോലും ഞൊടിയിട നേരം കൊണ്ട് അടുത്ത മിത്രമാക്കി മാറ്റാൻ മാത്രം മാസ്മരികമായിരുന്നു അത്. അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് താങ്കൾ അവരോട് മൃദുവായി പെരുമാറുന്നത്ത്. താങ്കൾ പരുക്കനും ഹൃദയം കടുത്ത ആളുമായിരുന്നെങ്കിൽ അവർ താങ്കളെ പിരിഞ്ഞു പോകുമായിരുന്നു. (ആലു ഇംറാൻ: 159)

പ്രസിദ്ധ ഈജിപ്ഷ്യൻ കവി അഹ്മദ് ശൗഖിയുടെ വരികളിൽ കാണാം. “ഉത്തമ സമൂഹം നിലനിൽക്കുന്നത് ഉദാത്ത സ്വഭാവം നിലനിൽക്കുന്നിടത്തോളം കാലമാണ്. അത് ഇല്ലാതാവുന്നതോടെ സമൂഹവും നശിക്കുന്നു. സ്വഭാവ വൈകൃതം നിറഞ്ഞ സമൂഹത്തിൽ ദുഃഖവും സങ്കടവും നിറഞ്ഞു നിൽക്കും.

“നിന്റെ വിജയം ഉറവയെടുക്കുന്നത് സല്‍സ്വഭാവത്തില്‍ നിന്നാണ്. അതിനാല്‍ സല്‍സ്വഭാവമുപയോഗിച്ച് നീ നിന്നെ നേരെയാക്കുക’. നൈലിന്റെ കവിയെന്ന പേരിൽ വിശ്രുതനായ ഹാഫിസ് ഇബ്‌റാഹീമിന്റെ വരികളിൽ ഇങ്ങനെ ഓർമിപ്പിക്കുന്നു.