Kerala
സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജുലൈ 31വരെ ട്രോളിങ്ങ് നിരോധനം
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം | സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനത്തിന് തീരുമാനം. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കും ഈ വർഷത്തെ ട്രോളിംഗ് നിരോധനം.എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി.
അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിടണം. ഇതിന് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. കൊല്ലം ജില്ലയിലെ നീണ്ടകര ഹാര്‍ബര്‍ ട്രോളിങ് നിരോധന കാലഘട്ടത്തില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വര്‍ഷവും തുടരാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടണം. അതേസമയം, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തിരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ്ങ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പു നല്കി.