Editorial
സ്‌കൂള്‍ ക്ലാസ്സ് മുറികളില്‍ ബാക്ക് ബെഞ്ച് "ഔട്ട്'
"U' ആകൃതിയിലുള്ള ഇരിപ്പിട രീതി അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും കൂടുതല്‍ ഊര്‍ജസ്വലമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനും സഹായകമാകും.
സ്‌കൂളുകളില്‍ എല്ലാ വിദ്യാര്‍ഥികളും ഇനി മുന്‍നിരയില്‍. ബാക്ക് ബെഞ്ച് ഉണ്ടാകില്ല. ക്ലാസ്സുകള്‍ ‘ഡ’ രീതിയിലോ അര്‍ധവൃത്താകൃതിയിലോ ക്രമീകരിച്ച് മുഴുവന്‍ കുട്ടികള്‍ക്കും തുല്യപരിഗണന ലഭിക്കുന്ന ജനാധിപത്യപരവും ശിശുസൗഹൃദവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഫേസ്ബുക്കിലൂടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് സ്‌കൂള്‍ ബാഗിന്റെ ഭാരം കുറക്കാനുള്ള നടപടികളും സ്വീകരിക്കും.
വിദ്യാഭ്യാസമെന്നത് പാഠപുസ്തകങ്ങളിലൂടെ വിവരങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഒരു യാന്ത്രിക പ്രക്രിയയല്ല, കുട്ടികളില്‍ ചിന്താശേഷിയും ആത്മവിശ്വാസവും സാമൂഹിക ബോധവും വളര്‍ത്തുന്ന മനുഷ്യനിര്‍മാണ പ്രക്രിയ കൂടിയാണ്. അഥവാ അങ്ങനെ ആയിരിക്കണം. നമ്മുടെ ക്ലാസ്സ് മുറികളുടെ ഘടന ഇതിന് അനുയോജ്യമല്ല. മുന്നിലും പിന്നിലുമായി വരിവരിയായി ബെഞ്ചുകളിട്ടു സജ്ജീകരിച്ച ഇരിപ്പടങ്ങളാണ് നിലവിലുള്ളത്. മുന്‍ ബെഞ്ച്, പിന്‍ ബെഞ്ച് എന്ന ഈ വേര്‍തിരിവ് വിദ്യാര്‍ഥികളില്‍ മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെടുന്നു. മുന്‍ബെഞ്ചിലുള്ളവര്‍ പഠനത്തില്‍ മികവുള്ളവരും പിന്‍ബെഞ്ചുകാര്‍ പഠനനിലവാരം കുറഞ്ഞവരും വികൃതികളും എന്നൊരു കാഴ്ചപ്പാട് നിലനില്‍ക്കുന്നുണ്ട് സമൂഹത്തില്‍. മുന്‍കാലത്ത് പഠനനിലവാരം അനുസരിച്ചായിരുന്നു അധ്യാപകര്‍ കുട്ടികളെ ഇരുത്തിയിരുന്നത്. പിന്നീട് ഈ ക്രമീകരണത്തില്‍ മാറ്റം വരികയും മിക്കയിടത്തും കുട്ടികളുടെ ഉയരക്രമമനുസരിച്ച് ബെഞ്ച് തീരുമാനിക്കുന്ന സ്ഥിതി വരികയും ചെയ്തെങ്കിലും ബാക്ക് ബഞ്ചിലിരിക്കുന്നവര്‍ തരികിടകളും പഠനത്തില്‍ പിന്നാക്കക്കാരുമാണെന്ന മുന്‍ധാരണക്ക് ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ല. ഇത് പിന്‍ബെഞ്ചുകളില്‍ ഇരിക്കുന്ന വിദ്യാര്‍ഥികളുടെ ആത്മവിശ്വാസത്തെയും പഠനതത്പരതയെയും ബാധിക്കുന്നു. ബാക്ക് ബെഞ്ചുകാരന്‍ എന്ന പദം തന്നെ വിദ്യാഭ്യാസ സംസ്‌കാരത്തിലെ ഒരു പരാജയ സൂചനയായാണ് ഗണിക്കപ്പെടുന്നത്. മുന്‍ ബെഞ്ച്, പിന്‍ ബെഞ്ച് സിസ്റ്റം ഇല്ലാതാക്കി ‘U’ ആകൃതിയിലുള്ള ക്ലാസ്സ് സംവിധാനം ഇതിന് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്ലാസ്സുകള്‍ ശാസ്ത്രീയ രീതിയില്‍ സജ്ജീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശമാണ് ‘U’ ഷേപ്പ് മാതൃക.
അധ്യാപകന്‍ പറയുന്നത് കുട്ടികള്‍ കേട്ടുപഠിക്കുന്ന ഏകപക്ഷീയമായ പ്രക്രിയയല്ല ആധുനിക വിദ്യാഭ്യാസം. ആശയവിനിമയത്തിലൂടെയും ചര്‍ച്ചകളിലൂടെയും നടക്കേണ്ട പ്രക്രിയയാണ്. നിലവിലുള്ള ക്ലാസ്സ് റൂം സജ്ജീകരണം ഇതിന് സഹായകമല്ല. പിന്‍ ബെഞ്ചിലിരിക്കുന്ന കുട്ടികള്‍ക്ക് അധ്യാപകരുമായി സംവദിക്കാനുള്ള അവസരവും കുറവായിരിക്കും. ‘U’ ആകൃതിയിലുള്ള ഇരിപ്പിട രീതി അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും കൂടുതല്‍ ഊര്‍ജസ്വലമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനും സഹായകമാകും. അധ്യാപകന്‍ ക്ലാസ്സെടുക്കുകയും എന്തെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് സംശയം ചോദിക്കാനും ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും ഇത് സൗകര്യം നല്‍കുന്നു.
പരമ്പരാഗത രീതിയില്‍ കൂട്ടികള്‍ മുന്‍, പിന്‍ ബെഞ്ചുകളിലായി ഇരിക്കുമ്പോള്‍, പിന്‍ ബെഞ്ചുകളിലെ കുട്ടികള്‍ കാണുന്നത് മുന്നിലിരിക്കുന്ന സഹപാഠിയുടെ തലയുടെ പിന്‍വശം മാത്രമാണ്. ‘U’ ഷേപ്പ് രീതിയില്‍ എല്ലാവര്‍ക്കും പരസ്പരം മുഖത്തോട് മുഖം കാണാനും സംസാരിക്കാനും സാധിക്കും. പരമ്പരാഗത രീതിയില്‍ കുട്ടികള്‍ കേവല ശ്രോതാക്കള്‍ മാത്രമാണ്. ‘U’ ഷേപ്പ് രീതിയില്‍ അവര്‍ എല്ലാറ്റിലും സജീവ പങ്കാളികളായി മാറുന്നു. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയും വിശകലന ബുദ്ധിയും വര്‍ധിപ്പിക്കാനിടയാക്കുമെന്നാണ് മനശ്ശാസ്ത്ര വിദഗ്ധ പക്ഷം. ഒരു ക്ലാസ്സിലെ എല്ലാ വിദ്യാര്‍ഥികളും പരിഗണിക്കപ്പെടുന്നുവെന്ന തോന്നല്‍ ഉണ്ടായാല്‍ മാത്രമേ സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനം പൂര്‍ണമാകൂ.
ഫിന്‍ലാന്‍ഡ്, സിംഗപ്പൂര്‍, കാനഡ തുടങ്ങി പല വിദേശ രാജ്യങ്ങളിലും നിരനിരയായി കുട്ടികളെ ഇരുത്തുന്ന സമ്പ്രദായം ഒഴിവാക്കി ‘U’ ഷേപ്പ് രീതിയിലേക്കോ, അര്‍ധവൃത്താകൃതിയിലേക്കോ മാറിയിട്ട് പതിറ്റാണ്ടുകളായി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. നിരവധി സ്‌കൂളുകളില്‍ കെട്ടിടങ്ങള്‍ ആധുനീകരിക്കുകയും ഹൈടെക് ക്ലാസ്സ് മുറികള്‍ നിലവില്‍ വരികയും ചെയ്തു. വികസിത രാജ്യങ്ങളില്‍ നേരത്തേ നിലവില്‍വന്ന ‘U’ ഷേപ്പ് ക്ലാസ്സ് മുറികള്‍ കൂടി സജ്ജീകൃതമാകുന്നതോടെ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ ഈ രീതി നടപ്പാക്കുന്നതിന് ചില പ്രായോഗിക പ്രയാസങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. വികസിത രാജ്യങ്ങളില്‍ ഒരു ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 15 മുതല്‍ 25 വരെയാണ്. അതേസമയം കേരളത്തില്‍ ക്ലാസ്സിലെ കുട്ടികളുടെ എണ്ണം നാല്‍പ്പതോ അതിനടുത്തോ വരും. പല സ്‌കൂളുകളിലും ക്ലാസ്സ് റൂമുകള്‍ വേണ്ടത്ര വിസ്തൃതിയില്ലാത്ത കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ‘U’ ഷേപ്പില്‍ ക്ലാസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ ക്ലാസ്സ് മുറികളുടെ നടുഭാഗം ശൂന്യമായി കിടക്കുന്നതിനാല്‍ കുട്ടികളെ പൂര്‍ണമായി ഇരുത്താന്‍ സാധിച്ചെന്നു വരില്ല. മുമ്പ് കണ്ണൂരിലെ കല്യാശ്ശേരി ഉള്‍പ്പെടെ ചില സ്‌കൂളുകളില്‍ അര്‍ധവൃത്താകൃതിയില്‍ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്ന രീതി പരീക്ഷിച്ചിരുന്നു. കുട്ടികള്‍ കൂടുതലുള്ള ക്ലാസ്സുകളില്‍ പ്രയാസമായതോടെ ഈ രീതി ഒഴിവാക്കുകയാണുണ്ടായത്. ചെറിയ ക്ലാസ്സ് റൂമുകളുള്ള സ്‌കൂളുകളില്‍ കെട്ടിടം പുതുക്കി പണിയുകയോ റൂമുകളുടെ ഘടനയില്‍ മാറ്റം വരുത്തുകയോ ചെയ്തെങ്കിലേ പരിഷ്‌കരണം നടപ്പാക്കാനാകൂ. കൂടാതെ സ്‌കൂളുകളിലെ നിലവിലുള്ള ബെഞ്ചും ഡസ്‌കും ‘U’ ഷേപ്പ് ക്രമീകരണത്തിന് അനുയോജ്യവുമല്ല. പുതിയ ഫര്‍ണിച്ചറുകള്‍ നിര്‍മിക്കേണ്ടി വരും. ഇതെല്ലാം വലിയ സാമ്പത്തികബാധ്യത വരുത്തുന്ന കാര്യങ്ങളാണ്. അതിനാവശ്യമായ തുക കണ്ടെത്തണം. എങ്കിലും ഘട്ടംഘട്ടമായി നടപ്പാക്കാവുന്നതാണ്.



