Connect with us

Kerala

പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ശബ്ദരേഖ; ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയെ തരം താഴ്ത്തി

തൃശൂരിലെ മുതിര്‍ന്ന നേതാക്കളായ എം കെ കണ്ണന്‍, എ സി മൊയ്തീന്‍ എന്നിവര്‍ക്കെതിരെ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്

Published

|

Last Updated

തൃശൂര്‍ | തൃശൂരിലെ മുതിര്‍ന്ന സി പി എം നേതാക്കള്‍ക്കെതിരായ ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ ഡി വൈ എഫ് ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു.

സി പി എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി പി ശരത് പ്രസാദിനെ കൂറ്ററാല്‍ ബ്രാഞ്ചിലേക്ക് തരം താഴ്തി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നെല്ലാം നീക്കാനും തീരുമാനിച്ചിട്ടുണ്ട്.

തൃശൂരിലെ മുതിര്‍ന്ന നേതാക്കളായ എം കെ കണ്ണന്‍, എ സി മൊയ്തീന്‍ എന്നിവര്‍ക്കെതിരെ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരായി സാമ്പത്തിക ആരോപണം ഉന്നയിക്കുന്ന ശബ്ദരേഖ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ട എം കെ കണ്ണനു കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു. പ്രതിമാസം ഏരിയ സെക്രട്ടറിക്ക് പതിനായിരം സമ്പാദിക്കാന്‍ ആയാല്‍ സംസ്ഥാന കമ്മിറ്റി അംഗത്തിന് അത് ഒരു ലക്ഷം വരെ ആണെന്നും ശരത്ത് പറയുന്നു.

എസി മൊയ്തീനെ അപ്പര്‍ ക്ലാസ് ഡീലര്‍ എന്നാണ് ശരത് വിശേഷിപ്പിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പുള്ള ശബ്ദ സന്ദേശമാണ് അടുത്തയിടെ പ്രചരിച്ചതെന്നായിരുന്നു ശരത് പ്രസാദ് പ്രതികരിച്ചത്. ശരത് പ്രസാദ് മറ്റൊരു പ്രവര്‍ത്തകനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.