National
ആഗ്രഹിച്ച സീറ്റ് കിട്ടിയില്ല; മത്സരിക്കാനില്ലെന്ന് അണ്ണാമലൈ
മത്സരിക്കാനില്ലെന്നു വ്യക്തമാക്കി അണ്ണാമലൈ ബിജെപി നേതൃത്വത്തിനു കത്തയച്ചുവെന്നാണ് അറിയുന്നത്.
ചെന്നൈ | തമിഴ്നാട്ടില്‍ എഐഎഡിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്കുള്ള സീറ്റുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂരില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് അനുവദിച്ചിട്ടുള്ളത് .ഗൗണ്ടംപാളയം, സിംഗനല്ലൂര്‍, അറവാക്കുറിച്ചി സീറ്റുകളില്‍ മത്സരിക്കാനുള്ള താത്പര്യം അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ സീറ്റുകളില്‍ അണ്ണാഡിഎംകെയാണ് മത്സരിക്കുന്നത്. ഇതോടെ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി അണ്ണാമലൈ ബിജെപി നേതൃത്വത്തിനു കത്തയച്ചുവെന്നാണ് അറിയുന്നത്.
അതേസമയം, തങ്ങള്‍ക്ക് ലഭിച്ച തഞ്ചാവൂര്‍, ഗന്ധര്‍വക്കോട്ടൈ സീറ്റുകള്‍ പരസ്പരം മാറ്റുന്നതിനെക്കുറിച്ചും ബിജെപി ആലോചിക്കുന്നുണ്ട്. ഇതില്‍ ഗന്ധര്‍വക്കോട്ടൈ പട്ടികജാതി സംവരണ മണ്ഡലമാണ്. 2021-ല്‍ ഡിഎംകെയും സഖ്യകക്ഷിയായ സിപിഎമ്മുമാണ് ഈ മണ്ഡലങ്ങളില്‍ വിജയിച്ചത്. ഗന്ധര്‍വക്കോട്ടൈയില്‍ പരിചിതനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപി ബുദ്ധിമുട്ടുമ്പോള്‍, തഞ്ചാവൂര്‍ സീറ്റ് ഏറ്റെടുക്കാന്‍ എഐഎഡിഎംകെ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ബിജെപിക്ക് അനുവദിച്ച 27 മണ്ഡലങ്ങളില്‍ കോയമ്പത്തൂര്‍ നോര്‍ത്ത് മാത്രമാണ് കോയമ്പത്തൂര്‍ പാര്‍ലമെന്റ് പരിധിയില്‍ വരുന്നത്. സിംഗനല്ലൂര്‍ അല്ലെങ്കില്‍ കൗണ്ടംപാളയം മണ്ഡലങ്ങളില്‍ മത്സരിക്കാനായിരുന്നു അണ്ണാമലൈ താല്‍പ്പര്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ രണ്ട് സീറ്റുകളും പാര്‍ട്ടിക്ക് ലഭിച്ചില്ല.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) ബി എല്‍ സന്തോഷിന്റെ അധ്യക്ഷതയില്‍ ചെന്നൈയില്‍ വ്യാഴാഴ്ച യോഗം ചേര്‍ന്നെങ്കിലും അണ്ണാമലൈ അതില്‍ പങ്കെടുത്തില്ല. മൈലാപ്പൂരില്‍ നിന്ന് മത്സരിക്കാന്‍ സാധ്യതയുള്ള മുതിര്‍ന്ന നേതാവ് തമിഴിസൈ സൗന്ദരരാജന്‍, കോയമ്പത്തൂര്‍ നോര്‍ത്തില്‍ നിന്ന് മത്സരിക്കുമെന്ന് കരുതപ്പെടുന്ന വാനതി ശ്രീനിവാസന്‍ എംഎല്‍എ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അണ്ണാമലൈ മത്സരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് വാനതി ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവകുറിച്ചിയില്‍ നിന്നും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്നും അണ്ണാമലൈ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പിതാവിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു.




