National
180 ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതിയുടെ വീടിന് നേരെ ബുൾഡോസർ നടപടിയുമായി അധികൃതർ
പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കി മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി പീഡിപ്പിക്കുകയും മുന്നൂറ്റമ്പതോളം അശ്ലീല വീഡിയോകൾ ചിത്രീകരിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്.
മഹാരാഷ്ട്ര | 180 ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത കേസിലെ മുഖ്യപ്രതി അയാസ് എന്ന തൻവീറിൻ്റെ വീടിന് നേരെ ബുൾഡോസർ നടപടി. അമരാവതി ജില്ലയിലെ പരത്വാഡ നഗരവാസിയായ ഇയാളുടെ വീടിൻ്റെ അനധികൃത ഭാഗങ്ങളാണ് നഗരസഭാ അധികൃതർ പൊളിച്ചുനീക്കിയത്. ലൈംഗികാതിക്രമം, അശ്ലീല വീഡിയോകൾ ചിത്രീകരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് 19 കാരനായ അയാസിനെതിരെ ചുമത്തിയിരിക്കുന്നത്.
അചൽപൂർ മുനിസിപ്പൽ കൗൺസിലിൽ നിന്നുള്ള സംഘമാണ് നടപടിക്ക് നേതൃത്വം നൽകിയത്. വീടിന് പുറത്ത് ഒന്നാം നിലയിലേക്ക് പ്രവേശിക്കുന്നതിനായി നിർമ്മിച്ച ഇരുമ്പ് ഗോവണിയും മറ്റ് അനധികൃത നിർമ്മാണങ്ങളും ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്തു. കയ്യേറ്റം സംബന്ധിച്ച് അയാസിൻ്റെ കുടുംബത്തിന് നേരത്തെ നോട്ടീസ് നൽകിയിരുന്നതായാണ് വിവരം. ബി ജെ പി എം എൽ എ പ്രവീൺ തായഡെ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ സ്ഥലത്തെത്തിയിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പോലീസ് സന്നാഹത്തെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.
പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കി മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി പീഡിപ്പിക്കുകയും മുന്നൂറ്റമ്പതോളം അശ്ലീല വീഡിയോകൾ ചിത്രീകരിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്. ഈ വീഡിയോകൾ ഉപയോഗിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും പെൺവാണിഭത്തിന് നിർബന്ധിക്കുകയും ചെയ്തതായും പരാതിയുണ്ട്. സോഷ്യൽ മീഡിയയിൽ ഇയാളുടെ ചില ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബി ജെ പി എം പി അനിൽ ബോണ്ടെ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി ഊർജിതമാക്കിയത്. വാട്ട്‌സ്ആപ്പ്, സ്നാപ്ചാറ്റ് ഗ്രൂപ്പുകൾ വഴിയാണ് ഇയാൾ പെൺകുട്ടികളെ ലക്ഷ്യമിട്ടിരുന്നതെന്ന് എം പി അറിയിച്ചു.
പ്രതിക്ക് എ ഐ എം ഐ എം പാർട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നെങ്കിലും നിലവിൽ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. മുൻപ് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ ഇയാളെ ഏൽപ്പിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം പുറത്താക്കിയതായും പാർട്ടി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഉസർ ഖാൻ ഉൾപ്പെടെ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ നിലവിൽ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Summary
The Maharashtra administration demolished illegal structures at the home of 19-year-old Mohammad Ayaz, the prime accused in a massive sexual assault case involving 180 minors. Ayaz allegedly lured girls into a trap, filmed hundreds of obscene videos, and used them for blackmail and forced prostitution. He is currently in police custody for seven days as the investigation continues into his network and activities.




