Eduline
കേരളത്തിൽ പഠിക്കാം അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകൾ
കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നവർക്ക് സ്വദേശത്തും വിദേശത്തുമുള്ള തൊഴിൽ സാധ്യതകൾ അവയുടെ പ്രസക്തിയും വർധിപ്പിക്കുന്നു.
ആരോഗ്യ രംഗത്തെ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പം പ്രവർത്തിക്കുന്ന നിരവധി പ്രൊഫഷനലുകളെ സൃഷ്ടിക്കുന്നതാണ് അലൈഡ് ഹെൽത്ത് സയൻസസ് കോഴ്‌സുകൾ. ഈ മേഖലയിലെ സാങ്കേതികവിദ്യയുടെ വളർച്ച ഇത്തരം പഠന പ്രോഗ്രാമുകളുടെ പ്രസക്തി വർധിപ്പിച്ചിരിക്കുന്നു. മുന്പ് പാരാമെഡിക്കൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വളരെ ചുരുക്കം കോഴ്സുകളുടെ സ്ഥാനത്ത് ഇന്ന് അലൈഡ് ഹെൽത്ത് സയൻസസ് എന്ന പഠന മേഖല വ്യതസ്ത കോഴ്സുകളുമായി കരുത്താർജിച്ചിരിക്കുന്നു. രോഗ നിർണയം, ചികിത്സ, പുനരധിവാസം, രോഗ പരിപാലനം തുടങ്ങിയ ചികിത്സയുടെ പ്രധാനഘട്ടങ്ങളിൽ ഇത്തരം പ്രൊഫഷനലുകളുടെ ആവശ്യകത ഇന്ന് നിർണായകമാണ്.
കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നവർക്ക് സ്വദേശത്തും വിദേശത്തുമുള്ള തൊഴിൽ സാധ്യതകൾ അവയുടെ പ്രസക്തിയും വർധിപ്പിക്കുന്നു. അതിനാൽ ആരോഗ്യരംഗത്ത് താത്പര്യമുള്ള വിദ്യാർഥികൾക്ക് അലൈഡ് ഹെൽത്ത് സയൻസസ് കോഴ്സുകൾ മികച്ച കരിയർ സാധ്യതകൾ നൽകുന്ന ഉപരിപഠന മേഖലയാണ്.
കേരളത്തിൽ പഠിക്കാൻ കഴിയുന്ന ഇത്തരം അലൈഡ് ഹെൽത്ത് സയൻസസ് കോഴ്സുകളുടെ ദൈർഘ്യം, പ്രവേശന രീതി, സീറ്റ് വിവരങ്ങളും മനസ്സിലാക്കാം. എല്ലാ പ്രോഗ്രാമുകളുടെയും പൊതുവായ അപേക്ഷാ യോഗ്യത ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഉൾപ്പെടുന്ന ഹയർ സെക്കൻഡറി/തത്തുല്യം പരീക്ഷയിലെ വിജയമാണ്. ഇതിൽ എല്ലാ കോഴ്സുകളിലേക്കുമുള്ള പ്രവേശനം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി വഴിയാണ്.
ബി എസ്‌സി (മെഡിക്കൽ ലബോറട്ടറി ടെക്നോളജി)
മൂന്ന് സർക്കാർ കോളജുകൾ (80), നാല് സർക്കാർ അനുബന്ധ കോളജുകൾ (140), 30 സെൽഫ് ഫിനാൻസ് കോളജുകളിലുമായി 500 മെറിറ്റ് സീറ്റുകളിൽ ചേരാൻ അവസരമുണ്ട്. കോഴ്സ് ദൈർഘ്യം നാല് വർഷം.
ബി എസ്‌സി (ഡയാലിസിസ് ടെക്നോളജി)
അഞ്ച് സർക്കാർ കോളജിൽ 50 ഉം അത്ര തന്നെ സെൽഫ് ഫിനാൻസ് കോളജുകളിൽ 30 ഉം മെറിറ്റ് സീറ്റുകൾ ഉണ്ട്. ഒരു വർഷത്തെ ഇന്റേൺഷിപ്പോടുകൂടി നാല് വർഷമാണ് ദൈർഘ്യം.
ബി എസ്‌സി ( ഒപ്റ്റോമെട്രി )
രണ്ട് സർക്കാർ കോളജ് (45), പതിനാല് സെൽഫ് ഫിനാൻസ് കോളജ് (175) എന്നിങ്ങനെ മെറിറ്റ് സീറ്റുകൾ ഉണ്ട്. മൂന്ന് വർഷവും ഒരു കൊല്ലത്തെ ഇന്റേൺഷിപ്പും.
ബി പി ടി
ഒരു സർക്കാർ കോളജിലും മൂന്ന് അർധ സർക്കാർ സ്ഥാപനങ്ങളിലുമായി 110 ഉം 19 സെൽഫ് ഫിനാൻസ് കോളജിൽ 475 ഉം മെറിറ്റ് സീറ്റുകൾ. നാല് വർഷം. കൂടാതെ ആറ് മാസത്തെ ഇന്റേൺഷിപ്പും.
ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബി എ എസ് എൽ പി)
ആറ് അർധസർക്കാർ സ്ഥാപനങ്ങൾ (45), സെൽഫ് ഫിനാൻസ് കോളജുകൾ (60) എന്നിങ്ങനെ മെറിറ്റ് സീറ്റുകൾ ഉണ്ട്. മൂന്ന് വർഷത്തെ പഠനവും പത്ത് മാസത്തെ ഇന്റേൺഷിപ്പും.
ബി എസ്‌സി കാർഡിയോവാസ്കുലർ ടെക്നോളജി
അഞ്ച് സർക്കാർ കോളജുകൾ. അത്ര തന്നെ മറ്റ് സ്ഥാപനങ്ങളും എല്ലായിടത്തുമായി 32 മെറിറ്റ് സീറ്റുകൾ. കോഴ്‌സ് ദൈർഘ്യം മൂന്ന് വർഷം. ഇന്റേൺഷിപ്പ് ഒരു വർഷം.
ബാച്ചിലർ ഓഫ് ഒക്യുപേഷനൽ തെറാപ്പി
ആകെയുള്ള ഏഴ് കോളജുകളിൽ ആറ് എണ്ണം അർധ സർക്കാർ സ്ഥാപനങ്ങൾ. മെറിറ്റ് സീറ്റുകൾ ആകെ 50. നാല് വർഷവും ആറ് മാസത്തെ ഇന്റേൺഷിപ്പും.
ബാച്ചിലർ ഓഫ് മെഡിക്കൽ ഇമാജിംഗ് ടെക്നോളജി
ഏഴ് സ്ഥാപനങ്ങളിൽ മൂന്ന് സർക്കാർ കോളജുകൾ. മെറിറ്റ് സീറ്റുകൾ ആകെ 70 എണ്ണം. ഒരു വർഷത്തെ ഇന്റേൺഷിപ്പോടു കൂടി നാല് വർഷം.
ബി എസ്‌സി പെർക്യൂഷൻ ടെക്നോളജി
മൂന്ന് സർക്കാർ കോളജുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി 15 മെറിറ്റ് സീറ്റുകളിൽ ചേരാം. കോഴ്സ് മൂന്നുവർഷം. ഒരു വർഷത്തെ ഇന്റേൺഷിപ്പും.
മറ്റ് കോഴ്സുകൾ
ബാച്ചിലർ ഓഫ് റേഡിയോതെറാപ്പി ടെക്നോളജി കോഴ്സിന് (മൂന്ന് വർഷവും ഒരു കൊല്ലത്തെ ഇന്റേൺഷിപ്പും) കോഴിക്കോട്, തിരുവനന്തപുരം എന്നീ സർക്കാർ മെഡിക്കൽ കോളജുകളിലായി 12 സീറ്റുകളും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ബി എസ്‌സി ന്യൂക്ലിയർ മെഡിസൻ ടെക്നോളജിക്ക് ആറ് സീറ്റുകളും ഉണ്ട്. (ദൈർഘ്യം മൂന്ന് വർഷവും ഒരു വർഷത്തെ ഇന്റേൺഷിപ്പും) ബി എസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി കോഴ്സിന് (നാല് വർഷം) രണ്ട് സെൽഫ് ഫിനാൻസ് കോളജുകളിലായി 25 മെറിറ്റ് സീറ്റുകളിൽ ചേരാൻ അവസരമുണ്ട്.
മറ്റ് വിവരങ്ങൾ
സീറ്റുകളുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഫീസ് വിവരങ്ങൾ പ്രവേശന വിജ്ഞാപനത്തിൽ നിന്ന് ലഭിക്കും. പ്രവേശന യോഗ്യതയിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ഉണ്ടാകും. വിവരങ്ങൾക്കുള്ള വെബ്സൈറ്റുകൾ: www.cee.kerala.gov.in, www.lbscentre.kerala.gov.in
തൊഴിലവസരങ്ങൾ
ആശുപത്രി സംവിധാനങ്ങൾ ആധുനികവത്കരിക്കപ്പെട്ടതോടെ അലൈഡ് ഹെൽത്ത് പ്രൊഫഷനലുകളുടെ ആവശ്യകത വർധിച്ചുവരികയാണ്. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ തുടങ്ങിയവയെല്ലാം പ്രധാന തൊഴിൽ മേഖലകളാണ്. കോഴ്സ് ഘടന അനുസരിച്ച് ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, ഫിസിയോതെറാപ്പിസ്റ്റ്, ലാംഗ്വേജ് പത്തോളജിസ്റ്റ് തുടങ്ങിയ വിവിധ തസ്തികകളിൽ ജോലി ചെയ്യാം. ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളിലും മെഡിക്കൽ ഉപകരണ കമ്പനികളിലും തൊഴിലസരങ്ങൾ ലഭിക്കും. വിദേശ രാജ്യങ്ങളിലും കരിയർ സാധ്യതകൾ ഏറെ ഉണ്ട്.
Content Highlights:
Allied Health Sciences offer diverse career opportunities in healthcare through paramedical and diagnostic programs. Admission to various degree courses in Kerala, including BSc MLT and BPT, is conducted via LBS Centre. Successful graduates secure promising employment prospects in India and abroad.





