Connect with us

Editorial

അലിഗഢിന്റെ ന്യൂനപക്ഷ പദവിയും കോടതി നിരീക്ഷണവും

മോദി സര്‍ക്കാറിനുള്ള തിരിച്ചടി കൂടിയാണ് സുപ്രീം കോടതിയുടെ പുതിയ വിധി. 2016ല്‍ കേന്ദ്രം അപ്പീല്‍ പിന്‍വലിച്ചത് അലിഗഢ് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന നിലപാട് സ്വീകരിച്ചായിരുന്നു. അത് ശരിയല്ലെന്ന് കോടതി തറപ്പിച്ചു പറയുന്നു.

Published

|

Last Updated

57 വര്‍ഷം മുമ്പ് സുപ്രീം കോടതിക്ക് സംഭവിച്ച അബദ്ധം പരിഹരിക്കുന്നതും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ വിധിപ്രസ്താവം. അലിഗഢ് സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവി ഇല്ലെന്ന 1967ലെ അസീസ് ബാഷാ കേസിലെ സുപ്രീം കോടതി വിധി റദ്ദാക്കി, ന്യൂനപക്ഷ പദവി പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കുന്നതാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബഞ്ചിന്റെ തീര്‍പ്പ്. പാര്‍ലിമെന്റോ നിയമസഭകളോ പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമായ സര്‍വകലാശാലകള്‍ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയില്ലെന്നായിരുന്നു 1967ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് വാഞ്ചുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി ബഞ്ചിന്റെ നിരീക്ഷണം. എന്നാല്‍ സ്ഥാപനത്തിന്റെ ഭരണവും നിയന്ത്രണവും പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലായതു കൊണ്ട് ന്യൂനപക്ഷ പദവിക്കുള്ള അര്‍ഹത ഇല്ലാതാകില്ലെന്നും ന്യൂനപക്ഷ സ്ഥാപനമാകാന്‍ സ്ഥാപനം ന്യൂനപക്ഷ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും വെള്ളിയാഴ്ചത്തെ വിധിയില്‍ പരമോന്നത കോടതി വ്യക്തമാക്കി. 1967ലെ വിധിപ്രസ്താവം ഭരണഘടനാ വിരുദ്ധമാണെന്നും ഡി വൈ ചന്ദ്രചൂഡ് എഴുതിയ വിധിന്യായത്തില്‍ പറയുന്നു.
ജസ്റ്റിസ് വാഞ്ചുവിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ചിന്റെ വിധിയുടെ സാധുതയില്‍ സുപ്രീം കോടതി മുമ്പേ സന്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. 1981ല്‍ അഞ്ചുമാനേ റഹ്മാനിയ കേസിലാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് 1967ലെ കോടതി തീര്‍പ്പ് ശരിയാണോ എന്ന സംശയം ഉയര്‍ത്തിയത്. അസീസ് ബാഷ കേസിലെ വിധി പുനഃപരിശോധിക്കാന്‍ 1981 നവംബറില്‍ ഏഴംഗ ബഞ്ച് രൂപവത്കരിച്ചത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ 43 വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞജനുവരിയിലാണ് ഏഴംഗ ഭരണഘടനാ ബഞ്ച് കേസില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയത്.
ആരാണ് സ്ഥാപിച്ചതെന്നും ഫണ്ട് നല്‍കിയത് ആരെന്നും നോക്കിയായിരിക്കണം ഒരു സ്ഥാപനം ന്യൂനപക്ഷ പദവിക്ക് അര്‍ഹമാണോ എന്ന് തീരുമാനിക്കേണ്ടത്. സ്ഥാപിച്ചത് ആരെന്ന ചോദ്യത്തിനുത്തരം ന്യൂനപക്ഷ സമുദായം എന്നാണെങ്കില്‍ ഭരണഘടനയുടെ 30ാം വകുപ്പ് പ്രകാരം പ്രസ്തുത സ്ഥാപനത്തിന് ന്യൂനപക്ഷ പദവി അവകാശപ്പെട്ടതാണ്. ന്യൂനപക്ഷ സ്ഥാപനമാകാന്‍ അത് സ്ഥാപിച്ചത് ന്യൂനപക്ഷമായാല്‍ മതി, നടത്തിപ്പ് ന്യൂനപക്ഷത്തിന്റേതാകണമെന്നില്ലെന്നും വിധിയില്‍ കോടതി വ്യക്തമാക്കി. ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പ് സ്ഥാപിതമായതു കൊണ്ട് അലിഗഢിന് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദവും ഭരണഘടനാ ബഞ്ച് നിരാകരിച്ചു. ഭരണഘടനക്ക് മുമ്പ് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആര്‍ട്ടിക്കിള്‍ 30 ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം സര്‍വകലാശാല സ്ഥാപിച്ചത് ന്യൂനപക്ഷമാണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രൂപവത്കരിക്കുന്ന പുതിയ ബഞ്ചിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ന്യൂനപക്ഷ പദവി സംബന്ധിച്ച അന്തിമ തീര്‍പ്പ്. അതുവരെ താത്കാലികമായി പദവി തുടരും.

ഒട്ടേറെ കോടതി വ്യവഹാരങ്ങള്‍ക്കും സര്‍ക്കാര്‍ ഇടപെടലുകള്‍ക്കും വിധേയമായ സ്ഥാപനമാണ് അലിഗഢ് സര്‍വകലാശാല. അലിഗഢിന് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയില്ലെന്ന 1967ലെ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ 1981ല്‍ പാര്‍ലിമെന്റ് ന്യൂനപക്ഷ പദവി തിരികെ നല്‍കി നിയമം പാസ്സാക്കിയിരുന്നു. തദടിസ്ഥാനത്തില്‍ പി ജി കോഴ്‌സുകളില്‍ മുസ്‌ലിം സമുദായത്തിന് സര്‍വകലാശാല സംവരണം ഏര്‍പ്പെടുത്തി. ഇതിനെതിരെ ചിലര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി 2006ല്‍ അലിഗഢ് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് വിധിയെഴുതുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ യു പി എയുടെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്രസര്‍ക്കാറും സര്‍വകലാശാലയും സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ കേസില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. സര്‍വകലാശാലയുടെ അപ്പീല്‍ പരിഗണിച്ചാണ് പിന്നീട് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വാദം കേട്ടത്.

മോദി സര്‍ക്കാറിനുള്ള തിരിച്ചടി കൂടിയാണ് സുപ്രീം കോടതിയുടെ പുതിയ വിധി. 2016ല്‍ കേന്ദ്രം അപ്പീല്‍ പിന്‍വലിച്ചത് അലിഗഢ് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന നിലപാട് സ്വീകരിച്ചായിരുന്നു. അത് ശരിയല്ലെന്ന് കോടതി തറപ്പിച്ചു പറയുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനയും മുന്‍ സര്‍ക്കാറുകളും അനുവദിച്ച അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന സമീപനമാണ് ഇതപര്യന്തം മോദി സര്‍ക്കാറിന്റേത്. സംവരണം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം ഒന്നൊന്നായി നിര്‍ത്തലാക്കി ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് മൗലാന അബുല്‍കലാം ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ അവസാനിപ്പിച്ചത്. വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിലെയും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനും ഗവേഷണത്തിനും ഫെലോഷിപ്പുകള്‍ നല്‍കിയിരുന്ന, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സ്ഥാപനമാണ് അബുല്‍കലാം ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍. കോര്‍പറേറ്റുകളുടെ സഹസ്ര കോടികള്‍ വരുന്ന ബേങ്ക് കടങ്ങള്‍ വര്‍ഷം തോറും എഴുതിത്തള്ളുകയും അവര്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളും വാരിക്കോരി നല്‍കുകയും ചെയ്യുമ്പോഴാണ് അത്ര ഭാരിച്ച സാമ്പത്തിക ബാധ്യതയില്ലാത്ത ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നത്. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും നടത്താനും നിയന്ത്രിക്കാനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ വ്യക്തമായി പറയുന്ന ആര്‍ട്ടിക്കിള്‍ 30ന്റെ പ്രാധാന്യം വിധിയില്‍ ഊന്നിപ്പറഞ്ഞതോടെ സര്‍ക്കാറിന്റെ നിലപാടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന വസ്തുതയിലേക്ക് കൂടിയാണ് പരമോന്നത കോടതി വിരല്‍ ചൂണ്ടിയത്.

Latest