International
കൂട്ട അവധിയെടുത്ത എയര്‍ ഇന്ത്യ ജീവനക്കാര്‍ ഇനിയും തിരികെയെത്തിയില്ല; സമരം പിന്‍വലിച്ചെങ്കിലും ദുരിതം ബാക്കി
വിമാനം റദ്ദാക്കിയതും യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരവും മൂലമുണ്ടായ വരുമാന നഷ്ടം ഏകദേശം 30 കോടി രൂപയോളം വരുമെന്ന് എയര്‍ ഇന്ത്യ.
ദമാം | എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം പിന്‍വലിച്ചെങ്കിലും, വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനം ഇനിയും സാധാരണ നിലയിലായില്ല. കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.
കൊച്ചിയില്‍ നിന്നും ഇന്ന് അഞ്ച് സര്‍വീസും കോഴിക്കോട് നിന്ന് ഒരു സര്‍വീസും കണ്ണൂരില്‍ നിന്നുള്ള രണ്ട് വിമാന സര്‍വീസുകളുമാണ് റദ്ദാക്കിയത്. കൊച്ചിയില്‍ നിന്ന് ബഹ്റൈന്‍, ദമാം, ഹൈദരാബാദ്, ബെംഗളൂരു, കല്‍ക്കട്ട സര്‍വീസും, കരിപ്പൂരില്‍ നിന്നും 8.25ന് പുറപ്പെടേണ്ട ദുബൈ വിമാനവും, കണ്ണൂരില്‍ നിന്നുള്ള മസ്‌കത്ത്, റിയാദ് വിമാന സര്‍വീസുമാണ് റദ്ദാക്കിയത്. മുപ്പതിലധികം സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് മാത്രം കഴിഞ്ഞ നാല് ദിവസത്തിനിടെ മുടങ്ങിയത്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനങ്ങളുടെ സര്‍വീസുകള്‍ വീണ്ടും പരിശോധിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ 10,000 രൂപയിലധികമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രവാസി മലയാളികള്‍ക്ക് ഇരുട്ടടി നല്‍കി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്, വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് മടങ്ങേണ്ട പ്രവാസികളും ഇന്ത്യയില്‍ സന്ദര്‍ശന വിസയിലെത്തിയവരും അവധിക്ക് നാട്ടിലേക്ക് മടങ്ങേണ്ടവരുമടക്കം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി കുടുങ്ങിയത്. ബലിപെരുന്നാള്‍ അവധികൂടി മുന്നില്‍ കണ്ട് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് മൂന്നിരട്ടിയിലധികമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. യാത്രാപ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണമെന്നാണ് വിവിധ പ്രവാസി കൂട്ടായ്മ ആവശ്യപ്പെടുന്നത്.
120 അന്താരാഷ്ട്ര സര്‍വീസും 260 ആഭ്യന്തര സര്‍വീസുമടക്കം 380 സര്‍വീസുകളാണ് നിലവില്‍ എയര്‍ ഇന്ത്യയുടേതായുള്ളത്. ചൊവ്വാഴ്ച രാത്രി മുതലാണ് ബി എം എസു മായി അഫിലിയേറ്റ് ചെയ്ത യൂണിയനില്‍ (എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എംപ്ലോയീസ് യൂണിയന്‍) പെട്ടവര്‍ അസുഖ ബാധിതരെന്ന പേരില്‍ കൂട്ട അവധി എടുത്ത് അപ്രഖ്യാപിത സമരവുമായി രംഗത്ത് വന്നത്. ഇതോടെ 180ലധികം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. തുടര്‍ന്ന് യൂണിയന്‍ പ്രതിനിധികളും എയര്‍ലൈന്‍ മാനേജ്മെന്റും, ലേബര്‍ വകുപ്പും തമ്മില്‍ നടന്ന അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക്് നല്‍കിയ പിരിച്ചുവിടല്‍ നോട്ടീസ് കമ്പനി പിന്‍വലിച്ചു. ഇതോടെ പണിമുടക്ക് വ്യാഴാഴ്ച വൈകിട്ടോടെ പിന്‍വലിക്കുകയായിരുന്നു,
സമരം പിന്‍വലിച്ചിട്ടും സര്‍വീസുകള്‍ സാധാരണ നിലയിലായില്ല
വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ തയ്യാറായെങ്കിലും സര്‍വീസുകള്‍ ഇതുവരെയും സാധാരണ നിലയിലായില്ല. ഞായറാഴ്ചയോടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
നഷ്ടം 30 കോടിയിലധികം
വിമാനം റദ്ദാക്കിയതും യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരവും മൂലമുണ്ടായ വരുമാന നഷ്ടം ഏകദേശം 30 കോടി രൂപയോളം വരുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.





