National
യുവാവിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിലെ പക ; യുവതിയെ കൊലപ്പെടുത്തി വാഹനാപകടമെന്ന് വരുത്തി തീര്‍ത്ത പിതാവും സഹോദരനും പിടിയില്‍
ഏകദേശം മൂന്ന് മാസം മുമ്പ് സോഫിയ ഉള്‍പ്പെട്ട ഒരു വീഡിയോ വൈറലായതിനെ തുടര്‍ന്ന് അവളോട് പിതാവിനും സഹോദരനും കടുത്ത പകയും ദേഷ്യവും ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു
അഹമ്മദാബാദ് | അഹമ്മദാബാദില്‍ വാഹനാപകടത്തിലെന്ന് കരുതിയ 22 കാരിയുടെ മരണം ദുരഭിമാനക്കൊലയാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.ആശുപത്രി റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന സോഫിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒരു യുവാവിനൊപ്പമുള്ള അവരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് സ്വന്തം പിതാവും സഹോദരനും ചേര്‍ന്ന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഈ മരണം ഒരു റോഡപകടമായി ചിത്രീകരിക്കുകയും ചെയ്തു.ഏകദേശം ഒരു മാസം മുമ്പാണ് ഈ സംഭവം നടന്നത്.
ആഗസ്റ്റ് 12ന് രാത്രിയില്‍, സോഫിയയുടെ പിതാവ് മൊഹ്മന്ദ് ഫാറൂഖും 38 കാരനായ സഹോദരന്‍ മൊഹ്മന്ദ് ഹബീബും ചേര്‍ന്ന് അവളെ ബൈക്കില്‍ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. യാത്രാമധ്യേ, ഗെല്‍ജിപുര ഗ്രാമത്തിന് സമീപമുള്ള ഒരു വിജനമായ മണ്‍പാതയിലേക്ക് ഹബീബ് വാഹനം തിരിച്ചു. അവിടെവച്ച് അയാള്‍ തന്റെ സഹോദരിയുടെ തലയില്‍ ചുറ്റികകൊണ്ട് മൂന്ന് തവണ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അച്ഛനും മകനും ചേര്‍ന്ന് സോഫിയയുടെ മൃതദേഹം പ്രധാന റോഡിലേക്ക് എത്തിക്കുകയും അമിത വേഗത്തില്‍ എത്തിയ വാഹനം ഇടിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ മോട്ടോര്‍സൈക്കിള്‍ തകര്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് ഗെല്‍ജിപുര കവലയ്ക്ക് സമീപം അമിതവേഗതയില്‍ വന്ന ഒരു വാഹനം തങ്ങളുടെ മോട്ടോര്‍സൈക്കിളില്‍ പിന്നില്‍ നിന്ന് ഇടിച്ചുവെന്ന് കാണിച്ച് ഹബീബ് അവിടെയുള്ളവരുടെ അടുത്തേക്ക് ഓടിയെത്തി. ഈ ഇടിയുടെ ആഘാതത്തിലാണ് തന്റെ സഹോദരിക്ക് ഗുരുതരമായ തലയ്ക്ക് പരിക്കേറ്റതെന്നും തനിക്കും പരുക്കേറ്റെന്നും അയാള്‍ ആരോപിച്ചു.ഗുരുതരമായി പരുക്കേറ്റ നിലയില്‍ സോഫിയയെ സോല സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേദിവസം അവള്‍ മരണപ്പെട്ടു.
ഏകദേശം മൂന്ന് മാസം മുമ്പ് സോഫിയ ഉള്‍പ്പെട്ട ഒരു വീഡിയോ വൈറലായതിനെ തുടര്‍ന്ന് അവളോട് പിതാവിനും സഹോദരനും കടുത്ത പകയും ദേഷ്യവും ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
സോഫിയയെയും പിതാവിനെയും കൂട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് ഹബീബ് തന്റെ ട്രൗസറിനുള്ളില്‍ ഒരു ഇരുമ്പ് ചുറ്റിക ഒളിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും, അതൊരു റോഡപകടമാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്യുകയായിരുന്നു.
രണ്ട് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൊലക്കുറ്റം ചുമത്തുമെന്നും പോലീസ് അറിയിച്ചു
Content Highlights: The death of a 22-year-old woman in Ahmedabad initially thought to be a road accident was revealed as an honour killing. Her father and brother murdered her with a hammer after a video featuring her went viral. Police arrested both suspects and charged them with murder.




