Connect with us

National

സത്യ നികേതന്‍ പി ജി കെട്ടിട അപകടം; പേയിംഗ് ഗസ്റ്റ് അക്കോമഡേഷന്‍ റെഗുലേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ബില്ലുമായി ഡല്‍ഹി സര്‍ക്കാര്‍

നിര്‍ബന്ധിത രജിസ്‌ട്രേഷന്‍, വാടക നിയന്ത്രണം, സി സി ടി വി ക്യാമറകള്‍, സുരക്ഷാ നടപടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  തെക്കന്‍ ഡല്‍ഹിയിലെ സത്യ നികേതനില്‍ അഞ്ച് വിദ്യാര്‍ഥികളും രണ്ട് തൊഴിലാളികളും ഉള്‍പ്പെടെ ഏഴുപേര്‍ പി ജി കെട്ടിടം തകര്‍ന്നു വീണ് മരിച്ച സംഭവത്തിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങള്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. നിര്‍ബന്ധിത രജിസ്‌ട്രേഷന്‍, വാടക നിയന്ത്രണം, സി സി ടി വി ക്യാമറകള്‍, സുരക്ഷാ നടപടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.പ്രമുഖ കോച്ചിംഗ് കേന്ദ്രങ്ങളായ മുഖര്‍ജി നഗര്‍, ലക്ഷ്മി നഗര്‍, രാജേന്ദ്ര നഗര്‍, നോര്‍ത്ത് ക്യാമ്പസ് എന്നിവിടങ്ങളിലെ പി ജി താമസസ്ഥലങ്ങളെ ഔദ്യോഗിക റെഗുലേറ്ററി സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതാണ് നിര്‍ദ്ദിഷ്ട ‘പേയിംഗ് ഗസ്റ്റ് അക്കോമഡേഷന്‍ റെഗുലേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ബില്‍’.

ഈ നിര്‍ദ്ദേശപ്രകാരം, ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ പി ജിയും രജിസ്റ്റര്‍ ചെയ്യുകയും 90 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന ലൈസന്‍സ് നേടുകയും വേണം. ഇതിനായി പോലീസ്, കോര്‍പ്പറേഷന്‍, പ്രാദേശിക ഭരണകൂടം എന്നിവയില്‍ നിന്നുള്ള എന്‍ ഒ സി സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്.

രജിസ്റ്റര്‍ ചെയ്ത ഓരോ പി ജിക്കും പ്രത്യേക പേയിംഗ് ഗസ്റ്റ് രജിസ്‌ട്രേഷന്‍ നമ്പറും (ജഏഞച) നല്‍കും. വെരിഫൈ ചെയ്ത താമസസ്ഥലങ്ങളുടെ വിവരങ്ങള്‍ ഒരു സിംഗിള്‍ വിന്‍ഡോ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും.

ഏകപക്ഷീയമായ വാടകയും അമിതമായ സെക്യൂരിറ്റി ഡെപ്പോസിറ്റും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതാണ് പുതിയ ബില്‍.പി ജി താമസസ്ഥലങ്ങള്‍ക്കായി പ്രദേശ അടിസ്ഥാനത്തിലുള്ള വാടക പരിധി നിശ്ചയിക്കുന്നതിനായി ഒരു ‘വാടക നിയന്ത്രണ സമിതി’യെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓപ്പറേറ്റര്‍മാര്‍ക്ക് മൂന്ന് മാസത്തെ വാടകയില്‍ കൂടുതല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായോ മുന്‍കൂര്‍ പണമായോ ഈടാക്കാന്‍ അനുവാദമില്ല.

പി ജി ഒഴിഞ്ഞുപോകുന്നതിന് വാടകക്കാര്‍ക്ക് 30 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ലിംഗഭേദം, ജാതി, മതം, സ്വദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വാടക ഈടാക്കുന്നത് നിരോധിക്കും.

പി ജികളുടെ എല്ലാ പ്രവേശന കവാടങ്ങളിലും പൊതുസ്ഥലങ്ങളിലും സി.സി.ടി.വി ക്യാമറകള്‍ നിര്‍ബന്ധമാണ്. ക്യാമറ ദൃശ്യങ്ങള്‍ 30 ദിവസത്തേക്ക് സൂക്ഷിക്കുകയും വേണം. 15-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന പി ജികളില്‍ രാത്രികാലങ്ങളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കേണ്ടതാണ്.

സന്ദര്‍ശകരുടെ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതും 500 മീറ്റര്‍ ചുറ്റളവില്‍ വാര്‍ഡന്റെ സേവനം ലഭ്യമാക്കുന്നതും നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു.

പരിശോധിച്ചുറപ്പിച്ച പി ജി താമസസ്ഥലങ്ങളുടെ പട്ടിക നല്‍കുന്നതിനും വാടക, സൗകര്യങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനുമായി ‘ഗവ്പിജി’ (GovPG) പോര്‍ട്ടല്‍ ആരംഭിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ഈ പോര്‍ട്ടല്‍ വഴി അജ്ഞാതമായി പരാതികള്‍ നല്‍കാനും സാധിക്കും. താമസസ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി ഓരോ പി ജിക്കും കംപ്ലയന്‍സ് റേറ്റിംഗും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

ഫാക്കല്‍റ്റി അംഗങ്ങള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, പോലീസ്, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ അക്കോമഡേഷന്‍ കമ്മിറ്റിയാണ് മറ്റൊരു നിര്‍ദ്ദേശം.ഈ സമിതികള്‍ എല്ലാ മൂന്ന് മാസത്തിലും പി ജി താമസസ്ഥലങ്ങള്‍ പരിശോധിച്ച് വിലയിരുത്തും. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി 15 പ്രവൃത്തി ദിവസത്തെ സമയപരിധിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Content Highlights: The Delhi government introduced new regulations for paying guest accommodations following a tragic building collapse in Satya Niketan. The bill mandates mandatory registration, NOCs, rent control limits, and CCTV installation across student PG hubs. A new GovPG portal will provide verified listings and anonymous grievance redressal.

---- facebook comment plugin here -----

Latest