Connect with us

Ongoing News

സുഡാന്‍ സൈന്യത്തിന് അനധികൃതമായി ആയുധങ്ങള്‍ നല്‍കി; അബൂദബിയില്‍ എട്ടുപേര്‍ക്ക് ജീവപര്യന്തം

ശിക്ഷ വിധിച്ചത് അബൂദബി ഫെഡറല്‍ അപ്പീല്‍ കോടതി. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച ആശയവിനിമയ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്ത വെടിക്കോപ്പുകളും കണ്ടുകെട്ടാന്‍ ഉത്തരവ്.

Published

|

Last Updated

അബൂദബി | സുഡാന്‍ സൈന്യത്തിന് അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസില്‍ എട്ട് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് അബൂദബി ഫെഡറല്‍ അപ്പീല്‍ കോടതി. സുഡാന്‍ സൈന്യത്തിനായി ആയുധ ഇടപാടുകള്‍ നടത്താനും വാണിജ്യ കമ്പനികള്‍, ബേങ്ക് വഴിയുള്ള പണമിടപാടുകള്‍ എന്നിവ ഉപയോഗിച്ച് ആയുധങ്ങളും സൈനിക ഉപകരണങ്ങളും എത്തിക്കാനും പ്രവര്‍ത്തിച്ച വലിയൊരു ശൃംഖലയാണ് ഈ കേസിലൂടെ പുറത്തുവന്നത്.

റശീദ് ഉമര്‍ അബ്ദുല്‍ ഖാദിര്‍ അലി, സലാഹ് അബ്ദുല്ല മുഹമ്മദ് മുഹമ്മദ് സാലിഹ് എന്ന സലാഹ് ഗോഷ്, അഹമ്മദ് അബ്ദുല്ല എന്ന അബ്ദുല്ല ഖലഫല്ല, അഹ്മദ് റബീഅ് സയ്യിദ് അഹമ്മദ്, മുഹമ്മദ് ഫത്ഹ് അല്‍ ബെയ്ക്, യാസിര്‍ അബ്ദുര്‍റഹ്മാന്‍ അല്‍ അത്ത, ഉസ്മാന്‍ അല്‍ സുബൈര്‍, മാഹിര്‍ അബ്ദുല്‍ ജലീല്‍ എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച ആശയവിനിമയ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്ത വെടിക്കോപ്പുകളും കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിലുണ്ട്.

കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന് പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും ഒരു ദശലക്ഷം ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്. റശീദ് ഉമര്‍ ബ്രോക്കറേജ് കമ്പനി, പോര്‍ട്ടെക്സ് ട്രേഡ് ലിമിറ്റഡ്, അപ്പോളോ ഇലക്ട്രോണിക്സ് ട്രേഡിംഗ് കമ്പനി, യെല്ലോ സാന്‍ഡ് ട്രേഡിംഗ് കമ്പനി, വര്‍ദത് അല്‍ മസറ ട്രേഡിംഗ് കമ്പനി, സുഡമിന ഫ്രീ സോണ്‍ എന്നീ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് ഓരോ ദശലക്ഷം ദിര്‍ഹം വീതം പിഴയൊടുക്കാനും കോടതി വിധിച്ചു. ഈ കമ്പനികളുടെ ലൈസന്‍സുകളും രജിസ്ട്രേഷനുകളും റദ്ദാക്കും.

മെഡിക്കല്‍ ഉപകരണങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലൈസന്‍സില്ലാതെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും വിമാന മാര്‍ഗം പോര്‍ട്ട് സുഡാനിലേക്ക് കടത്താന്‍ ശ്രമിച്ചത്. യു എ ഇക്ക് അകത്തുനിന്നാണ് ഇതിനുള്ള പണമിടപാടുകള്‍ നടത്തിയതെന്നും കോടതി വ്യക്തമാക്കി. യു എ ഇ അറ്റോര്‍ണി ജനറല്‍ ഹമദ് സൈഫ് അല്‍ ഷംസിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേസ് കോടതിയുടെ പരിഗണനക്ക് എത്തിയത്.

 

Latest