Connect with us

goa election

ബി ജെ പിയെ എതിരിടാന്‍ എ എ പി; ഗോവയിലെ ജനങ്ങളോട് കെജ്രിവാള്‍

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും ബി ജെ പിക്കുള്ള പരോക്ഷ പിന്തുണ

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെപിയെ എതിരിടാന്‍ ആം ആദ്മി പാര്‍ട്ടിക്കേ കഴിയൂവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ അത് ബി ജെ പിക്കുള്ള പരോക്ഷ പിന്തുണയാണ്. കോണ്‍ഗ്രസുകാര്‍ ബി ജെ പിയിലേക്ക് ചാടുന്ന സമീപകാലത്തെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എ എ പി ദേശീയ അധ്യക്ഷന്റെ പ്രതികരണം.

ഗോവയിലെ ജനങ്ങള്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനാണുള്ളത്. ആം ആദ്മി പാര്‍ട്ടി അല്ലെങ്കില്‍ ബി ജെ പി. കൂറുള്ള ഒരു സര്‍ക്കാറാണ് ഗോവയിലെ ജനങ്ങള്‍ക്ക് വേണ്ടതെങ്കില്‍ അവര്‍ എ എ പിക്ക് വോട്ട് ചെയ്യണം. പിന്നെയുള്ളത് ബി ജെ പിക്ക് പ്രത്യക്ഷമായോ, പരോക്ഷമായോ വോട്ട് ചെയ്യുക എന്നതാണ്. ബി ജെ പിക്ക് പരോക്ഷമായി വോട്ട് ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുക എന്നതാണ്. ജയിച്ചു കഴിഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന് ഗോവയില്‍ സര്‍ക്കാറുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കോണ്‍ഗ്രസ് എം എല്‍ എമാരില്‍ ചിലര്‍ ബി ജെ പിയിലേക്ക് കൂടുമാറുകയായിരുന്നു.

 

Latest