Connect with us

From the print

അക്ഷര വെളിച്ചം പകർന്നവരുടെ വിയോഗത്തിൽ നടുങ്ങി ഒരു ഗ്രാമം

ചിരിയും തമാശകളുമായി തുടങ്ങിയ യാത്ര വഴിമാറിയത് വലിയ ദുരന്തത്തിലേക്ക്

Published

|

Last Updated

മലപ്പുറം | അക്ഷരവെളിച്ചം നൽകിയവരുടെ മരണവാർത്തയിൽ നടുങ്ങി പാങ്ങ് ഗ്രാമം. നാടിന്റെ ഹൃദയമിടിപ്പറിഞ്ഞ് തങ്ങളുടെ വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകിയിരുന്ന അധ്യാപകരുടെ വിയോഗം ഇനിയും ഈ ഗ്രാമവാസികൾക്ക് വിശ്വസിക്കാനായിട്ടില്ല. ചിരിയും തമാശകളുമായി തുടങ്ങിയ യാത്രയുടെ പര്യവസാനം വലിയൊരു ദുരന്തത്തിനാണ് വഴിമാറിയത്. പാങ്ങ് ജി എൽ പി സ്‌കൂളിൽ ഇനി ബാക്കിയുള്ളത് ഒരു അധ്യാപികയും പ്യൂണും മാത്രമാണ്.

സ്‌കൂൾ അവധിക്കാലമായതിനാലാണ് പാങ്ങ് ജി എൽ പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയിലേക്ക് വിനോദയാത്ര പോയത്. അടുത്ത ദിവസമാണ് സ്‌കൂൾ വാർഷികം കഴിഞ്ഞത്. അതിന്റെ സന്തോഷം പങ്കുവെക്കാൻ കൂടിയാണ് അവധി ദിനത്തിൽ സഹപ്രവർത്തകർ ഒരുമിച്ച് യാത്രയായത്.

പരസ്പര സൗഹൃദത്തോടെ മാത്രം സഹവർത്തിച്ചിരുന്ന അധ്യാപകരുടെ കൂട്ടായ്മയായിരുന്നു പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലേത്. സ്‌കൂൾ വാർഷികവും തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക തിരക്കുമെല്ലാം കഴിഞ്ഞ് ഒരു യാത്ര അധ്യാപകർ നേരത്തേ പ്ലാൻ ചെയ്തിരുന്നു. ആ യാത്രയാണ് ഇന്നലെ രാവിലെ പുറപ്പെട്ടത്. 13 പേരടങ്ങുന്ന സംഘം ട്രാവലർ വാനിലാണ് അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് പോയത്. അതിരപ്പിള്ളിയിൽ നിന്ന് യാത്രാസംഘം എടുത്ത ഫോട്ടോ ആരെയും നോമ്പരപ്പെടുത്തും. പാങ്ങ് ജി എൽ പി സ്‌കൂൾ പ്രധാനാധ്യാപിക അജിതയാണ് മരണപ്പെട്ടവരിൽ ഒരാൾ. വർഷങ്ങളായി സ്‌കൂളിൽ മികച്ച സേവനം ചെയ്തു മുന്നേറുന്ന അധ്യാപക കൂടിയാണ് അജിത. മറ്റു അധ്യാപകരായ റംലയും ആശയും സുഹറയും ഈ യാത്രയിലുണ്ടായിരുന്നു. സുഹറയുടെ മകൻ ഹിഷാമും അപകടത്തിൽ മരിച്ചിട്ടിണ്ട്.

മജീദിന്റെ ഭാര്യ റുഖിയയുടെ വിയോഗം വലിയ നൊമ്പരമാണ്. കാഴ്ച പരിമിതിയുള്ള മജീദിന് സഹായിയായാണ് റുഖിയ യാത്രയുടെ ഭാഗമായത്. വിധി ഇരുവരുടെയും ജീവനെടുക്കുകയായിരുന്നു. അവധിക്കാലം ഉല്ലാസമാക്കാൻ മകൻ ഷഹദിനെയും കൂടെ കൂട്ടിയാണ് അധ്യാപികയായ സാജിത യാത്രയുടെ ഭാഗമായത്. ആഘോഷം മരണക്കയത്തിലേക്കാണ് കൊണ്ടെത്തിച്ചത്.

മരിച്ച അധ്യാപികമാരുടെ സുഹൃത്തായിരുന്നു പാങ്ങ് ജി യു പി സ്‌കൂളിലെ അധ്യാപിക ഷക്കീല. രണ്ട് കുട്ടികളുടെ മാതാവായ ഷക്കീല പ്രതിസന്ധികളെ മറികടന്നാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. ജോലി ലഭിച്ച് കുടുംബത്തിന്റെ തണലായി നിൽക്കുമ്പോഴാണ് ഷക്കീലയുടെ മടക്കം.
പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് അതിസാഹസികമായാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവർക്കായി നാടൊന്നാകെ പ്രാർഥനയിലാണ്. അവധിക്കാലത്തിനു ശേഷം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ കാത്തിരിക്കുന്ന കുരുന്നുകൾക്ക് ഈ വാർത്ത താങ്ങാനാകുന്നതിലും അപ്പുറമാണ്. അവധിക്കാലം ആഘോഷമാക്കാനുള്ള യാത്ര ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

അന്ധകാരത്തിലും വെളിച്ചം പകർന്ന മജീദും യാത്രയായി
വളാഞ്ചേരി | വാൽപ്പാറയിലുണ്ടായ അപകടവാർത്തയിൽ ഏറ്റവും നൊമ്പരമുണർത്തുന്നത് അധ്യാപകനായ പാങ്ങ് മില്ലുംപടി സ്വദേശി മജീദിന്റെ വിയോഗമാണ്.
ജന്മനാ കാഴ്ചക്കുറവുള്ള മജീദ് തന്റെ പരിമിതികളെ ഇച്ഛാശക്തി കൊണ്ട് തോൽപ്പിച്ച വ്യക്തിയായിരുന്നു.

ലോകത്തെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും തന്റെ വിരൽത്തുമ്പിലൂടെയും കേൾവിയിലൂടെയും അദ്ദേഹം അറിവിന്റെ വലിയൊരു ലോകം വിദ്യാർഥികൾക്ക് മുന്നിൽ തുറന്നിട്ടു. സഹപ്രവർത്തകർക്കും തന്റെ പ്രിയതമക്കും ഒപ്പം യാത്ര പോകുമ്പോൾ അവർ വിവരിച്ചു കൊടുക്കുന്ന പ്രകൃതി ദൃശ്യങ്ങളിലൂടെയാണ് അദ്ദേഹം വാൽപ്പാറയെ മനസ്സിൽ കണ്ടത്. എന്നാൽ മലനിരകളിലെ തണുത്ത കാറ്റും പ്രകൃതിയുടെ സംഗീതവും ആസ്വദിച്ചു തീരുംമുന്പേ വിധി അദ്ദേഹത്തെയും പ്രിയതമ റുഖിയയെയും കൂടെയുള്ളവരെയും മടക്കമില്ലാത്ത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

Latest