Kerala
വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ചതില്‍ പ്രതിഷേധമെന്ന പേരില്‍ സംഘര്‍ഷമുണ്ടാക്കുന്നുവെന്ന് എ വിജയരാഘവന്‍
വിവാദങ്ങളുണ്ടാക്കി വോട്ടാക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമം

മലപ്പുറം | വഴിക്കടവില്‍ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം കോണ്‍ഗ്രസ്സ് രാഷ്ട്രീയവത്കരിച്ചെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. പ്രതിഷേധം എന്ന പേരില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയാന്‍ ഇല്ലാത്തതു കൊണ്ടാണ് കോണ്‍ഗ്രസ്സ് ഈ രീതി സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മരണവിവരം അറിഞ്ഞ ഉടനെ ഈ തരത്തില്‍ പ്രതിഷേധിക്കുന്നത് കണ്ടാല്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നത് സ്വാഭാവികമാണ്. ഇതാണ് വനം മന്ത്രി പറഞ്ഞതെന്നും വിജയരാഘവന്‍ വിശദീകരിച്ചു. കോണ്‍ഗ്രസ്സുകാരാണ് വഴിക്കടവില്‍ വൈദ്യുതി മോഷ്ടിച്ചതെന്നും പഞ്ചായത്ത് ഉത്തരവാദിത്വം നിര്‍വഹിച്ചില്ലെന്നും വിജയരാഘവന്‍ ആരോപിച്ചു. എല്‍ ഡി എഫ് നാളെ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
അക്രമോത്സുകമായ മുദ്രാവാക്യമാണ് കോണ്‍ഗ്രസ്സ് വിളിച്ചത്. ഇത്തരത്തില്‍ പ്രതികരിക്കുന്ന രാഷ്ട്രീയം എന്തു രാഷ്ട്രീയമാണ്. ഒരു കൂട്ടര്‍ റോഡ് തടയുമ്പോള്‍ മറ്റൊരു കൂട്ടര്‍ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു. കോണ്‍ഗ്രസ്സ് എത്രത്തോളം അധഃപതിച്ചുവെന്ന് വ്യക്തമാക്കുന്നതാണിത്. വിവാദങ്ങളുണ്ടാക്കി വോട്ടാക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.