Kerala
ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ അഗതിമന്ദിരത്തിലെ സഹവാസിക്ക് ക്വട്ടേഷന്‍; പ്രതികള്‍ പിടിയില്‍
കെട്ടിടത്തില്‍നിന്ന് വീണ് അരയ്ക്ക് താഴെ തളര്‍ന്ന നിലയിലായ ഷിബുവിനെ അദ്ദേഹം കഴിഞ്ഞിരുന്ന അഗതിമന്ദിരത്തില്‍നിന്നും, കൊലപാതകത്തിനായി വടിവാളുമായി ഒളിഞ്ഞിരുന്ന വിഷ്ണുവിനെ ഷിബുവിന്റെ വീട്ടുപരിസരത്തുനിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്
തൃശ്ശൂര്‍ | കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ അഗതിമന്ദിരത്തിലെ സഹവാസിക്ക് ക്വട്ടേഷന്‍ നല്‍കിയ ഭര്‍ത്താവും സുഹൃത്തും പിടിയില്‍. തൃശ്ശൂര്‍ ചേര്‍പ്പ് തണ്ടാശ്ശേരി സ്വദേശി ഷിബു ജോര്‍ജ് (50), അഗതിമന്ദിരത്തിലെ അന്തേവാസിയായ വിഷ്ണു (സത്യം-19) എന്നിവരെയാണ് ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തില്‍നിന്ന് വീണ് അരയ്ക്ക് താഴെ തളര്‍ന്ന നിലയിലായ ഷിബുവിനെ അദ്ദേഹം കഴിഞ്ഞിരുന്ന അഗതിമന്ദിരത്തില്‍നിന്നും, കൊലപാതകത്തിനായി വടിവാളുമായി ഒളിഞ്ഞിരുന്ന വിഷ്ണുവിനെ ഷിബുവിന്റെ വീട്ടുപരിസരത്തുനിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.വര്‍ഷങ്ങളായി ഭാര്യയുമായി നിലനിന്നിരുന്ന തര്‍ക്കങ്ങളെത്തുടര്‍ന്നാണ് ഷിബു അഗതിമന്ദിരത്തിലേക്ക് താമസം മാറ്റിയത്.എന്നാല്‍, ഷിബുവിന്റെ സ്വന്തം വീട്ടില്‍ത്തന്നെയാണ് ഭാര്യ ഇപ്പോഴും താമസിച്ചുവരുന്നത്.
നേരത്തെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിബുവിനെതിരെ സ്ത്രീപീഡനത്തിന് പോലീസ് കേസെടുത്തിരുന്നു. കേസും തുടര്‍ച്ചയായ കുടുംബവഴക്കുകളുമാണ് ക്വട്ടേഷനിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. അഗതിമന്ദിരത്തില്‍ ഷിബുവിനെ പരിചരിക്കുന്നതിനിടയിലാണ് വിഷ്ണു ഇയാളുമായി അടുത്ത സൗഹൃദത്തിലാകുന്നത്. തുടര്‍ന്നാണ് ഭാര്യയെ വധിക്കാനുള്ള ക്വട്ടേഷന്‍ ഷിബു ഈ യുവാവിന് കൈമാറിയത്. ഷിബുവിന്റെ നിര്‍ദേശപ്രകാരം വടിവാളുമായി ചേര്‍പ്പ് പള്ളിക്ക് സമീപമുള്ള വീടിന്റെ പരിസരത്ത് വിഷ്ണു ഒളിഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വീട്ടുപറമ്പില്‍ യുവാവിനെ കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വടിവാള്‍ കണ്ടെടുത്തത്.തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ഷിബുവിന്റെ ഭാര്യയെ വധിക്കാനാണ് താന്‍ എത്തിയതെന്ന് ഷിബു വെളിപ്പെടുത്തിയത്. പ്രതികളായ ഇരുവര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത ചേര്‍പ്പ് പൊലീസ്, കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ റിമാന്‍ഡ് ചെയ്തു







