National
മമത ഇന്ത്യ മുന്നണി യോഗത്തില്‍; ടിഎംസിയിലെ പത്തോളം എംപിമാര്‍ ബിജെപി ക്യാമ്പില്‍
ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട സുഖേന്ദു ശേഖര്‍ റോയും എംഎല്‍എ അഖ്റുജ്ജമാനും യോഗത്തില്‍ പങ്കെടുന്നുണ്ട്.
കൊല്‍ക്കത്ത | തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിയില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടയില്‍, പാര്‍ട്ടിയിലെ വിമതരായ പത്തോളം എംപിമാര്‍ ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തുന്നു. മമതാ ബാനര്‍ജി ബിജെപിയെ നേരിടാനുള്ള അടുത്ത നീക്കങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ്, സ്ഥലത്തു നിന്നും കേവലം ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിന്റെ വസതിയില്‍ എംപിമാര്‍ കൂടിക്കാഴ്ച നടക്കുന്നത്.
ശതാബ്ദി റോയ്, കകോലി ഘോഷ് ദസ്തിദാര്‍, അബു താഹെര്‍ ഖാന്‍, ഖലീലുര്‍ റഹ്മാന്‍, അസിത് കുമാര്‍ മാല്‍, അരൂപ് ചക്രവര്‍ത്തി, കാളിപദ സോറന്‍, ജഗദീഷ് ചന്ദ്ര ബര്‍മ ബസുനിയ, പ്രസൂണ്‍ ബാനര്‍ജി, ശര്‍മിള സര്‍ക്കാര്‍ എന്നിവരാണ് ഈ വിമത യോഗത്തില്‍ പങ്കെടുക്കുന്നത്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട സുഖേന്ദു ശേഖര്‍ റോയും എംഎല്‍എ അഖ്റുജ്ജമാനും യോഗത്തില്‍ പങ്കെടുന്നുണ്ട്.
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത ആഭ്യന്തര കലഹങ്ങളുടെ കേന്ദ്രം ഈ കൂടിക്കാഴ്ചകളോടെ രാജ്യ തലസ്ഥാനത്തേക്ക് മാറിയിരിക്കുകയാണ്.
പാര്‍ട്ടി നേതൃത്വത്തിനെതിരെ കത്തെഴുതാന്‍ 20 തൃണമൂല്‍ എംപിമാര്‍ പിന്തുണ ശേഖരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍, പാര്‍ട്ടിയുടെ ഭാവി നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഡല്‍ഹിയിലെ യോഗം ലക്ഷ്യമിട്ടതെന്നാണ് അറിയുന്നത്. ഇരു സഭകളിലുമായി തൃണമൂലിലെ 41 എംപിമാരില്‍ കുറഞ്ഞത് 20 പേരെങ്കിലും ബിജെപിയിലേക്ക് കൂടുമാറാന്‍ ശ്രമിക്കുന്നുവെന്നാണ് അറിയുന്നത്. കൂടാതെ, കഴിഞ്ഞ മാസം തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം നിയമസഭാംഗം റിതബ്രത ബാനര്‍ജി നയിക്കുന്ന വിമത വിഭാഗത്തെ പാര്‍ട്ടിയുടെ 80 ഓളം എംഎല്‍എമാരില്‍ 60 പേരെങ്കിലും പിന്തുണയ്ക്കുന്നതായും, പരസ്യമായ പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ പാര്‍ട്ടിയുടെ ഒന്നിലധികം പരിപാടികളില്‍ നിന്ന് വിട്ടുനിന്നതായും റിപ്പോര്‍ട്ടുണ്ട്.







