Kerala
പൂജാ ജോമോന്റെ രാജിക്ക് പിന്നില്‍ 20 ലക്ഷത്തിന്റെ ഡീല്‍; ആരോപണവുമായി സാബു എം ജേക്കബ്
പൂജ ജോമോന്റെ രാജിക്ക് പിന്നില്‍ കുന്നത്തുനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി പി സജീന്ദ്രന്‍ ആണെന്നും സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു
കൊച്ചി | പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്റെ രാജിക്ക് പിന്നില്‍ ഡീല്‍ ആണെന്ന ആരോപണവുമായി ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. പണം ഇറക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പൂജ ജോമോന്റെ രാജിക്ക് പിന്നില്‍ കുന്നത്തുനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി പി സജീന്ദ്രന്‍ ആണെന്നും സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു
പണം ഇറക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് ഇന്ന് പൂതൃക്ക പഞ്ചായത്തില്‍ നടന്നത്. മാര്‍ച്ച് 27ന് വൈകിട്ട് 6.45ന് പൂജ കോലഞ്ചേരി ജംഗ്ഷനില്‍ വന്ന് സജീന്ദ്രന്റെ വെള്ള ഇന്നോവ കാറില്‍ കയറി. ആ കാറില്‍ സിപി ജോയ്, ഡിസിസി സെക്രട്ടറി എന്നിവര്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് അഞ്ചു ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്.
അതുകൂടാതെ പൂതൃക്ക സഹകരണ ബേങ്കില്‍ ഉണ്ടായിരുന്ന ഏഴു ലക്ഷം രൂപയുടെ ലോണും പലിശയും അടച്ചു കൊള്ളാം എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ഡീല്‍. ഇതിന് പുറമെ രാജിവയ്ക്കുന്നതിന് അഞ്ചു ലക്ഷം രൂപയും. പിന്നീട് അതു പത്തു ലക്ഷമാക്കി ഉയര്‍ത്ി. ആ ഡീല്‍ ഞാന്‍ അറിഞ്ഞുവെന്ന് മനസിലായതോടെ ഇവര്‍ ആ ഡീലില്‍ നിന്നും പിന്മാറി. ഏതാണ്ട് 20 ലക്ഷം രൂപയുടെ ഡീല്‍ ആണ് ഇവിടെ നടന്നിരിക്കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു
അതേസമയം, ട്വന്റി 20 എന്‍ഡിഎ പ്രവേശവും നിലപാട് മാറ്റവുമാണ് രാജിക്ക് പിന്നിലെന്നാണ് പൂജാ ജോമോന്‍ പറയുന്നത്. സാബു എം ജേക്കബ് വിളിച്ച് ഭീഷണിപ്പെടുത്തി. രാജി വയ്ക്കുകയാണോ, രാജി വച്ച ഒരു മെമ്പര്‍ സ്‌കൂള്‍ ബസ് ഇടിച്ച് ഒരു പോറല്‍ പോലും ഇല്ലാതെ മരണപ്പെട്ടു. അത് ദൈവം വരുത്താതെ ഇരിക്കട്ടെ എന്ന് സാബു ജേക്കബ് വിളിച്ചു പറഞ്ഞുവെന്നും പൂജാ ജോമോന്‍ പറഞ്ഞു






