Connect with us

Editorial

മംദാനിയുടെ പ്രൈമറി വിജയം

ഗസ്സയിലെ ഇസ്‌റാഈലിന്റെ കൂട്ടക്കുരുതിയെ വംശഹത്യയെന്നാണ് മംദാനി വിശേഷിപ്പിച്ചത്. എന്നിട്ടും അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിന് വിജയിക്കാനായത് അമേരിക്കയില്‍ ശക്തിപ്പെട്ടു വരുന്ന സയണിസ്റ്റ് വിരുദ്ധ വികാരത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

Published

|

Last Updated

അമ്പരപ്പിക്കുന്നതാണ് ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പ് ഫലം. തീവ്ര ഫലസ്തീന്‍ അനുകൂലിയും സോഷ്യലിസ്റ്റുമായ സഹ്റാന്‍ മംദാനിയാണ് ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റുകളുടെ മേയര്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ സ്റ്റേറ്റ് ഗവര്‍ണറും സയണിസ്റ്റ്- ഇസ്റാഈല്‍ അനുകൂലിയുമായ ആന്‍ഡ്രൂ ക്വോമോ ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

ലൈംഗിക പീഡന കേസില്‍ കുറ്റാരോപിതനായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ സ്ഥാനം രാജിവെക്കേണ്ടി വന്ന ആന്‍ഡ്രൂ ക്വോമോ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവിന്റെ മുന്നോടിയായാണ് പാര്‍ട്ടി സ്ഥാനാര്‍ഥി നിര്‍ണയ പോരാട്ടത്തില്‍ രംഗത്തുവന്നത്. പതിനൊന്ന് സ്ത്രീകള്‍ക്കെതിരെ അദ്ദേഹം ലൈംഗികാതിക്രമം നടത്തിയതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ നിയോഗിച്ച സമിതിയുടെ അന്വേഷണ റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. എങ്കിലും പ്രചാരണവേളയുടെ ആദ്യ ഘട്ടത്തില്‍ ആദ്യ സ്ഥാനത്ത് ആന്‍ഡ്രൂ ക്വോമോയുടെ പേരായിരുന്നു ഉയര്‍ന്നു വന്നത്. പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളും പത്ത് ശതമാനത്തിലേറെ വരുന്ന ജൂത വോട്ടുകളും തുണക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആന്‍ഡ്രൂ ക്വോമോ അനായാസ വിജയം നേടുമെന്നായിരുന്നു വിലയിരുത്തല്‍.

മംദാനിയുടെ സോഷ്യലിസ്റ്റ് ആശയങ്ങളും ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയും ക്രൂരതകളുമാണ് ആന്‍ഡ്രൂ ക്വോമോയെ കൈവിട്ട് മംദാനിയെ പിന്തുണക്കാന്‍ ജനങ്ങളെ പ്രേരിതമാക്കിയതെന്ന് കരുതപ്പെടുന്നു. ഇസ്റാഈലിന്റെ ഗസ്സ ആക്രമണത്തിലും അമേരിക്കയുടെ ഇസ്റാഈല്‍ അനുകൂല നിലപാടിലും അസ്വസ്ഥരാണ് അമേരിക്കന്‍ യുവത. കഴിഞ്ഞ വര്‍ഷം യു എസിലെ ക്യാമ്പസുകളിലുടനീളം നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ യുവതയുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഇടതുപക്ഷ അനുകൂലികളായ ജൂത സമൂഹവും ഇസ്റാഈലിന്റെ അതിക്രമങ്ങളെ അധിക്ഷേപിച്ച് രംഗത്തു വരികയുണ്ടായി. മുതലാളിത്തത്തിന്റെ അതിരുകടന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള ജനവികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് യു എസിലെ സോഷ്യലിസ്റ്റ് വിംഗിന്റെ പക്ഷം.

ഇന്ത്യന്‍ വംശജനും അക്കാദമീഷ്യനും എഴുത്തുകാരനുമായ മഹ്മൂദ് മംദാനിയുടെ മകനാണ് സഹ്റാന്‍ മംദാനി. ഇന്ത്യന്‍ ചലച്ചിത്ര സംവിധായക മീരാ നായരാണ് മാതാവ്. ഉഗാണ്ടയിലായിരുന്നു സഹ്റാന്‍ മംദാനിയുടെ ജനനം. ഏഴാം വയസ്സില്‍ കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലേക്ക് കുടിയേറി. ക്വീന്‍സില്‍ നിന്നുള്ള നിയമസഭാ അംഗമാണ് നിലവില്‍ അദ്ദേഹം. പ്രൈമറി തിരഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ പല ഘട്ടങ്ങളിലും ഫലസ്തീന്‍ അനുകൂല പരാമര്‍ശങ്ങളായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. ഗസ്സയിലെ ഇസ്റാഈലിന്റെ കൂട്ടക്കുരുതിയെ വംശഹത്യയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നിട്ടും അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിന് വിജയിക്കാനായത് അമേരിക്കയില്‍ ശക്തിപ്പെട്ടു വരുന്ന സയണിസ്റ്റ് വിരുദ്ധ വികാരത്തിലേക്ക് വിരല്‍ചൂണ്ടുന്നു. നവംബറില്‍ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ന്യൂയോര്‍ക്കിനെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനും മുസ്ലിമും ഏറ്റവും പ്രായം കുറഞ്ഞ മേയറുമായിരിക്കും സഹ്റാന്‍ മംദാനി. 32 വയസ്സാണ് ഹംദാനിയുടെ പ്രായം.

യുവാക്കള്‍ക്കും കുടിയേറ്റക്കാര്‍ക്കും തൊഴിലാളി വര്‍ഗത്തിനുമിടയില്‍ വന്‍ സ്വാധീനമുണ്ട് മംദാനിക്ക്. അമേരിക്കന്‍ ഇടതുപക്ഷ നിരയിലെ പ്രമുഖ വ്യക്തിത്വങ്ങളായ അലക്സാണ്ട്രിയ കോസിയോ കോര്‍ട്ടെസ്, സെനറ്റര്‍ ബര്‍ണി സാന്‍ഡേഴ്സ് എന്നിവരുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. ‘സാധ്യമാകുന്നതു വരെയും എല്ലായ്പ്പോഴും കാര്യങ്ങള്‍ അസാധ്യമാണെന്ന് തോന്നു’മെന്ന നെല്‍സണ്‍ മണ്ടേലയുടെ വാക്കുകളാണ് വിജയ വാര്‍ത്ത പുറത്തുവന്ന ഉടനെ മംദാനിയുടെ ആദ്യ പ്രതികരണമായി പുറത്തുവന്നത്. അങ്ങനെയൊരു കാര്യമാണ് പൂര്‍ത്തീകരിച്ചതെന്നും ജനങ്ങള്‍ക്കാണ് അതിന്റെ ക്രെഡിറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്കിലെ ഹിന്ദുത്വര്‍ക്ക് കനത്ത അടിയാണ് മംദാനിയുടെ വിജയം. എതിര്‍ സ്ഥാനാര്‍ഥി ക്വോമോക്കായിരുന്നു ഹിന്ദുത്വരുടെ പിന്തുണ. ന്യൂയോര്‍ക്ക് നഗരത്തിലുടനീളം ക്വോമോക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് ബാനര്‍ സ്ഥാപിച്ചിരുന്നു ഹിന്ദുത്വര്‍. ഇന്ത്യയില്‍ സംഘികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ മംദാന്‍ ശക്തിയായി പ്രതികരിച്ചതും നരേന്ദ്ര മോദിയെ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഉപമിക്കുകയും യുദ്ധക്കുറ്റവാളിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തതാണ് ഹിന്ദുത്വര്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വരാനിടയാക്കിയത്. ന്യൂയോര്‍ക്കിലെ സങ്കീര്‍ണതകളെ മറികടക്കാന്‍ ഭരണ രംഗത്ത് പരിചിതനായ ക്വോമോക്കാണ് സാധിക്കുകയെന്നായിരുന്നു ന്യൂയോര്‍ക്കിലെ ഹിന്ദുത്വ നേതാവായ രാകേഷ് ശ്രീധര്‍ അഭിപ്രായപ്പെട്ടിരുന്നത്. ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള അമേരിക്കന്‍ മാധ്യമങ്ങളും ഹംദാനിക്കെതിരായിരുന്നു. ന്യൂയോര്‍ക്കുകാരുടെ ബാലറ്റുകളില്‍ ഇടം നേടാന്‍ ഹംദാനി അര്‍ഹനാണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലില്‍ അഭിപ്രായപ്പെട്ടത്. ഈ നിരീക്ഷണങ്ങളെയെല്ലാം നിഷ്പ്രഭമാക്കിയാണ് ഹംദാനിയുടെ വിജയം.

തന്റെ വിമര്‍ശകനായ മംദാനിയുടെ വിജയത്തില്‍ കടുത്ത അസ്വസ്ഥനാണ് ട്രംപ്. ‘നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍’ എന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ ട്രംപ് പ്രതികരിച്ചത്. ‘ഒടുവില്‍ അത് സംഭവിച്ചു. ഡെമോക്രാറ്റുകള്‍ പരിധി ലംഘിച്ചു. തീര്‍ത്തും കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ മംദാനി ഡെമോക്രാറ്റിക് പ്രൈമറി മത്സരത്തില്‍ വിജയിച്ചു. മുമ്പ് നമുക്ക് റാഡിക്കല്‍ ഇടതുപക്ഷക്കാരുണ്ടായിരുന്നു. ഇത് പക്ഷേ കൂടുതല്‍ പരിഹാസ്യമായിപ്പോയി. കാഴ്ചയില്‍ ഒരു ഭീകരനെ പോലെയാണ് മംദാനി. ശബ്ദം അരോചകവും’ എന്നിങ്ങനെ പോകുന്നു ട്രംപ് നടത്തിയ അധിക്ഷേപങ്ങള്‍. അതേസമയം ന്യൂയോര്‍ക്കിന്റെ പുരോഗമന ശബ്ദമാണ് മംദാനിയെന്നാണ് ട്രംപിന്റെ വിദ്വേഷ പരാമര്‍ശത്തോടുള്ള മംദാനി അനുകൂലികളുടെ പ്രതികരണം.