Connect with us

Kerala

'സഹായിച്ചവർക്ക് നന്ദി, ഇനി സന്തോഷത്തിന്റെ സമയം': റഹീമിന്റെ മാതാവ് പാത്തു

ഇന്നലെ വരെ കരഞ്ഞുവറ്റിയ കണ്ണുകളിൽ സന്തോഷാശ്രുക്കൾ പൊഴിച്ച് ആ ഉമ്മ

Published

|

Last Updated

ഫറോക്ക് | ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ സഊദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന ഫറോക്ക് സ്വദേശി റഹീമിനായി കൈകോർത്ത സുമനസ്സുകൾക്ക് നന്ദി അറിയിച്ച് ഉമ്മ പാത്തു. ‘സഹായിച്ചവർക്ക് എല്ലാം നന്ദി. ദുഖഃങ്ങൾ നീങ്ങി. ഇനി സന്തോഷത്തിന്റെ സമയമാണ്’- ഇന്നലെ വരെ കരഞ്ഞുവറ്റിയ കണ്ണുകളിൽ സന്തോഷാശ്രുക്കൾ പൊഴിച്ച് ആ ഉമ്മ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 18 വർഷമായി നാഥന് മുന്നിൽ കേണപേക്ഷിച്ച് കരഞ്ഞ ഒരുമ്മയുടെ കൂടി വിജയമാണ് അബ്ദുറഹീമിന്റെ മോചനദ്രവ്യം കണ്ടെത്താനായതിലൂടെ സഫലമായത്.

ജാതി മത കക്ഷി ഭേദമന്യേ കേരളം ഒന്നടങ്കം ഏറ്റെടുത്ത മഹാദൗത്യമാണ് നിശ്ചയിച്ചതിലും മൂന്ന് ദിവസം മുമ്പ് വിജയം കണ്ടത്. 34 കോടി രൂപയാണ് അബ്ദുർറഹീമിന് മോചനദ്രവ്യമായി നൽകേണ്ടിയിരുന്നത്. ഈ തുക കണ്ടെത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ നിയമസഹായ സമിതി രൂപീകരിച്ച് നടത്തിയ നീക്കങ്ങൾ കേരളം ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

ചെമ്മണ്ണൂർ ഗോൾഡ് ഉടമ ബോബി ചെമ്മണ്ണൂർ ഉൾപ്പെടെ ആയിരക്കണക്കിന് സുമനസ്സുകൾ ഈ മഹാദൗത്യത്തിനായി കണ്ണിചേർന്നു. പണം കണ്ടെത്താൻ ബോബി ചെമ്മണ്ണൂർ നടത്തി വരുന്ന ‘ഭിക്ഷാ യാത്ര’യാണ് വിഷയം കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചത്. ഇതോടൊപ്പം സാമൂഹിക, സാംസ്കാരിക, മത സംഘടനകളും ദൗത്യത്തിൽ അഹോരാത്രം പ്രയത്നിച്ചതോടെ മാർഗം എളുപ്പമായി, ലക്ഷ്യം കൈവരിച്ചു.

കോഴിക്കോട് ജില്ലയില്‍ ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പരേതനായ മുഹമ്മദ് കുട്ടിയുടെ മകന്‍ സീനത്ത് മന്‍സിലില്‍ അബ്ദുര്‍റഹീം 2006ലാണ് ജോലി ആവശ്യാര്‍ഥം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. ഡ്രൈവര്‍ ജോലിക്കൊപ്പം ഭിന്ന ശേഷിക്കാരനായ സഊദി ബാലനെ പരിചരിക്കലും ജോലിയായിരുന്നു. ഒരിക്കല്‍ ബാലനുമായി കാറില്‍ യാത്ര ചെയ്യുമ്പോഴുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തിലാണ് റഹീം ജയിലിലാകുന്നത്. യാത്രക്കിടെ സിഗ്‌നല്‍ റെഡ് ലൈറ്റ് കാണിച്ചപ്പോള്‍ റഹീം വാഹനം നിര്‍ത്തി. ഈ സമയം വാഹനം മുന്നോട്ടെടുക്കാന്‍ ബാലന്‍ ആവശ്യപ്പെട്ടു. ഈ തര്‍ക്കത്തിനിടയില്‍ ഭിന്നശേഷിക്കാരനായ കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ഉപകരണത്തിലെ ട്യൂബ് അബദ്ധത്തില്‍ കൈയില്‍ തട്ടി വേര്‍പ്പെട്ടു. തത്ഫലമായി കുട്ടി മരണപ്പെട്ടു.

അവസാന നിമിഷം വരെ സഊദി കുടുംബം വധശിക്ഷ വേണമെന്നതില്‍ ഉറച്ച് നിന്നെങ്കിലും ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി ദിയാ ധനം നല്‍കിയാല്‍ മാപ്പ് കൊടുക്കാമെന്ന് എംബസിയെ അറിയിക്കുകയായിരുന്നു. ഇന്ത്യയില്‍ സമാഹരിച്ച ഫണ്ട് വിദേശകാര്യ മന്ത്രാലയം മുഖേന റിയാദിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറും.