Connect with us

National

'ഞാന്‍ ബി ജെ പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കുകളും ഒഴിവാക്കപ്പെടും'; സസ്‌പെന്‍ഷനെതിരെ തുറന്നടിച്ച് ബജ്‌രംഗ് പുനിയ

'ഞങ്ങളെ തകര്‍ക്കുകയും അടിയറവ് പറയിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനാണ് ഇങ്ങനെ ചെയ്യുന്നത്.'

Published

|

Last Updated

ന്യൂഡല്‍ഹി | തനിക്കെതിരായ ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി (നാഡ)യുടെ സസ്‌പെന്‍ഷന്‍ നടപടിയില്‍ അത്ഭുതമൊന്നും ഇല്ലെന്ന് ഗുസ്തി താരം ബജ്‌രംഗ് പുനിയ. താന്‍ ബി ജെ പിയില്‍ ചേരുകയാണെങ്കില്‍ എനിക്കെതിരായ എല്ലാ വിലക്കുകളും ഒഴിവാക്കപ്പെടുമായിരുന്നുവെന്നും പുനിയ തുറന്നടിച്ചു.

‘ഇത് ഞെട്ടലുണ്ടാക്കുന്നതല്ല. ഇത്തരം വിചാരണകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി തുടരുകയാണ്. നാഡക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്ന് ഞാന്‍ മുമ്പും പറഞ്ഞിരുന്നു. കാലാവധി കഴിഞ്ഞ കിറ്റുമായാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തേജക മരുന്ന് പരിശോധനക്കായി അവര്‍ എന്റെ വീട്ടിലെത്തിയത്. ഇക്കാര്യം ഞാന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.’- മാധ്യമങ്ങളോട് സംസാരിക്കവേ പുനിയ പറഞ്ഞു.

ഒരു കളിക്കാരനും കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനക്കായി നല്‍കാന്‍ പാടില്ല. അവിടെയുണ്ടായിരുന്ന എന്റെ സുഹൃത്തുക്കളും അത് കണ്ടിട്ടുണ്ട്. 2023ല്‍ മാത്രമല്ല, 2020, 21, 22 വര്‍ഷങ്ങളിലും അവര്‍ കാലാവധി കഴിഞ്ഞ കിറ്റുകളുമായാണ് എത്തിയത്. ഞാന്‍ മൂത്രത്തിന്റെ സാമ്പിള്‍ നല്‍കിയ ശേഷം സുഹൃത്തുക്കള്‍ പരിശോധിച്ചപ്പോള്‍ കിറ്റ് കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഞങ്ങള്‍ ഒരു വീഡിയോ ചിത്രീകരിച്ച് നാഡക്ക് അയച്ചുകൊടുത്തു. അവരെ വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തം തെറ്റ് സമ്മതിക്കാന്‍ അവര്‍ തയ്യാറായില്ല.’- പുനിയ പറഞ്ഞു.

ബി ജെ പി നേതാവും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യു എഫ് ഐ)യുടെ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് കേന്ദ്ര സര്‍ക്കാര്‍ പ്രതികാരം ചെയ്യുക ഇത്തരം നടപടികളിലൂടെയെന്നും പുനിയ ആരോപിച്ചു.

‘കഴിഞ്ഞ 10-12 വര്‍ഷമായി ഞാന്‍ മത്സര രംഗത്തുണ്ട്. എല്ലാ ടൂര്‍ണമെന്റുകളുമായും ബന്ധപ്പെട്ടുള്ള ക്യാമ്പുകളില്‍ പരിശോധനക്കായുള്ള സാമ്പിളുകള്‍ നല്‍കിയിട്ടുമുണ്ട്. എന്നാല്‍, ഞങ്ങളെ തകര്‍ക്കുകയും അടിയറവ് പറയിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനാണ് ഇങ്ങനെ ചെയ്യുന്നത്.’- പുനിയ കൂട്ടിച്ചേര്‍ത്തു.

ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സിനായി ഉത്തേജക മരുന്ന് പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് കാണിച്ചാണ് നാല് വര്‍ഷത്തേക്ക് പുനിയയെ നാഡ വിലക്കിയിരിക്കുന്നത്. ഇക്കാലയളവില്‍ ഗുസ്തിയില്‍ പങ്കെടുക്കുവാനോ വിദേശത്ത് കോച്ചിന്റെ പദവി ഏറ്റെടുക്കുവാനോ പാടില്ല.

 

Latest