Cover Story
നടുക്കടലിൽ നിന്ന് രക്ഷപ്പെട്ട ആ ഹജ്ജ് യാത്ര
യാത്രക്കാരെല്ലാം വെപ്രാളത്തിലായി. എന്ത് ചെയ്യണമെന്നറിയാതെ കപ്പൽ ജീവനക്കാർ പരിഭ്രമിച്ചുനിൽക്കുന്നു. പിന്നെ അത് കരച്ചിലായി. സ്ത്രീകളടക്കമുള്ളവർ കൂട്ട നിലവിളിയായി. എല്ലാവർക്കും മരണം മുന്നിൽ കാണുന്നത് പോലെ! മണിക്കൂറുകൾ പിന്നിട്ടു. പഠിച്ച പണിയെല്ലാം നോക്കിയ കപ്പൽ ജീവനക്കാർ അവസാനം കൈമലർത്തി. നിങ്ങൾ ദുആ ചെയ്യുക....ആ ഹജ്ജ് യാത്രയുടെ ഉദ്വേഗജനകമായ അനുഭവം പങ്ക് വെക്കുകയാണ് കമ്മദ് കുട്ടി ഹാജി.
56 വർഷം മുമ്പ് കപ്പലിന്റെ യന്ത്രം തകരാറിലായി നടുക്കടലിൽ മണിക്കൂറുകൾ കഴിച്ചുകൂട്ടിയ നടുക്കുന്ന ഓർമകൾ കമ്മദ് കുട്ടി ഹാജിയുടെ മനസ്സിൽ ഇപ്പോഴും ഇരമ്പുകയാണ്. ഹജ്ജ് കഴിഞ്ഞ് തിരിച്ചുള്ള കപ്പൽ യാത്രയിൽ കപ്പൽ കരയിലെത്താൻ ഒരു ദിവസത്തെ യാത്ര കൂടിയുണ്ട്. അപ്പോഴാണ് നടുക്കടലിൽ കപ്പൽ മുന്നോട്ട് നീങ്ങാനാകാതെ നിന്നുപോയത്. എല്ലാവരും ഭീതിയിലായ നിമിഷം. കപ്പൽ നിൽക്കാനുണ്ടായ കാരണം എന്താണെന്ന് യാത്രക്കാർക്കൊന്നും പിടിയില്ല. ഒരു ദിവസത്തേക്ക് മാത്രമുള്ള ഭക്ഷണമേ ഉണ്ടായിരുന്നുള്ളൂ. ആകെ ഭയം തളംകെട്ടിയ സന്ദർഭം.
കപ്പലിന്റെ എൻജിൻ ഓഫായിട്ടാണ് കടലിൽ കപ്പൽ നിന്നത്. ആദ്യം യാത്രക്കാർക്ക് പന്തികേടൊന്നും തോന്നിയില്ല. അൽപ്പ സമയം കഴിഞ്ഞപ്പോഴാണ് യാത്രക്കാരുടെ മനസ്സിൽ ഭീതി ഉരുണ്ടു കൂടിയത്. കപ്പലിന്റെ രണ്ട് എൻജിനുകളിൽ രണ്ടും തകരാറിലായിട്ടുണ്ട്. ആദ്യം ഒരു എൻജിനും അൽപ്പസമയം കഴിഞ്ഞപ്പോൾ അടുത്ത എൻജിനും കേടായത് കൊണ്ടാണ് കപ്പൽ നിന്നതെന്ന യാഥാർഥ്യം യാത്രക്കാർ അറിയുന്നത്.
അതോടെ യാത്രക്കാരെല്ലാം വെപ്രാളത്തിലായി. എന്ത് ചെയ്യണമെന്നറിയാതെ കപ്പൽ ജീവനക്കാർ പരിഭ്രമിച്ചുനിൽക്കുന്നു. പിന്നെ അത് കരച്ചിലായി. സ്ത്രീകളടക്കമുള്ളവർ കൂട്ട നിലവിളിയായി. എല്ലാവർക്കും മരണം മുന്നിൽ കാണുന്നത് പോലെ ! ചിലർ മരിക്കാനുള്ള തയ്യാറെടുപ്പിൽ. മറ്റു ചിലർ ആത്മധൈര്യം കൈമുതലാക്കി എന്തും വരട്ടെ, ഏറി വന്നാൽ മരിക്കേണ്ടിവരും അതിലപ്പുറം ഒന്നും നടക്കില്ല എന്ന ദൃഢനിശ്ചയത്തിൽ ഈമാൻ ഉറപ്പിച്ചു നിൽക്കുന്നു. മണിക്കൂറുകൾ പിന്നിട്ടു. പഠിച്ച പണിയെല്ലാം നോക്കിയ കപ്പൽ ജീവനക്കാർ അവസാനം കൈ മലർത്തി. നിങ്ങൾ ദുആ ചെയ്യുക. കപ്പൽ ജീവനക്കാർ യാത്രക്കാരെല്ലാവരോടും ദുആ ചെയ്യാൻ പറഞ്ഞു. അറിയുന്ന വിധത്തിൽ എല്ലാവരും ദുആ ചെയ്യുന്നു. ജീവനക്കാർ വീണ്ടും അവരാൽ കഴിയുന്ന പണികളെല്ലാം ചെയ്തു നോക്കുന്നു ഒരു രക്ഷയുമില്ല.
“അവസാനം നിങ്ങൾ എല്ലാവരും കൂടി നിങ്ങളുടെ കൂട്ടത്തിലെ പ്രായമായ ഒരാളുടെ നേതൃത്വത്തിൽ കൂട്ടപ്രാർഥന നടത്തൂ, വല്ല രക്ഷയും ഉണ്ടാകും’ എന്ന് ജീവനക്കാർ പറഞ്ഞു. യാത്രക്കാർ എല്ലാവരും കപ്പലിന്റെ മുകളിൽ പോയി ഉത്തർപ്രദേശുകാരായ പ്രായമുള്ള ഹാജിമാരും ഉണ്ടായിരുന്നു. ആ കൂട്ടത്തിലെ വന്ദ്യ വയോധികനായ ഒരു ഹാജിയുടെ നേതൃത്വത്തിൽ എല്ലാവരും മനസ്സുരുകി കരഞ്ഞു കൊണ്ട് പ്രാർഥിച്ചു. അതൊരു പ്രാർഥന തന്നെയായിരുന്നു. ജീവിതത്തിലൊരിക്കലും പ്രാർഥിച്ചിട്ടില്ലാത്ത പ്രാർഥനയായിരുന്നു അത്. പെട്ടെന്ന് കപ്പൽ സ്റ്റാർട്ടായി. എല്ലാവർക്കും ജീവിതം തിരിച്ചു കിട്ടിയ നിമിഷമായിരുന്നു അത്. കൂട്ടപ്രാർഥനക്ക് ഫലം ഉണ്ട് എന്നത് നേരിൽ കണ്ട നേരം. ഏഴ് മണിക്കൂറിലേറെയാണ് നടുക്കടലിൽ കഴിയേണ്ടിവന്നത്.
മലപ്പുറം ജില്ലയിലെ മൂന്നിയൂർ ചുഴലി കുന്നുമ്മൽ കമ്മദ് കുട്ടി ഹാജിക്ക് ഇപ്പോൾ പ്രായം 74 വയസ്സ്. തന്റെ 28ാം വയസ്സിൽ വിശുദ്ധ ഹജ്ജിനായി കപ്പലിൽ യാത്ര പോയതിന്റെ നിമിഷങ്ങൾ ഓരോന്നും ഇന്നും അവിസ്മരണീയമായി തുടികൊട്ടുകയാണ്. 1949 ലാണ് പിതാവ് മുഹമ്മദ് ഹാജി കപ്പൽ മാർഗം ഹജ്ജിന് പോയത്.
1980 ലായിരുന്നു ഞങ്ങളുടെ ഹജ്ജ് യാത്ര. കൂടെ സഹോദരിമാരായ ഫാത്വിമയും ആമിയും ഉണ്ടായിരുന്നു. 1978 ൽ ഹജ്ജിന് പണം അടച്ചുവെങ്കിലും പടച്ചോന്റെ വിധിയെന്ന് പറയട്ടെ, നറുക്ക് വീണില്ല. വലിയ സങ്കടമായി. പിറ്റേ വർഷവും അവസരം ലഭിച്ചില്ല. അവസാനം 1980ൽ ഞങ്ങൾക്ക് അവസരം ലഭിച്ചു. എന്തെന്നില്ലാത്ത സന്തോഷമായി. 3000 രൂപയായിരുന്നു യാത്രാ ചെലവ്. മൂന്ന് മാസം നീണ്ടുനിൽക്കുന്ന യാത്ര. ഞങ്ങൾ യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
എല്ലാവരോടും പൊരുത്തപ്പെടുവിച്ചു. യാത്ര പറഞ്ഞു. ഇനി ഒരിക്കലും തിരിച്ചു വരുമെന്ന ഉറപ്പില്ലാത്ത യാത്ര പറയലായിരുന്നു അത്. അന്ന് രണ്ട് കപ്പലുകളാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിന് സർവീസ് നടത്തിയിരുന്നത്. അക്ബർ, നൂർജഹാൻ എന്നീ കപ്പലുകളായിരുന്നു അത്. മുംബൈയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും അക്ബറിന് 10 ദിവസവും നൂർജഹാന് എട്ടും ദിവസത്തെ യാത്രയാണ് വേണ്ടിവരിക. ഞങ്ങളുടെ യാത്ര അക്ബറിലായിരുന്നു.
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. സ്വന്തം മഹല്ലിന്റെ പരിധി വിടുമ്പോൾ എല്ലാവരും കൂടി കൂട്ട ബാങ്ക് വിളിക്കും. അതൊരു കാഴ്ച തന്നെയാണ്. കോഴിക്കോട് വരേ കാറിൽ വന്ന് അവിടെ നിന്ന് മുംബൈയിലേക്ക് ട്രെയിനിൽ യാത്ര. മുംബൈയിൽ നിന്ന് ചില രേഖകൾ ശരിയാക്കാനുണ്ട്. പത്ത് ദിവസത്തോളം മുംബൈയിലെ മുസാഫർഖാനിൽ കഴിച്ചു കൂട്ടണം. അതും കഴിഞ്ഞ് ഞങ്ങൾ യാത്രയായി. ഏകദേശം 750 ഓളം ഹാജിമാരാണ് ആ കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അതിലുണ്ടായിരുന്നു.
മിക്ക യാത്രക്കാർക്കും കപ്പലിൽ കയറിയതോടെ ആദ്യത്തെ ഒന്നുരണ്ട് ദിവസം ശക്തമായ ഛർദിയുണ്ടായി. ചിലർ ഛർദിച്ച് അവശരായിട്ടുണ്ട്. ചെറുപ്പക്കാരായ ഞങ്ങളാണ് അവർക്ക് വേണ്ട പരിചരണം നടത്തിയത്. കഞ്ഞിയും മരുന്നുമെല്ലാം നൽകി. മൂന്ന് മാസമായിരുന്നു യാത്രാ കാലയളവ്. ഹാജിമാർ ആവശ്യമായ വസ്തുക്കളെല്ലാം കൊണ്ടുപോകും. ഭക്ഷണത്തിനുള്ള അരി, പഞ്ചസാര, ചായപ്പൊടി തുടങ്ങിയവയെല്ലാം കൂട്ടത്തിൽ കരുതിയിരുന്നു. ഞങ്ങൾ മക്കയിൽ എത്തി. ബശീർ അഹമ്മദ് എന്ന പേരുള്ള മുത്വവ്വയായിരുന്നു ഞങ്ങളെ സഹായിക്കാൻ ഉണ്ടായിരുന്നത്.
അക്കാലത്ത് സഊദിയിൽ കൊടുംകുറ്റവാളികളെ പരസ്യമായി കഴുത്ത് വെട്ടി കൊല്ലുകയാണ് പതിവ്. ഇത്തരം വധശിക്ഷകൾ നേരിൽ കാണാൻ സാധിച്ചിട്ടുണ്ട്. മുഹർറം ഒന്നിന് ഹറമിൽ ഇശാഅ് നിസ്കാരം നടക്കുമ്പോൾ പുറത്തു നിന്ന് ശക്തമായ പൊട്ടൽ കേൾക്കുന്നു. എല്ലാവരും പേടിച്ചു. വല്ല വെടിവെപ്പോ സ്‌ഫോടനമോ ആയിരിക്കുമെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. അതിന്റെ തൊട്ടു മുമ്പത്തെ വർഷമാണ് ശിയാക്കൾ മസ്ജിദുൽ ഹറാമിൽ അക്രമം നടത്തിയിരുന്നത്. നിരവധിയാളുകൾ അന്ന് മരിച്ചിരുന്നു. ഈ ഒരു ഓർമ എല്ലാവരിലും തികട്ടിവന്നു
എന്നാൽ പുറത്ത് ഏതോ കെട്ടിടങ്ങളിൽ തീപിടിച്ചതായിരുന്നു സംഭവം. കെട്ടിടങ്ങളിലെ ഉപകരണങ്ങൾക്ക് തീപിടിച്ച് പൊട്ടിത്തെറിക്കുന്ന ശബ്ദമാണ് കേട്ടിരുന്നത്. കുറേ ആളുകൾക്ക് പരുക്ക് പറ്റിയിരുന്നു.
ഹജ്ജും ഉംറയും മദീന സിയാറത്തുമെല്ലാം പൂർത്തിയാക്കി ഞങ്ങൾ മടക്കയാത്ര തിരിക്കുകയായി. തിരിച്ചുള്ള യാത്രയിൽ കപ്പൽ കരയിലെത്താൻ ഒരു ദിവസത്തെ യാത്ര കൂടിയുണ്ട്. അപ്പോഴാണ് നടുക്കടലിൽ കപ്പൽ എൻജിൻ ഓഫായി നിന്നത്. ഏഴ് മണിക്കൂറാണ് ഞങ്ങൾ നടുക്കടലിൽ കഴിഞ്ഞത്. മുംബൈയിൽ എത്തി അവിടെ നിന്ന് ട്രെയിനിൽ കോഴിക്കോട് എത്തി. കോഴിക്കോട് ഞങ്ങളെ സ്വീകരിക്കാൻ കുടുംബം എത്തിയിരുന്നു. അവരോടൊപ്പം വീട്ടിലേക്ക് പുറപ്പെട്ടു.
പിന്നീട് ജോലി ആവശ്യാർഥം സഊദിയിൽ പോയിട്ടുള്ള കമ്മദ് കുട്ടി ഹാജി 37 വർഷത്തോളം സഊദിയിൽ പ്രവാസിയായിട്ടുണ്ട്. വയസ്സ് 74 പിന്നിട്ടിട്ടും കമ്മദ് കുട്ടി ഹാജിക്ക് ഇന്നും നല്ല ചുറുചുറുക്കാണ്. കൃഷി ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. വീടും പരിസരവും ഒരു ഹൈടെക് കൃഷിയിടമാണ്. തെങ്ങ്, കവുങ്ങ്, പ്ലാവ്, ജാതിക്ക, റന്പൂട്ടാൻ, വിവിധ തരം വാഴകൾ തുടങ്ങിയവയാൽ സമൃദ്ധമാണ് ഇദ്ദേഹത്തിന്റെ കൃഷിയിടം. കൂടാതെ നെല്ലും പച്ചക്കറികളും കൃഷിയിടത്തിൽ നിറഞ്ഞുനിൽക്കുന്നു. മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന പ്രത്യേക തരം കവുങ്ങുകളും ഇവിടെ കാണാം. നേന്ത്രപ്പഴം, റോബസ്റ്റ്, മൈസൂർ പഴം, ഞാലിപ്പൂവൻ, കസ്തൂരി തുടങ്ങിയ പഴങ്ങളും രണ്ട് വർഷംകൊണ്ട് കായ്ച്ച് നിൽക്കുന്ന വിയറ്റ്നാം പ്ലാവുകളും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഉണ്ട്. പച്ചക്കറിയുടെ കൂട്ടത്തിൽ ചേന, മുളക്, വെണ്ട, കുവ തുടങ്ങിയവയും തിങ്ങിനിൽക്കുന്നു. കൂടാതെ അറേബ്യൻ ഔഷധ സസ്യങ്ങളായ ജർസീർ, ബക് തൂനസ് തുടങ്ങിയവയും ഇദ്ദേഹം കൃഷി ചെയ്യുന്നു. ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്ക് ഏറെ ഫലസിദ്ധിയുള്ളതായി ഉപയോഗിച്ചു വരുന്നതാണ് ജർജീർ എന്ന സസ്യം എന്ന് കമ്മദ് കുട്ടി ഹാജി പറഞ്ഞു. യൂറിക് ആസിഡിന് വലിയ ശമനം കിട്ടുന്നതാണ് ബക് തൂനസ്.
പരമ്പരാഗത കർഷക കുടുംബമാണ് കമ്മദ് കുട്ടി ഹാജി യുടെത്. പിതാവായ കുന്നുമ്മൽ മുഹമ്മദ് ഹാജിയിൽ നിന്നാണ് കൃഷിപാഠങ്ങൾ പഠിച്ചിട്ടുള്ളത്. പ്രിഡിഗ്രി വരേ പഠിച്ചിട്ടുള്ള ഇദ്ദേഹം വർഷങ്ങളോളം സഊദിയിലായിരുന്നു. സഊദിയിലായിരുന്നപ്പോഴും കൃഷി നോക്കാനായി ഇടക്കിടെ നാട്ടിൽ വന്നിരുന്നു. മൂന്നിയൂർ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയിട്ടുള്ള ഇദ്ദേഹത്തിന് മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കേരള മുസ്‌ലിം ജമാഅത്ത് കർഷക വിഭാഗമായ യുനൈറ്റഡ് ഫാർമേഴ്സ് ഫോറം (യു എഫ് എഫ്) തേഞ്ഞിപ്പലം സോൺ ചെയർമാനായ കമ്മദ് കുട്ടി ഹാജി ചുഴലി നവയുഗ ലൈബ്രറിയുടെ പ്രസിഡന്റും ചുഴലി സുന്നി മഹല്ല് കമ്മിറ്റി പ്രസിഡന്റുമാണ്. നല്ലൊരു വായനക്കാരൻകൂടിയായ ഇദ്ദേഹത്തിന്റെശേഖരത്തിൽ വിലപ്പെട്ട ഒട്ടനവധി പുസ്തകങ്ങളുണ്ട്. റുഖിയ്യയാണ് ഭാര്യ. മക്കൾ: അൻവർ ഹുസൈൻ, മുഹമ്മദ് റഊഫ്, റസിയ, മൈമൂന, റഹീന , പരേതനായ മുഹമ്മദ് റഫീഖ്.
തന്റെ കൂടെ ഹജ്ജിന് പോന്നിരുന്ന ഫാത്വിമ ഹജ്ജുമ്മക്ക് ഇപ്പോൾ വയസ്സ് 103 ആയിട്ടുണ്ട്. കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരി ആമി വർഷങ്ങൾക്ക് മുന്പ് മരണപ്പെട്ടു. ഇന്നത്തെ ഹജ്ജ് യാത്രയും അന്നത്തെ ഹജ്ജ് യാത്രയും തമ്മിൽ വലിയ വ്യത്യാസമാണുള്ളത്. ഓർക്കുന്പോൾ ഇന്നും അത്ഭുതവും ഗൃഹാതുരത്വവും തുളുന്പിനിൽക്കുന്ന വാക്കുകൾ കൊണ്ട് നിറഞ്ഞതാണ് കമ്മദ് കുട്ടി ഹാജിക്ക് ആ ഹജ്ജോർമ.
Content Highlights:
74-year-old Kammad Kutty Haji from Malappuram shares his thrilling experience of surviving a major ship engine failure during his 1980 Haj pilgrimage. The vessel MV Akbar lost power in the middle of the ocean for over seven hours, leaving around 750 passengers in absolute panic until a collective prayer miraculously saved them. After spending 37 years as a successful NRI in Saudi Arabia, he has now turned into an award-winning high-tech farmer cultivating rare Arabian medicinal plants.
.







