Kerala
ഒഡിഷയില്‍ ശക്തമായ ഇടിമിന്നലില്‍ ആറ് സ്ത്രീകളുള്‍പ്പെടെ 10 മരണം; നാലു പേര്‍ക്ക് ഗുരുതര പരുക്ക്
കോരാപുട്ട്, ജാജ്പൂര്‍, ഗഞ്ചം, ധെങ്കനാല്‍, ഗജപതി ജില്ലകളിലുള്ളവരാണ് മരണപ്പെട്ടത്.

ഭുവനേശ്വര്‍|ഒഡിഷയില്‍ ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലുകളില്‍ ആറു സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കോരാപുട്ട്, ജാജ്പൂര്‍, ഗഞ്ചം, ധെങ്കനാല്‍, ഗജപതി ജില്ലകളിലുള്ളവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോരാപുട്ട് ജില്ലയിലെ ലക്ഷ്മിപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പരിദിഗുഡ ഗ്രാമത്തില്‍ ഇടിമിന്നലേറ്റ് മൂന്ന് സ്ത്രീകള്‍ മരിച്ചു. ഒരു വൃദ്ധന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
ശക്തമായ മഴയും കാറ്റും മൂലം വയലുകളില്‍ ജോലി ചെയ്യുന്നതിനിടെ താല്‍ക്കാലിക കുടിലില്‍ അഭയം തേടിയതായിരുന്നു ഇവര്‍. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മരണപ്പെട്ടത്. ഇടിമിന്നലേറ്റ് കുടിലില്‍ മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവരെ ലക്ഷ്മിപൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ജില്ലാ എമര്‍ജന്‍സി ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.