Kerala
'ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്'; നിയമസഭയില്‍ ഉത്തരം തിരുത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ഉത്തരം തിരുത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംഭവം വിവാദമായതിന് പിന്നാലെ തിരുത്തിയ മറുപടി മന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി തിരുത്തിയത്.
സ്പീക്കറുടെ പ്രത്യേക അനുമതിയോടെയാണ് പുതുക്കിയ രേഖാമുലമുള്ള മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചു.ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങള്‍ കൂടുന്നത് ശ്രദ്ധയില്‍ പെട്ടില്ല എന്ന മന്ത്രിയുടെ മറുപടി വലിയ വിവാദമായിരുന്നു. ആഗസ്റ്റ് നാലിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് രോഗികളുടെ ബന്ധുക്കളില്‍ നിന്നും അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചത്. പാറശ്ശാല, കുട്ടനാട് അടക്കം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാര്‍ക്കതിരെ അതിക്രമങ്ങള്‍ നടന്നതിന് പിറകെയാണ് മന്ത്രിയുടെ മറുപടി വന്നത്.
സാങ്കേതികപിഴവാണ് സംഭവിച്ചതെന്നും രണ്ട് സെക്ഷനുകള്‍ക്കിയിലുണ്ടായ ആശയക്കുഴപ്പമാണ് അത്തരമൊരു മറുടിയിലേക്ക് നയിച്ചതെന്നും വാര്‍ത്ത സമ്മേളനം നടത്തി മന്ത്രി വിശദീകരിച്ചിരുന്നു. ഇതിന് പിറകെയാണ് സഭയില്‍ മന്ത്രി രേഖാമൂലം തിരുത്ത് നല്‍കിയിരിക്കുന്നത്