First Gear
സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍; ഒരു മിനുട്ട് ചാര്‍ജിംഗില്‍ 2.5 കിലോമീറ്റര്‍ പരിധി

ന്യൂഡല്‍ഹി | ഇ വി സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. സ്‌കൂട്ടറിന് സിമ്പിള്‍ വണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ആഗസ്റ്റ് 15 ന് വേരിയന്റ് വിപണിയിലെത്തും. നിലവില്‍ വിപണിയിലുള്ള ഇലക്ട്രിക് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ ഫീച്ചറുകളും, സവിശേഷതകളും സിമ്പിള്‍ വണ്‍ സ്‌കൂട്ടറിനുണ്ടായിരിക്കും. ഈ മോഡല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് ക്ലൗഡിലെ ഡസ്സോള്‍ട്ട് സിസ്റ്റംസിന്റെ ത്രിഡി എക്സ്പീരിയന്‍സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ്. രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറായി സിമ്പിള്‍ വണ്‍ അറിയപ്പെടുമെന്നും കമ്പനി അവകാശപ്പെടുന്നു.
നീക്കം ചെയ്യാവുന്ന ബാറ്ററി, വലിയ ടച്ച് സ്‌ക്രീന്‍, ബോര്‍ഡ് നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 30 ലിറ്റര്‍ ബൂട്ട് സ്‌പേസ്, 4.8 കെ ഡബ്ല്യു എച്ച് ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് എന്നിവയാണ് സിമ്പിള്‍ വണ്ണിന്റെ സവിശേഷതകള്‍. പൂര്‍ണ ചാര്‍ജില്‍ 240 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം നല്‍കുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത 100 കിലോമീറ്ററാണ്. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണ ചാര്‍ജിംഗ് സാധ്യമാകും. വെറും ഒരു മിനുട്ട് ചാര്‍ജിംഗില്‍ 2.5 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കി. ബെംഗളൂരു, ഡല്‍ഹി നഗരങ്ങളിലാണ് സിമ്പിള്‍ വണ്‍ ആദ്യം വില്‍പനയ്ക്കെത്തുക. പിന്നീട് ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കും എത്തും. സ്‌കൂട്ടറിന്റെ എക്സ് ഷോറൂം വില 1.14 ലക്ഷം രൂപ മുതലായിരിക്കുമെന്നാണ് കരുതുന്നത്.