Connect with us

Kerala

കെ എം ബഷീറിന്റെ കൊലപാതകം വിചാരണാ നടപടി തുടങ്ങി; ശ്രീറാമും വഫയും ഹാജരായി

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചു. കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ ഇന്നലെ കോടതി ഉത്തരവിട്ടു. അടുത്ത മാസം 27ന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണ് ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ഒന്നാം പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫയും ഇന്നലെ കോടതിയില്‍ ഹാജരായി. ക്രൈം സ്റ്റേജില്‍ തങ്ങള്‍ ജാമ്യം എടുത്തതായി കാണിച്ച് രണ്ട് പ്രതികളും മെമ്മോ ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി ഇരുവര്‍ക്കും മുന്‍ ജാമ്യ ബോണ്ടിന്‍മേല്‍ തുടരാനുള്ള ജാമ്യം അനുവദിച്ചു. അടുത്ത മാസം 27ന് രണ്ട് പേരും ഹാജരാകണമെന്ന് സെഷന്‍സ് ജഡ്ജി മിനി എസ് ദാസ് ഉത്തരവിട്ടു. ബഷീര്‍ കൊല്ലപ്പെട്ട് ആഗസ്റ്റ് മൂന്നിന് രണ്ട് വര്‍ഷം തികഞ്ഞ സാഹചര്യത്തിലാണ് വിചാരണാ നടപടികള്‍ തുടങ്ങുന്നത്.

കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് നേരത്തേ നല്‍കിയിരുന്നു. കേസ് സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നത്.

2020 ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് എന്നിവയുടെ പരിശോധനയില്‍ നരഹത്യാ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമിനെതിരെ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മദ്യലഹരിയിലായിരുന്ന ശ്രീറാം അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് ബഷീര്‍ മരിക്കുന്നത്.