National
കോവാക്‌സിന്‍-കോവിഷീല്‍ഡ് മിശ്രിതമായി ഉപയോഗിക്കുന്നത് മികച്ച ഫലം തരും: ഐസിഎംആര്‍

ന്യൂഡല്‍ഹി | കോവാക്സിന്‍- കോവിഷീല്‍ഡ് വാക്സിനുകള്‍ മിശ്രിതമായി ഉപയോഗിക്കുന്നത് മികച്ച ഫലം നല്‍കുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍).ഉത്തര്‍പ്രദേശില്‍ അബദ്ധത്തില്‍ രണ്ടുവാക്സിനുകള്‍ കുത്തിവെച്ച 18 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. അഡിനോവൈറസ് വെക്ടര്‍ വാക്സിന്റെയും ഹോള്‍ വിറിയണ്‍ ഇനാക്ടിവേറ്റഡ് കൊറോണ വൈറസ് വാക്സിന്റെയും സംയുക്തം നല്‍കുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു.
ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ രണ്ടു വ്യത്യസ്ത വാക്സിനുകളുടെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് കൊവിഡ് പ്രതിരോധം കുറേക്കൂടി ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ചില വാക്സിനുകള്‍ നേരിടുന്ന ക്ഷാമം പരിഹരിക്കാനും ഇത് സഹായിക്കും. ഇതിന് പുറമെ വാക്സിന്‍ സംബന്ധിച്ച് ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കാനാകുമെന്നും പഠനത്തില്‍ പറയുന്നു.അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദേശം നല്‍കുന്നത് വരെ സ്വയമേവ രണ്ടുവാക്സിനുകളുടെ ഡോസുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശമുണ്ട്.കഴിഞ്ഞ മാസമാണ് ഡിസിജിഐ വിദഗ്ധ പാനല്‍ വാക്സിനുകളുടെ മിശ്രിത പരീക്ഷണത്തിന് ശിപാര്‍ശ ചെയ്തത്.