Editorial
ഖജനാവിന് കനംകൂട്ടാനോ ഈ ഞെക്കിപ്പിഴിയല്‍?

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലീസ് സാധാരണക്കാരോട് മോശമായി പെരുമാറുകയും അനാവശ്യമായി പിഴ ചുമത്തുകയും ചെയ്യുന്നുവെന്ന ആരോപണം വ്യാപകമാണ്. കൊല്ലം പാരിപ്പള്ളിയില്‍ മത്സ്യക്കച്ചവടം നടത്തുകയായിരുന്ന വയോധികയുടെ മത്സ്യം പോലീസ് ചവറ് കൂനയിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതാണ്. കൊവിഡ് നിയന്ത്രണം ലംഘിച്ച് കച്ചവടം ചെയ്തുവെന്നാരോപിച്ചായിരുന്നു ആ വയോധികയുടെ മത്സ്യം പോലീസ് തട്ടിത്തെറിപ്പിച്ചത്. ചടയമംഗലത്ത് ബേങ്കിനു മുന്നില്‍ കാത്തുനിന്ന ആള്‍ക്ക് കൊവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന പേരില്‍ പിഴ ചുമത്തിയതും ഇത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാര്‍ഥിനിക്കെതിരെ, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തതും വിവാദമായതാണ്. കടം വാങ്ങിയ പണവുമായി കുഞ്ഞിന് മരുന്നു വാങ്ങാന്‍ പോയ യുവാവിന്റെ കൈയിലുള്ള പണം പിഴയായി പിടിച്ചുവാങ്ങിയാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പോലീസ് കൊവിഡ് പ്രോട്ടോകോള്‍ വിജയിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത കാണിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് അനുവാദമുള്ളതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങുന്നവരെ പോലും പോലീസ് വേട്ടയാടുന്നു. പശുവിന് പുല്ലരിയാനും മക്കളെ ചികിത്സിക്കാനും വീട്ടുസാധനങ്ങള്‍ വാങ്ങാനും പുറത്തിറങ്ങിയവരുടെ പേരില്‍ കനത്ത പിഴ ചുമത്തിയ വാര്‍ത്തകള്‍ നിരന്തരം പുറത്തു വരുന്നുണ്ട്.
അതിനിടെയാണ് കൊവിഡ് നിയന്ത്രണ ലംഘനത്തിന്റെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്ന പിഴസംഖ്യ പ്രധാന വരുമാന സ്രോതസ്സായി കണ്ട്, കൂടുതല്‍ പിഴത്തുക ഖജനാവിലേക്ക് എത്തിക്കുന്നതിന് ആഭ്യന്തര വകുപ്പ് പോലീസിനു മേല്‍ കനത്ത സമ്മര്‍ദം ചെലുത്തുന്നതായി വാര്‍ത്ത വന്നത്. ജൂണില്‍ 1,38,220 കേസുകളാണ് കൊവിഡ് നിയന്ത്രണ ലംഘനത്തിന്റെ പേരില്‍ പോലീസ് ചുമത്തിയതെങ്കില്‍ ജൂലൈയില്‍ ഇത് 2,20,227 എണ്ണമായി ഉയര്‍ന്നു. കഴിഞ്ഞ മാസം മാത്രം 15 കോടിയിലധികം രൂപയാണ് പൊതുജനങ്ങളെ പിഴിഞ്ഞ് പൊതുഖജനാവിലേക്ക് പോലീസ് എത്തിച്ചത്. ദിനംപ്രതി രാവിലെ നടക്കുന്ന അവലോകനത്തില്‍ ഓരോ സ്റ്റേഷനില്‍ നിന്നും കൊവിഡിന്റെ പേരില്‍ ചുമത്തിയ കേസുകളുടെ എണ്ണം മേലധികാരികള്‍ ആവശ്യപ്പെടുന്നു. ഒരു സ്റ്റേഷനില്‍ കേസുകള്‍ കുറയുകയോ മുന്‍കാലത്തെ കേസുകള്‍ കണക്കാക്കി നിശ്ചയിച്ച ക്വാട്ട തികയുകയോ ചെയ്തില്ലെങ്കില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ വീഴ്ചയായി കണക്കാക്കുകയും ഓഫീസര്‍ പഴികേള്‍ക്കേണ്ടി വരികയും ചെയ്യുന്നുവത്രെ. കേസുകള്‍ കുറയരുതെന്നാണ് പോലീസ് സ്റ്റേഷനുകളിലേക്ക് മുകളില്‍ നിന്നുള്ള കര്‍ശന നിര്‍ദേശം.
കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനുള്ള പിഴത്തുക ഇതിനിടെ കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്തു. മാസ്‌ക് ഉപയോഗിക്കാത്തത് ഉള്‍പ്പെടെ ചെറിയ കുറ്റങ്ങള്‍ക്കുള്ള പിഴ 200ല്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി. പൊതുയോഗങ്ങള്‍, വിവാഹങ്ങള്‍ എന്നിവയുടെ പേരിലുള്ള കൂടിച്ചേരലുകള്‍ക്കുള്ള പിഴസംഖ്യ 500ന് പകരം 5,000 രൂപയാക്കി. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കിയിരുന്നത് 3,000 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ നവംബറിലാണ് പിഴത്തുക കൂട്ടിയത്. ഇതോടൊപ്പം കൊവിഡ് നിയന്ത്രണ ലംഘനത്തിന്റെ പേരില്‍ കേസെടുക്കാന്‍ പോലീസിന് സര്‍വ സ്വാതന്ത്ര്യവും നല്‍കുക കൂടി ചെയ്തതോടെ സര്‍ക്കാറിന് ഇതുവഴിയുള്ള വരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം തടയേണ്ടത് ആവശ്യം തന്നെ. നിയമലംഘനം നടത്തുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക തന്നെ വേണം. അതുപക്ഷേ മനുഷ്യത്വപരമായ രീതിയിലായിരിക്കണം.
പൊതുഖജനാവിലേക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെയോ കൊവിഡ് പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിനില്‍ക്കുന്ന സാധാരണക്കാരനെ ഞെക്കിപ്പിഴിയുന്ന തരത്തിലോ ആകരുത് ഈ നടപടി. പോലീസുകാരന്‍ എപ്പോഴും ജനങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായിരിക്കണം. മൃദുവായ പെരുമാറ്റം, ദൃഢമായ കര്‍മങ്ങള്‍ എന്നതാണല്ലോ കേരള പോലീസ് സേനയുടെ ആപ്തവാക്യം. എന്നിട്ടും പോലീസിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ വര്‍ധിച്ചു വന്നത് ഖേദകരമാണ്.
ജനങ്ങളോടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന് വ്യക്തമായ നിര്‍ദേശം നല്‍കുന്നുണ്ട് കേരള പോലീസ് ആക്ടില്‍. ഓരോ സാഹചര്യത്തിലും പുലര്‍ത്തേണ്ട ഔചിത്യവും മര്യാദയും സഹാനുഭൂതിയും പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലുണ്ടാകണമെന്നും നിയമപരമായ ഏതെങ്കിലും ഉദ്ദേശ്യം നിറവേറ്റുന്നതിനല്ലാതെ ഉദ്യോഗസ്ഥര്‍ ബലപ്രയോഗം നടത്തുകയോ ബലപ്രയോഗ ഭീഷണി പ്രയോഗിക്കുകയോ അരുതെന്നും പോലീസ് ആക്ട് നിര്‍ദേശിക്കുന്നു. കൂടാതെ കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍, പരാതിക്കിടയാകാത്ത വിധം തികച്ചും ഔചിത്യപൂര്‍വവും വിവേചന ബുദ്ധിയോടെയുമായിരിക്കണം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് സേനയെ ഉപദേശിക്കുകയും ചെയ്തിരുന്നു. “ആളുകളെ തടയുമ്പോള്‍ വിവേചനബുദ്ധി ഉപയോഗിക്കണം.
എന്താണ് കാര്യമെന്നറിഞ്ഞ് പെരുമാറണം. ഇക്കാര്യത്തില്‍ കൃത്യമായ ശ്രദ്ധവേണ”മെന്നും പോലീസിന് നിര്‍ദേശം നല്‍കിയതായി 2020 മാര്‍ച്ച് 27ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയുണ്ടായി. ഇതിന്റെയെല്ലാം ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്. പോലീസ് സേനയിലെ ചെറിയൊരു ശതമാനമായിരിക്കാം ഇത്തരം മനുഷ്യത്വരഹിത പെരുമാറ്റം നടത്തുന്നത്. അത് പക്ഷേ സേനക്കാകെ ദുഷ്‌പേര് വരുത്തി വെക്കുന്നു. ഇത്തരം ക്രിമിനല്‍ പോലീസുകാരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കാതിരിക്കുകയും, മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള ഏജന്‍സികള്‍ ശക്തമായി ഇടപെട്ട് ഇത് തടയാനുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയും വേണം. പെറ്റി കേസുകള്‍ പൊതുഖജനാവ് പരിപോഷിപ്പിക്കാനുള്ള മാര്‍ഗമായി കാണുന്ന സര്‍ക്കാര്‍ നിലപാടും തിരുത്തേണ്ടതുണ്ട്.