National
പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍; എൻ ഡി എയിൽ നിന്നുള്ള ആദ്യ നീക്കം
 
		
      																					
              
              
            പറ്റ്ന | ഇസ്റാഈലി ചാര സോഫ്റ്റവെയറായ പെഗാസസ് ഉപയോഗിച്ച് നടത്തിയ ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രിയും എൻ ഡി എയിലെ പ്രബല കക്ഷിയായ ജെ ഡി യുവിന്റെ നേതാവുമായ നിതീഷ് കുമാര്‍. സംഭവത്തെക്കുറിച്ച് അന്വേഷണമുണ്ടാവണമെന്നും പാര്‍ലിമന്റില്‍ ചര്‍ച്ച തീര്‍ച്ചയായും നടക്കണമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ എന്‍ ഡി എ ഘടക കക്ഷി നേതാവാണ് നിതീഷ് കുമാര്‍. ഇതോടെ സംഭവത്തില്‍ അന്വേഷണവും പാര്‍ലിമെന്റില്‍ ചര്‍ച്ചയും ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് എന്‍ ഡി എയില്‍ നിന്നും പിന്തുണ ലഭിക്കുകയാണ്.
ആളുകളെ ശല്യപ്പെടുത്താനും ഉപദ്രവിക്കാനും ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യവും പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
17 അന്തര്‍ ദേശീയ മാധ്യമങ്ങളുള്‍പ്പെട്ട കണ്‍സോര്‍ഷ്യമായിരുന്നു പെഗാസസ് ഉപയോഗിച്ചുള്ള ചാരവൃത്തിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. പിന്നാലെ ഇത് വന്‍ വിവാദമായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രശാന്ത് കിഷോറും ഉള്‍പ്പെടെ പ്രതിപക്ഷത്തേയും കേന്ദ്ര മന്ത്രിമാരടക്കം ഭരണപക്ഷത്തേയും അനവധി രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാജ്യത്ത് അനധികൃതമായ ചോര്‍ത്തല്‍ സാധ്യമല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

