Connect with us

Articles

നിങ്ങൾ മുട്ടിലിഴയാൻ തയ്യാറല്ലെങ്കിൽ...

Published

|

Last Updated

പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ, ഒരു വിധത്തിൽ പറഞ്ഞാൽ സുതാര്യതയൂടെ ഭാഗമാണ്. അടിയന്തരാവസ്ഥയിലാണ്. അതിൽ അവകാശങ്ങളുണ്ടാകില്ല. മാധ്യമങ്ങളൊക്കെ സർക്കാർ പറയുന്നത് മാത്രം അച്ചടിക്കാൻ (രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് മാധ്യമങ്ങളെന്നാൽ അച്ചടി മാധ്യമങ്ങൾ മാത്രമായിരുന്നുവല്ലോ) വേണ്ടിയുള്ളതാണ്. അതിലപ്പുറമെന്തെങ്കിലും അച്ചടിച്ച്, ജനങ്ങളിൽ ഭരണകൂടത്തിനെതിരായ വികാരം ജനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരുണ്ട്. ആ ഉദ്യോഗസ്ഥരാരൊക്കെയെന്ന് നിർണയിച്ച് അറിയിച്ചിട്ടുണ്ട്. ഏകാധിപത്യമാണെങ്കിൽ പോലും നടപ്പാക്കലിന്റെ രീതി ജനത്തെ പൊതുവിലറിയിച്ചിരുന്നുവെന്ന് വേണമെങ്കിൽ സമാധാനിക്കാം. അധികാരമാകെ കൈപ്പിടിയിലായപ്പോൾ എന്തും കാണിക്കാമെന്ന് ധരിച്ചവരും അതിന്റെ നേതാക്കളായവരും കൂടിയാണ് ചേരി ഇടിച്ചുനിരത്താനും നിർബന്ധിത വന്ധ്യംകരണം നടത്താനും സർക്കാറിനെതിരെന്ന് തോന്നുന്നവരെ മുഴുവൻ മർദിച്ചില്ലാതാക്കാനുമൊക്കെ പുറപ്പെട്ടത്. അത്തരം അധികാരികളുടെ സിൽബന്ധികളായി നിന്ന് നേട്ടംകൊയ്യാൻ ഉദ്യോഗസ്ഥവൃന്ദം ഇറങ്ങിപ്പുറപ്പെട്ടതിന്റെ ഫലം കൂടിയായിരുന്നു ആഭ്യന്തര അടിയന്തരാവസ്ഥയിലെ ക്രൂരതകൾ. അതുകൊണ്ടാണല്ലോ കോളജ് കലോത്സവത്തിനിടെ “കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ ശുംഭനോ…” എന്ന ഗാനം ആലപിച്ചതിന് പ്രൊഫ. ഈച്ചരവാര്യരുടെ മകൻ രാജൻ നക്‌സലായതും കക്കയം ക്യാമ്പിലെ പോലീസ് മർദനത്തിന്റെ രക്തസാക്ഷിയായതും. 1975ൽ ഇന്ദിരാഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെ സർവാദരങ്ങളും നൽകി ആദരിക്കുകയാണ് നമ്മുടെ രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ചെയ്തത്. മലയാള മാധ്യമങ്ങളിൽ കൃഷിയൊരു വിഭവമായി വന്നത് അക്കാലത്താണ്. അതിന് മുൻകൈ എടുത്തവരാണ് അന്നുമിന്നും മലയാള മാധ്യമരംഗത്തെ കുലപതിമാർ. കാറ്റിനൊത്ത് തൂറ്റുന്നവരാണ് പത്തായത്തിൽ കൂടുതൽ ഫലമെത്തിക്കുക എന്ന് അന്നേ അറിഞ്ഞവർ ഭാഗ്യവാൻമാർ. ആ അടിയന്തരാവസ്ഥയെ ഏറ്റവും ശക്തമായി എതിർത്തത് സി പി എമ്മും രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ രാഷ്ട്രീയരൂപമായ ജനസംഘവും പിന്നെ ജനതാ പാർട്ടിയുമായിരുന്നു. അക്കാലം കഴിഞ്ഞപ്പോഴാണ് ജനസംഘത്തിന്റെ നേതാവായ എൽ കെ അഡ്വാനി മുട്ടുമടക്കാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞവയാണ് ഇന്ത്യൻ യൂനിയനിലെ മാധ്യമങ്ങളെന്ന് വിലപിച്ചത്. അഡ്വാനിയാകയാൽ ഭാരതത്തിലെ മാധ്യമങ്ങളെന്നേ പറയൂ, മതനിരപേക്ഷ ജനാധിപത്യത്തിലും ഫെഡറൽ ഭരണക്രമത്തിലും വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇന്ത്യൻ യൂനിയൻ തന്നെയാണ് ഇപ്പോഴും.
ഇതേ മാധ്യമങ്ങളിൽ ചെറിയൊരു വിഭാഗം അക്കാലത്തും അതിന് മുമ്പും സംഘ്പരിവാരത്തിന് വിടുപണി ചെയ്തവരായിരുന്നു. സ്വയം സേവകരാൽ ആസൂത്രണം ചെയ്യപ്പെടുന്ന വർഗീയ സംഘർഷങ്ങൾ, ആസൂത്രകരുദ്ദേശിക്കുന്നതിനേക്കാൾ വലിയ കുരുതികളുണ്ടാക്കുന്നുവെന്ന് ഉറപ്പാക്കാൻ മുന്നിട്ടിറങ്ങുന്നവ. ശിഷ്ടകാലത്ത് സംഘർഷങ്ങൾക്ക് വഴിവെച്ചവരെയും അതിന് കാവലാളായവരെയും സംരക്ഷിക്കാൻ മഷി ചെലവാക്കുന്നവയും. അതിന്റെ പ്രയോജനം ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടത് 2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ കാലം മുതലായിരുന്നു. സബർമതി എക്‌സ്പ്രസിൽ വെന്തുമരിച്ചവരൊക്കെ കർസേവകരാണെന്ന വ്യാജം മുതലിങ്ങോട്ട്, ആസൂത്രിതമായ വംശഹത്യാ ശ്രമത്തിന് അരങ്ങൊരുക്കാൻ പാകത്തിൽ ഗുജറാത്തി മാധ്യമങ്ങൾ പ്രവർത്തിച്ചു. പിന്നീടുള്ള വ്യാഴവട്ടം ഗുജറാത്തിൽ നരേന്ദ്ര മോദിയുടെ കീർത്തനങ്ങളെഴുതാൻ അവ മത്സരിക്കുകയും ചെയ്തു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കസേര ലക്ഷ്യമിട്ട് മോദിയിറങ്ങുമ്പോൾ, സാധ്യതയുള്ള സകല മാധ്യമങ്ങളെയും വിധേയപ്പെടുത്തിക്കഴിഞ്ഞിരുന്നു. മെരുങ്ങാൻ മടിച്ചുനിന്ന അപൂർവം ചിലത്, ഗുജറാത്ത് വംശഹത്യാ ശ്രമത്തിലെ ആരോപിക്കപ്പെടുന്ന പങ്കാളിത്തത്തെക്കുറിച്ചും അതിന്റെ പേരിൽ അന്താരാഷ്ട്ര സമൂഹം പുറംതള്ളി നിർത്തിയതിനെക്കുറിച്ചും വ്യാജ ഏറ്റുമുട്ടൽ കൊലകളുടെ നിണപ്പാടുകൾ കൈകളിൽ പുരണ്ടതിനെക്കുറിച്ചുമൊക്കെ പറഞ്ഞപ്പോൾ എതിരായ പ്രചാരണം പോലും പ്രചാരണമാക്കി മാറ്റാൻ പാകത്തിൽ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങിയിരുന്നു മോദിയും ബി ജെ പിയും സംഘ്പരിവാറും.

2014ൽ പ്രധാനമന്ത്രിപദം പൂകിയശേഷം മുഖ്യധാരാ മാധ്യമങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളെ കൂടുതലായി ഉപയോഗിക്കുക എന്നതായിരുന്നു തന്ത്രം. അത് ഫലം കാണുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ട്വീറ്റിലെ വാർത്താമൂല്യം അന്വേഷിച്ചും റേഡിയോ പ്രഭാഷണങ്ങളിലെ പ്രഖ്യാപനങ്ങളുടെ പൊരുൾ തേടിയും മുഖ്യധാരാ മാധ്യമങ്ങൾക്ക് സഞ്ചരിക്കേണ്ടിവന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആശയവിനിമയം നടത്തുന്നത് എന്നത്, ഭരണകൂടത്തിന്റെ ആശയവിനിമയോപാധി മുഖ്യധാരാ മാധ്യമങ്ങളല്ലെന്ന സന്ദേശമാണ് ജനങ്ങൾക്ക് നൽകിയത്. ആ വിഭാഗത്തിൽപ്പെടുന്നവരുടെ വിശ്വാസ്യത ഇല്ലാതാക്കുക എന്ന തന്ത്രം ഫലപ്രദമായി നടപ്പാക്കുകയായിരുന്നു നരേന്ദ്ര മോദി. അതിനെ സംഘ്പരിവാരം പൂർണമായി പിന്താങ്ങുകയും ചെയ്തു. വ്യാജങ്ങളും അർധ സത്യങ്ങളും പ്രചരിപ്പിച്ച്, തീവ്ര വർഗീയ അജൻഡകൾ നടപ്പാക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്ന തങ്ങളുടെ ആഗ്രഹം ഫലപ്രാപ്തിയിലെത്തിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ അപ്രസക്തമാകുന്നതാണ് നല്ലതെന്ന് സംഘ്പരിവാരം തിരിച്ചറിഞ്ഞു.
ഇതിനിടയിൽ ഏതാണ്ടെല്ലാ മുഖ്യധാരാ മാധ്യമങ്ങളും അധികാരത്തിന്റെ അപദാനങ്ങൾ ആലപിച്ച് നിർവൃതിയടയുന്നവരായി മാറിക്കഴിഞ്ഞിരുന്നു. അല്ലാത്തവയെ സർക്കാർ പരസ്യങ്ങൾ തടഞ്ഞ് വരുതിയിൽ കൊണ്ടുവരാൻ ശ്രമിച്ചു. എന്നിട്ടും വഴങ്ങാതെ നിന്ന ചിലതിനെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. എന്നിട്ടും നട്ടെല്ലുണ്ടെന്ന് പറഞ്ഞവയിൽ ചിലതിന്റെ തലപ്പത്തുള്ള മാധ്യമപ്രവർത്തകരെ പുറത്താക്കാൻ ഉടമകൾക്കുമേൽ സമ്മർദം ചെലുത്തി. ഒറ്റയ്ക്കും തെറ്റയ്ക്കും എതിരുപറഞ്ഞവരെ കേസുകളിൽ കുടുക്കി. അങ്ങനെ പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയിൽ, അനുഭവിക്കുന്ന ഫാസിസത്തിൽ മാധ്യമങ്ങളെ വരുതിയിലാക്കി മുന്നോട്ടുപോകുമ്പോഴാണ് കൊവിഡിന്റെ വ്യാപനമുണ്ടായത്. മഹാമാരി ഭരണകൂടങ്ങൾക്ക് വലിയ അവസരമാണ് നൽകാറ്.

അതുപയോഗപ്പെടുത്തുക തന്നെ ചെയ്തു ആദ്യത്തെ തരംഗത്തിൽ. പക്ഷേ, രണ്ടാം തരംഗത്തിൽ പാളി. അതുവരെ വിധേയവേഷത്തിൽ നിന്ന ചില മാധ്യമങ്ങൾ, അതും ഹിന്ദിയിലും ഗുജറാത്തിയിലും അച്ചുനിരത്തുന്നവ വസ്തുത പറയാൻ തുടങ്ങി. രോഗവ്യാപനം തടയുന്നതിലുള്ള പരാജയം, മരിച്ചവരുടെ യഥാർഥ വിവരം പുറത്തുവിടുന്നതിൽ കാണിക്കുന്ന കള്ളത്തരം, അവശ്യമരുന്ന് പൂഴ്ത്തിവെച്ച് പണമുണ്ടാക്കാൻ ഭരണകക്ഷിയുടെ നേതാക്കൾ നടത്തുന്ന ശ്രമം ഒക്കെ പുറത്തുപറയാൻ തുടങ്ങി. ഇതാണ് രാജ്യത്തിന്റെ യാഥാർഥ്യമെന്ന് പറഞ്ഞ് എരിയുന്ന ചിതകളുടെ ഉപഗ്രഹചിത്രം പ്രസിദ്ധം ചെയ്യുമ്പോൾ അത് കൊവിഡ് കാലത്തെ മാത്രം സ്ഥിതിയല്ല, രാജ്യമേതാണ്ടൊരു ശ്മശാനമായി മാറിയിട്ടുണ്ടല്ലോ എന്ന് പൊള്ളിക്കുന്ന അനുഭവങ്ങളുള്ള ജനം ചിന്തിച്ചുപോകില്ലേ? കൊവിഡ് കാലത്ത് അരപ്പട്ടിണിയിലോ മുഴുപ്പട്ടിണിയിലോ കഴിയുന്ന ജനത്തിന് മേലാണല്ലോ ഇന്ധന വില വർധന അടിച്ചേൽപ്പിക്കുന്നത് എന്ന് തിരിച്ചറിയുന്നവർ നാളെ എരിയാൻ പോകുന്ന ചിതയിൽ എന്റെ ജഡവുമുണ്ടാവുമല്ലോ എന്ന് ആധിപിടിച്ചിട്ടുണ്ടാകുമല്ലോ! ഈ വ്യാധിയെ മറയാക്കിയാണല്ലോ എന്റെ കൃഷിയിടത്തിന്റെ അവകാശം കമ്പനികൾക്ക് വിൽക്കാൻ നിയമമുണ്ടാക്കിയത് എന്ന് അവരോർത്തിട്ടുണ്ടാകുമല്ലോ.

വസ്തുത വിൽക്കാൻ ദൈനിക് ഭാസ്‌കർ തീരുമാനിച്ചത്, കൊവിഡ് കാലത്തെ പ്രതിസന്ധിയെ മറികടന്ന് പഴയ പ്രചാരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാകാം. അവരങ്ങനെ തുടങ്ങിയാൽ ഇതര ഹിന്ദി, ഗുജറാത്തി മാധ്യമങ്ങൾക്കൊക്കെ പിന്തുടരേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ പിന്നെ മുഖ്യധാരാ മാധ്യമങ്ങളെ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ച് ആദേശം ചെയ്യുക എന്ന പദ്ധതി അവസാനിക്കും. നുണ ആവർത്തിച്ച് സത്യമാക്കുന്ന പ്രചാരണത്തിനും അന്ത്യമാകും.

ആ അപകടം മുന്നിൽക്കാണുമ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സൗകര്യം മുതലെടുക്കുക എന്നതാണ് മാർഗം. അതുകൊണ്ടാണ് ദൈനിക് ഭാസ്‌കറിന്റെ സകല ഓഫീസുകളിലും അതിലെ മാധ്യമപ്രവർത്തകരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് വന്നത്. ചിലത് പ്രഖ്യാപിക്കുകയാണ് ഭരണകൂടം. ആരെയും നിരീക്ഷിക്കും. ആരുടെയും ഫോണുകൾ ചോർത്തും, ഭരണകൂടത്തിന്റെ ഇംഗിതത്തിന് വിരുദ്ധമായത് പ്രവർത്തിച്ചാൽ ഇ ഡി, ആദായനികുതി തുടങ്ങിയ ഏജൻസികളെ ഉപയോഗിക്കും. വേണമെങ്കിൽ എൻ ഐ എയും. ആ ഭീഷണി മറ്റൊന്ന് കൂടി പറഞ്ഞുതരുന്നുണ്ട്. കരുത്തനെന്ന് അവകാശപ്പെടുന്ന, നെഞ്ചിന് അമ്പത്തിയാറിഞ്ച് വലുപ്പം അവകാശപ്പെടുന്ന നേതാക്കൾ ഭീരുക്കളാണെന്ന്. ആ ഭീരുക്കളെ ഇനിയും ഭയക്കുമോ മാധ്യമങ്ങളെന്നതാണ് അറിയേണ്ടത്. ഭയക്കേണ്ടതില്ലെന്ന് ബംഗാളിയിൽ പാടുന്നുണ്ട് മമതാ ബാനർജി.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്