Connect with us

Ongoing News

മൊണ്‍സാന്റോ ഉത്പന്നം മസ്തിഷ്‌കത്തെ ബാധിച്ചു; അധ്യാപകര്‍ക്ക് 1,375 കോടി രൂപ കമ്പനി നല്‍കണം

Published

|

Last Updated

വാഷിങ്ടണ്‍ | ഫ്ളൂറസന്റ് ബള്‍ബുകളില്‍ കൂളന്റായി ചേര്‍ക്കുന്ന വസ്തുവിന്റെ പാര്‍ശ്വഫലമായി മസ്തിഷ്‌കത്തിന് കേടുപാടുകള്‍ സംഭവിച്ച കേസില്‍ മൊണ്‍സാന്റോ കമ്പനി ബന്ധപ്പെട്ടവര്‍ക്ക് 18.5 കോടി ഡോളര്‍ (1,376 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കണം. കെമിക്കല്‍ കമ്പനിക്കെതിരെ വാഷിങ്ടണിലെ മണ്‍റോയിലുള്ള സ്‌കൈ വാലി എജ്യുക്കേഷന്‍ സെന്റര്‍ അധ്യാപകര്‍ നല്‍കിയ കേസിലാണ് വിധി. കിങ് കൗണ്ടി സുപീരിയര്‍ കോടതിയാണ് കമ്പനിക്ക് വന്‍തുക പിഴയായി വിധിച്ചത്. കമ്പനി നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

സ്‌കൂളില്‍ സ്ഥാപിച്ച ഫ്ളൂറസന്റ് ബള്‍ബുകളില്‍ അടങ്ങിയ പോളിക്ലോറിനേറ്റഡ് ബൈഫിനൈല്‍സ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മസ്തിഷ്‌കത്തിന് ക്ഷതം വരുത്തിയതെന്നാണ് കണ്ടെത്തല്‍. ഇതേ സ്‌കൂളിലുള്ള അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും നല്‍കിയ 22 കേസുകളിലെ ആദ്യ വിധിയാണിത്. എന്നാല്‍, വിധി അംഗീകരിക്കില്ലെന്നും അപ്പീല്‍ പോകുമെന്നും മൊണ്‍സാന്റോയെ 2018ല്‍ സ്വന്തമാക്കിയ ബയേര്‍ കമ്പനി പ്രതികരിച്ചു.

2019ല്‍ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തില്‍ ഇപ്പോഴും നിരവധി വിദ്യാലയങ്ങളില്‍ പോളിക്ലോറിനേറ്റഡ് ബൈഫിനൈല്‍സ് അടങ്ങിയ ഫ്ളൂറസന്റ് ബള്‍ബുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവ കാന്‍സറിനും മറ്റു ഗുരുതര രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പോളിക്ലോറിനേറ്റഡ് ബൈഫിനൈല്‍സ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് കണ്ട് 1979ല്‍ നിരോധിച്ചിരുന്നു. അതിനുശേഷം ഉത്പാദിപ്പിച്ചിട്ടില്ലെന്നാണ് മൊണ്‍സാന്റോയുടെ വാദം.

Latest