Connect with us

Kerala

കേരളത്തില്‍ തുടര്‍ ഭരണം ഉറപ്പാക്കിയ നാല് മിഷനുകള്‍ ഇനി ചരിത്രത്തിന്റെ ഭാഗം

Published

|

Last Updated

കോഴിക്കോട് | കേരളത്തില്‍ ഇടതു സര്‍ക്കാറിനു തുടര്‍ ഭരണം ഉറപ്പാക്കിയ നാല് മിഷനുകള്‍ ദൗത്യം നിര്‍വഹിച്ച് ചരിത്രത്തിന്റെ ഭാഗമാകുന്നു. രണ്ടു പ്രളയവും കൊവിഡും തകര്‍ത്തെറിഞ്ഞ കേരളത്തെ വികസന രംഗത്തു കുതിച്ചു ചാട്ടത്തിനു സജ്ജമാക്കിയ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകളാണ് ആദ്യ ഘട്ട ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മുഖം മാറ്റുന്നത്. ഈ മിഷനുകള്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും ചേര്‍ത്ത് ഏകോപിത നവകേരളം കര്‍മ പദ്ധതി- രണ്ട്   രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ വികസന മുന്നേറ്റത്തിന്റെ പുതിയ ഘട്ടത്തിനാണ് തുടക്കമാവുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യം ഏതാണ്ട് പൂര്‍ത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ  വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കേണ്ടതിനാലും വിദ്യാഭ്യാസ മിഷന്‍ “വിദ്യാകിരണം” എന്ന പേരിലേക്കു മാറുകയാണ്.

കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ആദ്യ ഇടതുസര്‍ക്കാര്‍  നാല് ബൃഹത് പദ്ധതികള്‍ക്ക് തുടക്കമിട്ടത്. നാല ബൃഹത് പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന നവകേരള മിഷന്‍ സംസ്ഥാനതല സെമിനാര്‍ ഗവര്‍ണര്‍ പി സദാശിവമായിരുന്നു ഉദ്ഘാടനം ചെയ്തത്. വികസന മുരടിപ്പും അഴിമതികളും കെടുകാര്യസ്ഥതയും ചര്‍ച്ചയായിരുന്ന സാഹചര്യത്തിലാണ് ശുഭപ്രതീക്ഷ നല്‍കി പദ്ധതി സര്‍ക്കാര്‍  അവതരിപ്പിച്ചത്. മുന്നണി രാഷ്ട്രീയ ചരിത്രത്തില്‍ ഉള്‍ക്കാഴ്ചയുള്ള മുദ്രാവാക്യം എന്നാണ് അന്നു വിദഗ്ധര്‍ ഈ ലക്ഷ്യത്തെ വിലയിരുത്തിയത്.

ഈ നാല് മിഷനുകളില്‍ എതെങ്കിലുമൊരു മിഷന്റെ നേട്ടം സ്പര്‍ശിക്കാത്ത ഒരു മലയാളി പോലും ഉണ്ടായില്ല എന്നതായിരുന്നു ആദ്യ എല്‍ ഡി എഫ് സര്‍ക്കാറിന്റെ വിജയ മന്ത്രം. ശക്തമായൊരു പൊതുജനരോഗ്യ സംരക്ഷണ സംവിധാനം വാര്‍ത്തെടുക്കുന്നതില്‍ ആര്‍ദ്രം മിഷന്‍ കുതിച്ചുചാട്ടമുണ്ടാക്കി. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ആയി മാറി, പുതിയതായി കേരളത്തില്‍ 10 കാത്ത് ലാബുകള്‍ സ്ഥാപിച്ചു, 461 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റി, 7,263 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു, ചരിത്രത്തില്‍ ആദ്യമായി 48 ശതമാനത്തോളം പേര്‍ പൊതുജന ആരോഗ്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി,  നീതി ആയോഗിന്റെ ആരോഗ്യ ഗുണ നിലവാര സൂചികയില്‍ മുന്‍നിര സംസ്ഥാനങ്ങളെ മറികടന്ന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതര്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജിവനം നടത്തുന്നതിനും സാമൂഹിക പ്രക്രിയയില്‍ മാന്യമായി പങ്കെടുക്കാനും ഉതകുന്ന തരത്തില്‍ സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്നതായിരുന്നു ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയില്‍  2,50,547 വീടുകള്‍  പൂര്‍ത്തീകരിച്ചു,  1.5 ലക്ഷം വീടുകളുടെ നിര്‍മാണം ആരംഭിച്ചു,  ഒരു വീടിനുള്ള ധനസഹായം നാല് ലക്ഷം രൂപയായി ഉയര്‍ത്തി.

കേരളത്തിലെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും ജനകീയ സംരക്ഷണത്തിലൂടെയും മാലിന്യ സംസ്‌കരണവും ജലസംരക്ഷണവും കൃഷി വ്യാപിപ്പിക്കലും ഒക്കെയായി വിവിധ മേഖലകളിലാണ് ഹരിതം മിഷന്‍ നടപ്പിലായത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 15,358 മാലിന്യ സംസ്‌കരണ പ്രോജക്ടുകള്‍ യഥാര്‍ഥ്യമായി, നാല് വര്‍ഷം കൊണ്ട് 1,575 മെട്രിക് ടണ്‍ ഇ-വേസ്റ്റ് സമാഹരിച്ചു, 47 ലക്ഷം വീടുകളില്‍ നിന്ന് അജൈവ മാലിന്യം വാതില്‍പ്പടി ശേഖരണം നടത്തി, 412 കിലോമിറ്റര്‍ പുഴകളും 41,529 കിലോമിറ്റര്‍ തോടുകളും പുനരുജ്ജീവിപ്പിച്ചു. 54,632 കിണറുകള്‍ റീച്ചാര്‍ജ് ചെയ്തു,  23,158 പുതിയ കിണറുകള്‍ നിര്‍മിച്ചു, 13,942 കിണറുകള്‍ നവീകരിച്ചു, 661 സ്വയം ഭരണ സ്ഥാപനങ്ങള്‍ ശൂചിത്വ പദവി നേടി, 661 പഞ്ചായത്തുകളില്‍ ഉറവിട മാലിന്യ സംസ്‌കരണവും പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണവും നടപ്പിലാക്കി.

സ്‌കുളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമായാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മിഷന്‍ രൂപവത്കരിച്ചത്. 6.79 ലക്ഷം കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ അധികമായെത്തി. കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി. എല്ലാ സ്‌കുളുകളിലും ഹൈടെക് ലാബുകള്‍ ഉണ്ടായി. 45,000 ക്ലാസ്മുറികള്‍ ഹൈടെക്കായി. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ 1,19,054 ലാപ്‌ടോപുകള്‍ വിതരണം ചെയ്തു. 20,800 കോടി രൂപ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലക്കായി മാത്രം ചെലവഴിച്ചു.

വലിയ ജന പിന്തുണയോടെയാണ്  ഈ നാലു പദ്ധതികളും നടപ്പാക്കിയത്. സര്‍ക്കാറിന്റെ അവസാന നാളില്‍  വലിയ ജന പിന്തുണ ഉറപ്പാക്കാന്‍ വഴിയൊരുക്കി. പ്രതിസന്ധിയുടെ കാലത്തും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ വഴികാട്ടിയ നാല് മിഷനുകളാണ് മുഖം മാറുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്