Connect with us

Gulf

കുവൈത്ത്: യാത്രാനുമതി ലഭിച്ച ശേഷമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്ന് ഇന്ത്യന്‍ എംബസി

Published

|

Last Updated

കുവൈത്ത് സിറ്റി | ആഗസ്റ്റ് ആദ്യം മുതല്‍ പ്രവാസികളുടെ യാത്രാ വിലക്ക് കുവൈത്ത് നീക്കിയതോടെ ഇന്ത്യയില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യം നിഷ്‌കര്‍ഷിച്ച യാത്രാ നിബന്ധനകള്‍ പൂര്‍ത്തിയാക്കി, അധികൃതരില്‍ നിന്ന് യാത്രാനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പാടുള്ളൂവെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. കുവൈത്ത് അംഗീകരിച്ച വാക്‌സീന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും സാധുവായ താമസ വിസയുള്ളവര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

കുവൈത്തിലേക്ക് തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്ത 18,000 പ്രവാസികളുടെ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചതായും, പതിനായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ നിരസിച്ചതായും, രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം 73,000 ത്തോളം ആയതായും ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ വാക്സീനുകള്‍ സ്വീകരിച്ച ഭൂരിഭാഗം പേര്‍ക്കും ഇതുവരെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഈ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാര്‍. ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് മറ്റുള്ള രാജ്യങ്ങള്‍ വഴി 13 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്തു വരുന്നതിന് 250 കുവൈത്തി ദിനാര്‍ മുതല്‍ 500 വരെയാണ് നിരക്ക് ഈടാക്കുന്നത്.