Connect with us

Editorial

പുതിയ കുടിയേറ്റ നിയമം പ്രവാസികള്‍ക്ക് പരിരക്ഷയാകണം

Published

|

Last Updated

ഒരു വികസ്വര രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് രാജ്യത്തിന് പുറത്തു നിന്നുള്ള സാമ്പത്തിക ഒഴുക്ക് അനിവാര്യമാണ്. കയറ്റുമതിയിലൂടെയും നിക്ഷേപ സമാഹരണത്തിലൂടെയും ഇത് സാധ്യമാക്കാമെങ്കിലും പെട്രോളിയം ഉത്പന്നങ്ങള്‍ക്കടക്കം ഇറക്കുമതിയെ ആശ്രയിക്കുന്ന നമ്മുടെ വ്യാപാര മിച്ചം അനുകൂലമാകാറില്ല. വിദേശ മൂലധനത്തിന്റെ വരവാകട്ടെ, വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിട്ടും, ഇന്നും പ്രതീക്ഷക്കൊത്ത് ഉയരുന്നുമില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്താന്‍ ആശ്രയിക്കാവുന്നത് നമ്മുടെ മാനവവിഭവ ശേഷിയെയാണ്. ആ നിലക്ക് നോക്കുമ്പോള്‍ പ്രവാസി സമൂഹം ഇന്ത്യന്‍ സമ്പദ്്വ്യവസ്ഥയുടെ അതിജീവന ശക്തിയാണെന്ന് പറയാനാകും. കേരളത്തിലേക്ക് വന്നാല്‍ ഈ സത്യം കൂടുതല്‍ തെളിമയോടെ ദൃശ്യമാകും. എന്നാല്‍, നിയമപരമായ സങ്കീര്‍ണതകളില്‍ അകപ്പെടുമ്പോഴും തൊഴില്‍ നഷ്ടത്തില്‍ നട്ടം തിരിയുമ്പോഴും മാതൃരാജ്യം നയതന്ത്രതലത്തിലും വിദേശ നയത്തിന്റെ മേഖലയിലും പ്രവാസികള്‍ക്ക് കൈത്താങ്ങാകുന്നതില്‍ പൂര്‍ണമായി വിജയിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. മറ്റ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന പരിരക്ഷ കണക്കിലെടുക്കുമ്പോള്‍ ഇത് വ്യക്തമാകും.

ഈ കുറവ് നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുടിയേറ്റ നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. എമിഗ്രേഷന്‍ ബില്‍ 2021ന്റെ കരട് സര്‍ക്കാര്‍ പുറത്തിറക്കിക്കഴിഞ്ഞു. ഈ ബില്‍ നിയമമാകുന്നതോടെ 1983ലെ എമിഗ്രേഷന്‍ ആക്ട് കാലഹരണപ്പെടും. കരട് ബില്ലില്‍ പല കോണില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഏതായാലും കാലാനുസൃതമായി നിയമവും ചട്ടവും നടപടിക്രമങ്ങളും പരിഷ്‌കരിക്കാനുള്ള നീക്കം തികച്ചും സ്വാഗതാര്‍ഹമാണ്. ബില്ലിന് അന്തിമ രൂപം നല്‍കുന്നത് പ്രവാസ ലോകത്തു നിന്നുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാകണം.

പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും മൂന്ന് സമിതികള്‍ രൂപവത്കരിക്കണമെന്നത് കരട് ബില്ലിലെ ശ്രദ്ധേയ നിര്‍ദേശമാണ്. ഇന്‍ഷ്വറന്‍സ്, നൈപുണ്യ വികസന പരിശീലനം, പുറപ്പെടുന്നതിന് മുമ്പുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ എന്നിവ ഉള്‍പ്പെടെ കുടിയേറ്റക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിനുള്ള ബ്യൂറോ ഓഫ് എമിഗ്രേഷന്‍ പോളിസി ആണ് ഇതില്‍ ആദ്യത്തേത്.

കരിമ്പട്ടികയില്‍ പെടുത്തിയ വിദേശ തൊഴിലുടമകള്‍, മോശം ട്രാക്ക് റെക്കോര്‍ഡുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കുകയാണ് രണ്ടാമത്തെ സമിതിയുടെ പ്രധാന ദൗത്യം. നിയമന നടപടികളിലെ ക്രമക്കേട്, വിസ ദുരുപയോഗം എന്നിവ തടയുക, പ്രോസിക്യൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോഡല്‍ അധികാരികളെ ഉപദേശിക്കുക, ഇന്ത്യയിലും വിദേശത്തും ഹെൽപ് ഡെസ്‌കുകള്‍ ആവശ്യമുള്ളിടത്ത് സ്ഥാപിക്കുക, കുടിയേറ്റ അവബോധ പരിപാടികള്‍ ഏറ്റെടുക്കുക, ഇന്ത്യയിലേക്ക് മടങ്ങിയ കുടിയേറ്റക്കാരെ സഹായിക്കുക തുടങ്ങിയ അനുബന്ധ ദൗത്യങ്ങളിലും ഈ സമിതി ഏര്‍പ്പെടും. മടങ്ങിയെത്തിയവരുടെ ഡാറ്റാബേസ് സൂക്ഷിക്കുക, അവരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുക, കുടിയേറ്റ അവബോധം സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് മൂന്നാമത്തെ സമിതി പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ കുടിയേറ്റക്കാരുള്ള രാജ്യങ്ങളില്‍ അവരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്നതിനും പരിഹാര നടപടികള്‍ ഏകോപിപ്പിക്കുന്നതിനും ഇന്ത്യന്‍ എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് കുടിയേറ്റ ക്ഷേമ സമിതി രൂപവത്കരിക്കണമെന്ന വ്യവസ്ഥയും ശ്രദ്ധേയമാണ്.
അനധികൃത റിക്രൂട്ട്‌മെന്റ് തടയുന്നതിന്, കടുത്ത ശിക്ഷയാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിയമം കാര്‍ക്കശമാകുമ്പോള്‍ നിരവധി നൂലാമാലകളും ഉടലെടുക്കും. ഇത് വിദേശത്തേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് പല സ്‌പോണ്‍സര്‍മാരെയും പിന്നോട്ട് വലിച്ചേക്കാം. ഇത് പലരുടെയും അവസരം നഷ്ടപ്പെടുത്തും. ഈ സാഹചര്യം ഒഴിവാക്കണം. കല്ലും നെല്ലും കൃത്യമായി വേര്‍തിരിക്കണം. പ്രവാസികളുടെ കണക്കെടുപ്പ് നടത്തുമ്പോള്‍ വിവരങ്ങളുടെ സൂക്ഷിപ്പ് സംബന്ധമായ കൃത്യവും സ്പഷ്ടവുമായ മാര്‍ഗരേഖ രൂപപ്പെടണം. വിവരങ്ങള്‍ ചോരാതെ നോക്കേണ്ടതുമുണ്ട്. നയരൂപവത്കരണ പ്രക്രിയയില്‍ കൂടുതല്‍ പ്രവാസികളുള്ള രാഷ്ട്രങ്ങളിലെ പ്രതിനിധികളെയും ജനപ്രതിനിധികളെയും പ്രവാസി സംഘടനാ പ്രതിനിധികളെയും മുന്‍ അംബാസഡര്‍മാരെയും പങ്കാളികളാക്കണം. ഉദ്യോഗസ്ഥതലത്തില്‍ അത് ഒതുങ്ങരുത്.

പ്രവാസി കുടിയേറ്റ നയം സമഗ്രമാകണമെങ്കില്‍ വിവിധ മേഖലകളെ പ്രത്യേകമായി കണ്ട് നിയമനിര്‍മാണം ആവശ്യമായി വരും. എല്ലാ രാജ്യങ്ങളുടെയും തൊഴില്‍ നിയമങ്ങള്‍ ഒരുപോലെയല്ല. ഗള്‍ഫ്, അമേരിക്ക, യൂറോപ്പ് എന്നിവ വ്യത്യസ്തമായ രീതികളാണ് പിന്തുടരുന്നത്. അതിനാല്‍ ആ മേഖലകളെ പ്രത്യേകമായി കണ്ടാകണം നയരൂപവത്കരണം നടത്തേണ്ടത്. പ്രവാസികളില്‍ മഹാഭൂരിപക്ഷവും തൊഴിലെടുക്കുന്ന പശ്ചിമേഷ്യക്ക് പ്രത്യേക പോളിസി ആവശ്യമാണ്. ഈ നിയമം ഫലപ്രദമാകണമെങ്കില്‍ വോട്ടവകാശമടക്കമുള്ളവയില്‍ നിയമപരിരക്ഷ ഉണ്ടാകേണ്ടതുണ്ട്. കൊവിഡ് പോലെയുള്ള ദുരന്തങ്ങളില്‍ പെട്ട് മരണം സംഭവിക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം ലഭ്യമാകാനും നിയമത്തില്‍ വ്യവസ്ഥ വേണം. നിര്‍ബന്ധിതാവസ്ഥയില്‍ സ്‌പോണ്‍സറില്‍ നിന്ന് രക്ഷപ്പെട്ടു വരുന്ന പ്രവാസിക്കും നിയമത്തിന്റെ ആനുകൂല്യം ലഭ്യമാകണം. വളരെ ഗൗരവമേറിയതാണ് സ്ത്രീ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍. അവര്‍ ചതിക്കപ്പെടാതിരിക്കാനും ചൂഷണം ചെയ്യപ്പെടാതിരിക്കാനും പ്രത്യേക നിയമ രക്ഷാകവചം ഉണ്ടാകേണ്ടതുണ്ട്. നിലവില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അവ ശരിയായി ഏകോപിപ്പിക്കുമ്പോള്‍ മാത്രമേ പ്രശ്‌നങ്ങളെ യഥാവിധി കൈകാര്യം ചെയ്യാന്‍ സാധിക്കൂ. നിയമമില്ലാത്തതല്ല, അത് നടപ്പാക്കാത്തതാണല്ലോ പലപ്പോഴും പ്രശ്‌നം. ഈ ഗതി കുടിയേറ്റ നിയമത്തിന് വരരുത്. സമഗ്രമായ നിയമവും ജാഗ്രതയോടെയുള്ള ഇടപെടലുമാണ് പ്രവാസി സമൂഹം ആഗ്രഹിക്കുന്നത്.

Latest